ADVERTISEMENT

പുണെ∙ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തിലേക്കു ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന (ഷിന്‍ഡെ) - ബിജെപി സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കിയിരുന്നു.

അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലേക്കുള്ള എംഎസ്ആര്‍ടിസി ബസ് സര്‍വീസ് മഹാരാഷ്ട്ര നിര്‍ത്തിവച്ചു. കര്‍ണാടകയില്‍ വച്ച് ബസുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ വച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള 6 ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

ദശകങ്ങൾ പഴക്കമുള്ള അതിർത്തിത്തർക്കം വീണ്ടും ഉയർന്നു വരുന്നതിനിടയിലാണ് പുതിയ ആവശ്യവും ഇരു സംസ്ഥാനങ്ങൾക്കിടയിൽ വന്നത്. കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുർ കലക്ടർക്ക് തങ്ങളുടെ ആവശ്യം എഴുതി സമർപ്പിച്ചത്.

മികച്ച റോഡുകളോ വൈദ്യുതിയോ വെള്ളമോ ഈ മേഖലകളിൽ ലഭിക്കുന്നില്ലെന്നാണു ഇവിടുത്തുകാരുടെ പരാതി. ‘‘ഗ്രാമത്തിലേക്കു ശരിയായ റോഡ് ഇല്ലാത്തതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കോ അധ്യാപകർക്കോ ഇവിടേക്ക് എത്താനാകുന്നില്ല. വിദ്യാഭ്യാസത്തിനും മറ്റുമായി യുവജനങ്ങൾക്കു പുറത്തുപോകാനാകുന്നില്ല. സാങ്കേതികവിദ്യ എത്താത്തതിനാൽ മറ്റു ജോലികളും ചെയ്യാനാകുന്നില്ല’’ – ആളഗി ഗ്രാമത്തിന്റെ സർപ്പഞ്ച് സഗുണാബായ് ഹത്തുരെ പറഞ്ഞു.

അയൽസംസ്ഥാനമായ കർണാടകയിലെ പ്രദേശങ്ങളിൽ മികച്ച റോഡും ആവശ്യത്തിന് വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആളഗി ഗ്രാമത്തിലെ മഹന്തേഷ് ഹത്തുരെ പറഞ്ഞു. ‘‘കർണാടകയോട് ഞങ്ങൾക്ക് പ്രത്യേക താൽപര്യം ഒന്നുമില്ല. എന്നാൽ എത്രനാളാണ് ഈ അനീതി സഹിച്ചുകൊണ്ടിരിക്കുക. ഇപ്പോൾ 75 വർഷമായി’’ – ഹില്ലി ഗ്രാമത്തിലെ സർപ്പഞ്ച് അപ്പാസാഹബ് ഷത്ഗർ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളുടെയും കൈവശമുള്ള സ്ഥലങ്ങളിൽ പരസ്പരം അവകാശവാദങ്ങൾ കർണാടകയും മഹാരാഷ്ട്രയും ഉന്നയിക്കുന്നുണ്ട്. ജാട്ട് താലുക്ക്, അക്കലോട്ടിലെയും സോലാപുരിലെയും ചില കന്നഡ സംസാരിക്കുന്ന മേഖലകള്‍ തുടങ്ങിയവയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അവകാശവാദം ഉന്നയിച്ചിരുന്നു.

English Summary: 11 Maharashtra Villages Seek Merger With Karnataka Over Basic Facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com