ADVERTISEMENT

കീവ്∙ റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിനുനേർക്കു യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻതോതിൽ മിസൈൽ ആക്രമണം അഴിച്ചുവിട്ട് റഷ്യ തിരിച്ചടിച്ചു. ഇതിൽ നിരവധി യുക്രെയ്ൻ പൗരന്മാർ കൊല്ലപ്പെട്ടു. റഷ്യയ്ക്കു നേർക്കുണ്ടായ ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും ആണവായുധം ഉൾപ്പെടെ വഹിക്കാവുന്ന ബോംബർ വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഒൻപതു മാസം നീണ്ട യുദ്ധം മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്നുമാണു റിപ്പോർട്ടുകൾ.

സ്വന്തം അധീനതയിലുള്ള പ്രദേശങ്ങൾ സംരക്ഷിക്കാൻ എല്ലാ മാർഗവും പയറ്റുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഭീഷണി മുഴക്കി. അണ്വായുധ ഭീഷണിയും ഇതിൽ ഉൾപ്പെടുന്നുവെന്നു വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു. ശീതകാലം വരുന്നതിനു മുന്നോടിയായി യുക്രെയ്നുമേൽ അതിശക്തമായ പ്രഹരം ഏൽപ്പിക്കാനുള്ള റഷ്യൻ തീരുമാനമാണ് മിസൈൽ പേമാരി കൊണ്ട് ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.

അതേസമയം, 70ൽ 60 മിസൈലുകളും തകർത്തുവെന്ന് യുക്രെയ്ൻ വ്യോമ സേന അറിയിച്ചു. പിന്നാലെതന്നെ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. തകർത്ത ഓരോ മിസൈലും ഭീകരവാദത്തെ തകർക്കാൻ കഴിയുമെന്നതിന്റെ പ്രതികരണമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

കാസ്പിയൻ കടലിലെ കപ്പലുകളിൽനിന്നും റോസ്തോവ് മേഖലയിൽനിന്നും 38 ക്രൂസ് മിസൈലുകളും റഷ്യയുടെ കരിങ്കടൽ സേനയിൽനിന്ന് 22 കലിബർ ക്രൂസ് മിസൈലുകളുമാണു വിക്ഷേപിച്ചതെന്ന് യുക്രെയ്ൻ പറയുന്നു. ദീർഘദൂര ബോംബർ വിമാനങ്ങളും യുദ്ധ വിമാനങ്ങളും ഗൈഡഡ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു.

പിടിച്ചെടുത്ത ക്രൈമിയയും റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം ഒക്ടോബർ 8ന് ബോംബ് സ്ഫോടനത്തിൽ തകർത്തിരുന്നു. ഇതിനുപിന്നാലെ പലവട്ടം യുക്രെയ്നുമേൽ റഷ്യ ബോംബ് വർഷിച്ചിട്ടുണ്ട്. ഈ പാലം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ ഇതുവഴി പുട്ടിൻ കാർ ഓടിച്ചു പോകുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. 2014ലാണ് ക്രൈമിയ റഷ്യ പിടിച്ചെടുത്തത്. 2018ൽ അവിടേക്ക് 19 കി.മീ. നീളമുള്ള പാലം പുട്ടിൻ നേരിട്ടുവന്നാണ് തുറന്നുകൊടുത്തത്.

English Summary: Russia claims Kyiv hit its air bases, fires more missiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com