ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനാ ചുമതലകളുള്ള ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണഘടനയിൽ പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് സർക്കാർ. ഗവർണർ പദവിയെ വിവാദങ്ങളിലേക്കോ പൊതു വിമർശനങ്ങളിലേക്കോ വിധേയമാക്കുന്ന സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലാത്തതിനാലാണ് അദ്ദേഹത്തെ ചാൻസലർ പദവിയിൽ മാറ്റാൻ നിയമനിർമാണം കൊണ്ടുവരുന്നത്.  ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന 2022ലെ സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യ കാരണങ്ങളുടെ വിവരണത്തിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മദൻ മോഹൻ പുഞ്ചി കമ്മിഷൻ ശുപാർശയുടെ ചുവടുപിടിച്ചാണ് നിയമ ഭേദഗതി. 

സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഭരണനിർവഹണത്തിൽ ഗവർണറുടെ സ്ഥാനവും സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ചുമതലയും പുഞ്ചി കമ്മിഷൻ പരിശോധിച്ചിരുന്നു. ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ ന്യായമായും നിഷ്പക്ഷമായും നിർവഹിക്കാൻ ഭരണഘടന വിഭാവനം ചെയ്തിട്ടില്ലാത്തതും ഗവർണർ പദവിയെ വിവാദങ്ങളിലേക്കും പൊതുവിമർശനങ്ങളിലേക്കും വിധേയമാക്കുന്നതുമായ സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.  

ഗവർണർക്ക് ഏതെങ്കിലും സ്റ്റാറ്റ്യൂട്ട്  പ്രകാരം സാധാരണ രീതിയിലുള്ള ചുമതലകൾ നൽകരുതെന്നും കമ്മിഷൻ നിരീക്ഷിച്ചിട്ടുണ്ട്. പകരം അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരായി നിയമിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രഗൽഭരും പ്രശസ്തരുമായ വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. വൈസ് ചാൻസലറുടെ ഔദ്യോഗിക സ്ഥാനത്തിന് താൽകാലികമായി ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് എല്ലാ സർവകലാശാല നിയമങ്ങളിലും സമാന വ്യവസ്ഥകൾ കൊണ്ടുവരും.  അതിനു വേണ്ടിയാണ് സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതെന്നും ബില്ലിൽ വ്യക്തമാക്കുന്നു. 

പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണൻ അല്ലെങ്കിൽ ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, നിയമം, പൊതുഭരണം, എന്നീ മേഖലയിൽ പ്രാഗല്ഭ്യമുള്ളവരെയാണ് ചാൻസലർ ആയി നിയമിക്കേണ്ടത്. അഞ്ചുവർഷത്തേക്കാകും ചാൻസലറുടെ നിയമനം. ചാൻസലറായി നിയമിക്കപ്പെടുന്ന ഒരാൾക്ക് ഒരുതവണകൂടി പുനർ നിയമനത്തിന് അർഹത ഉണ്ടായിരിക്കും. ചാൻസലർ പദവിക്ക് പ്രതിഫലം നൽകില്ല. സർവകലാശാല ആസ്ഥാനത്താകും ചാൻസലറുടെ ഓഫിസ്.

സർക്കാരിനെ മുൻകൂട്ടി അറിയിച്ച ശേഷം ചാൻസലർക്ക് ജോലി രാജിവയ്ക്കാം. ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിനുമേലുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും കുറ്റങ്ങൾ തെളിഞ്ഞാലോ സർക്കാരിന് ഉത്തരവ് വഴി ചാൻസലറെ നീക്കം ചെയ്യാം. എന്നാൽ ഇതിനു മുൻപ് സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുൻ ജഡ്ജി നടത്തുന്ന അന്വേഷണം അനിവാര്യമാണ്.

വൈസ് ചാൻസലർ സ്ഥാനത്ത് ഒഴിവു ഉണ്ടാകുമ്പോൾ പുതിയ വൈസ് ചാൻസലർ ചുമതല ഏറ്റെടുക്കും വരെ പ്രോ വൈസ് ചാൻസലർക്ക് വൈസ് ചാൻസലറുടെ ചുമതല നൽകും. മറ്റേതെങ്കിലും സർവകലാശാലയുടെ വൈസ് ചാൻസലർക്കും ചുമതല നൽകാവുന്നതാണെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

English Summary: University act amendment bill in Kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com