ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. പൊക്കിള്‍ക്കൊടി പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്. സിസേറിയന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനത്തില്‍ താഴെയായിരുന്നു. പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയിലായിരുന്നു അപര്‍ണയെന്നും ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം പറഞ്ഞു. 

ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം 

അപര്‍ണ എന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച വേദനയുണ്ടാകുകയും ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച നാലുമണിക്ക് പൊക്കിള്‍ക്കൊടി പ്രൊലാപ്സ് ചെയ്ത് പുറത്തുവന്നതുകൊണ്ട് അ‌ടിയന്തരമായി സിസേറിയന്‍ ചെയ്യുകയാണ് ഉണ്ടായത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ചെയ്ത ശസ്ത്രക്രിയയാണ്. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് 20ൽ താഴെ മാത്രമായിരുന്നു. ഉ‌ടന്‍ കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ജീവന്‍രക്ഷാകാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ കുട്ടി അപ്പോള്‍ത്തന്നെ മരണപ്പെട്ടു. ഓപ്പറേഷന്‍ സമയത്ത് അമ്മയുടെ ബിപി വളരെ താഴ്ന്നതായിരുന്നു. കാര്‍ഡിയോളജി ‍ഡോക്ടര്‍മാർ പരിശോധിച്ചപ്പോള്‍ ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഉ‌ടന്‍ പെൺകുട്ടിയെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. പമ്പിങ് കൂട്ടാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമുള്ള മരുന്ന് കൊടുക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ നാലുമണിയോടെ അപര്‍ണയും മരണപ്പെട്ടു.

ചികില്‍സാപ്പിഴവെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ എന്താണ് പ്രതികരണം ? 

അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ സിറ്റിങ് രാവിലെ 11 മണിക്ക് ആരംഭിച്ചു. അതിനുപുറമേ ആശുപത്രി ആഭ്യന്തര അന്വേഷണസമിതി രൂപീകരിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഷാരിജ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജി കുമാര്‍ എന്നിവരടങ്ങിയ ‌ടീമാണ് അന്വേഷിക്കുന്നത്. അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമേ ചികില്‍സാപ്പിഴവുണ്ടോ എന്ന് പറയാന്‍ കഴിയൂ. 

കുട്ടിയെ പരിശോധിക്കുകയും സര്‍ജറി നടത്തുകയും ചെയ്ത ഡോക്ടര്‍മാര്‍ ആരൊക്കെയായിരുന്നു? 

ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് സര്‍ജറി നടത്തിയത്. ഡോ. തങ്കു കോശിയു‌ടെ നേതൃത്വത്തിലുള്ള ടീമിനായിരുന്നു ചുമതല. 

ആ സമയത്ത് ടീം ലീഡറായ ഡോക്ടര്‍ ഉണ്ടായിരുന്നോ? 

ഉണ്ടായിരുന്നുവെന്നാണ് നമുക്ക് കിട്ടിയ പ്രാഥമിക വിവരം. 

ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതില്‍ വസ്തുതയുണ്ടോ? 

അതിനെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായശേഷമേ പ്രതികരിക്കാന്‍ കഴിയൂ.

ബന്ധുക്കളെ യഥാസമയം വിവരങ്ങള്‍ അറിയിച്ചില്ലെന്ന് പരാതിയുണ്ട്. കുഞ്ഞ് മരിച്ചതിനൊപ്പം അമ്മയും മരിച്ചിരിക്കാം എന്നുപോലും അവര്‍ പറയുന്നുണ്ട്? 

ഇല്ല. ഞാനൊരു കാര്‍ഡിയോളജിസ്റ്റാണ്. ഞാനും അപര്‍ണയെ കണ്ടിരുന്നു. ഐസിയുവില്‍ അര്‍ധരാത്രി 12 മണി വരെ ഞാന്‍ ഉണ്ടായിരുന്നു. ആ ആരോപണം തെറ്റാണ്. അപര്‍ണയ്ക്ക് ബിപി കുറവായിരുന്നു എന്നുമാത്രമേയുള്ളു. കാര്‍ഡിയോളജി ഐസിയുവില്‍ ഞാനാണ് അപര്‍ണയെ കണ്ടത്. 

സിസേറിയന്‍ വേണമെന്ന് തീരുമാനിച്ചത് ഏത് ഘട്ടത്തിലാണ്? 

അ‌ടിയന്തരമായി സിസേറിയന്‍ വേണമെന്ന് തീരുമാനിച്ചത് പൊക്കിള്‍ക്കൊടി പുറത്തുവന്ന ശേഷമാണ്. കോര്‍ഡ് പ്രൊലാപ്സ് ഒരു ഗൈനക് എമര്‍ജന്‍സിയാണ്. അടിയന്തരമായി കുട്ടിയെ രക്ഷപ്പെടുത്തണമെങ്കില്‍ സിസേറിയന്‍ ചെയ്യണം. 

ഹൃദയസംബന്ധമായ തകരാറിലേക്ക് അമ്മ പോകാന്‍ തക്ക എന്തെങ്കിലും പ്രശ്നങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നോ? 

കാര്‍ഡിയോളജിസ്റ്റ് എന്ന നിലയില്‍ പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥ പ്രസവത്തോടനുബന്ധിച്ചാണ് കണ്ടുപിടിക്കുന്നത്. പ്രസവം കഴിയുമ്പോള്‍ ശ്വാസംമുട്ടല്‍ ഉണ്ടായാല്‍ എക്കോകാര്‍ഡിയോഗ്രാം ചെയ്യും അപ്പോഴാണ് ഇത് കണ്ടുപിടിക്കുന്നത്. 24 മണിക്കൂറിനിടയില്‍ത്തന്നെ വളരെ അക്യൂട്ട് ആയി ഈ അസുഖം വരാറുണ്ട്. ഗര്‍ഭധാരണത്തോടനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ഹൃദയത്തിന്റെ വികാസം ഉണ്ടാകുകയും പമ്പിങ് കുറയുകയും ചെയ്യും. സാധാരണഗതിയില്‍ നമ്മളൊക്കെ 65 മുതല്‍ 85 ശതമാനം വരെ പമ്പിങ് ഉള്ള ആളുകളാണ്. എങ്കില്‍ മാത്രമേ നമുക്ക് ശ്വാസംമുട്ടാതെ നടക്കാന്‍ പറ്റൂ. അപര്‍ണയ്ക്ക് പമ്പിങ് 20 ശതമാനത്തില്‍ താഴെയായിരുന്നു. ഈ അവസ്ഥയില്‍ ശ്വാസംമുട്ടല്‍ ഉണ്ടാകും. ശ്വാസകോശത്തില്‍ വെള്ളം കെട്ടി ഹൃദയത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ചുപോകാന്‍ സാധ്യതയുണ്ട്.

കുഞ്ഞിന്റെ അവസ്ഥ എന്തായിരുന്നു? 

കുഞ്ഞിനെ ആസമയത്ത് ഞാന്‍ കണ്ടിട്ടില്ല. പീഡിയാട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെയായിരുന്നു. 

ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലേ? 

അക്കാര്യം അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ. ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് 48 മണിക്കൂറിനകം ലഭിക്കും. 

കൈനകരി സ്വദേശി രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. ചികിൽസാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണസമിതിയെ നിയോഗിച്ചത്. 

English Summary: Alappuzha medical college hospital superintendent on newborn and mother death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com