ഗവർണറെ പൂട്ടാൻ ദേശീയതലത്തിലും പ്ലാൻ; ‘കത്തില്‍ കുത്തി’ നീക്കം ശക്തമാക്കി സിപിഎം

arif-mohammed-khan-media
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിത്രം : മനോരമ
SHARE

തിരുവനന്തപുരം∙ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങി സിപിഎം. ഗവർണറുടെ നടപടികൾ തുറന്നു കാട്ടുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ എംപി എ.എം.ആരിഫ് ഗവർണറെ തിരികെ വിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ആരിഫ് നോട്ടിസിൽ ചൂണ്ടിക്കാട്ടി. ഗവര്‍ണർ പരസ്യമായി സർക്കാരിനെ വെല്ലുവിളിക്കുന്നു. ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ കത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനത്തെ ഗവർണർ തകർക്കുകയാണെന്നും നോട്ടിസിൽ ആരിഫ് വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ കേസ് ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി ആക്ഷേപം ഉന്നയിച്ചതിലൂടെ ശക്തമായ രാഷ്ട്രീയ വിമർശനമാണ് സിപിഎം ലക്ഷ്യമിടുന്നത്. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപി പ്രമേയ നോട്ടിസ് നൽകുന്നത് അപൂർവമാണ്. വിവിധ സംസ്ഥാനങ്ങൾ ബിജെപി നിയമിച്ച ഗവർണർമാരുടെ നിലപാടിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമ്പോൾ കേരളത്തിന്റെ ശബ്ദവും ദേശീയതലത്തിൽ ഉയർത്തിക്കാട്ടാനാണ് സിപിഎം ശ്രമം.

ബിജെപി നേതാക്കൾ നിവേദനം നൽകിയതിനെ തുടർന്ന് 2021 ജൂൺ പത്തിനാണ് ഗവർണർ മുഖ്യമന്ത്രിക്കു കത്തെഴുതിയത്. സുപ്രീംകോടതി വിധികളെ മറികടന്ന് പൊലീസിനെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ബിജെപി നേതാക്കൾ നിവേദനത്തിൽ വ്യക്തമാക്കുന്നതായി ഗവർണർ കത്തിൽ പറയുന്നു. ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച് ബിജെപി നേതാക്കളെ താറടിച്ചു കാണിക്കാൻ നീക്കം നടക്കുന്നതായാണ് നിവേദനത്തിൽ പറയുന്നത്. അതിനെതിരെ അടിയന്തര നടപടികൾ വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഉചിതമായ പരിഗണനയ്ക്കായി നിവേദനത്തിന്റെ പകർപ്പ് അയയ്ക്കുന്നതായും ഗവർണർ കത്തിൽ വ്യക്തമാക്കി. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസം മുൻപാണ് കത്ത് പുറത്തായത്. നിവേദനം കിട്ടിയാൽ അത് കൈമാറുന്നത് സാധാരണ നടപടി മാത്രമാണെന്ന് രാജ്ഭവൻ പറയുന്നു. എന്നാൽ, ഏതു കത്തു ലഭിച്ചാലും അത് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കൈമാറുന്നത് ഗവർണർ പദവിക്കു ചേർന്നതല്ലെന്നു സിപിഎം വിമർശിക്കുന്നു. 

ഏതു കത്തുകിട്ടിയാലും സർക്കാരിന് അയയ്ക്കാൻ രാജ്ഭവൻ പോസ്റ്റ് ഓഫിസാണോ എന്നായിരുന്നു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. പാർട്ടി ആസ്ഥാനത്തേക്ക് നൂറു കണക്കിനു നിവേദങ്ങൾ വരാറുണ്ടെന്നും അതെല്ലാം പരിശോധന കൂടാതെ അപ്പാടെ സർക്കാരിലേക്ക് അയയ്ക്കുന്ന പതിവില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

2021 ജൂൺ 9നാണ് ബിജെപി നേതാക്കൾ ഗവർണർക്ക് കത്തു നൽകിയത്. കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കളെ ലക്ഷ്യം വച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് നിവേദത്തിൽ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ബിജെപി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം തുടർച്ചയായി ഉന്നയിച്ചതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ സിപിഎമ്മുമായി ബന്ധമുള്ളവരാണ്. പ്രത്യേക സംഘം രൂപീകരിച്ചതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിനു പകരം ബിജെപി നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാന വ്യാപകമായി ചോദ്യം ചെയ്യുകയും അവഹേളിക്കുകയുമാണ്. ബിജെപി അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണമാണെന്ന തെറ്റായ ചിത്രമാണ് പ്രത്യക അന്വേഷണ സംഘം മാധ്യമങ്ങൾക്കു നൽകുന്നത്. അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണ്. ബിജെപി സംസ്ഥാന പ്രസിഡന്റിനെയും കുടുംബത്തെയും അവഹേളിക്കാനും പ്രത്യേക സംഘം ശ്രമിക്കുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശം നൽകിയ സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുടെ പേരിലും കേസ് എടുത്തിട്ടുണ്ടെന്നു നിവേദനത്തിൽ പറയുന്നു. സ്വമേധയാ പിൻവലിക്കുകയാണെന്നാണ് സ്ഥാനാർഥി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ കേസിലും ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളുടെ സമയത്തും ബിജെപി പ്രസിഡന്റിനെ ലക്ഷ്യമിട്ടാണ് സർക്കാർ നീങ്ങിയതെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരാണ് ഗവർണർക്കു നിവേദനം നൽകിയത്.

English Summary: CPM and Kerala government against governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS