ADVERTISEMENT

ലക്നൗ ∙ സിനിമാക്കഥകളെ വെല്ലുന്ന സംഭവവികാസത്തിൽ, ‘കൊല്ലപ്പെട്ട’ പെൺകുട്ടിയെ ഏഴു വർഷങ്ങൾക്കു ശേഷം ജീവനോടെ കണ്ടെത്തി; അതും പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്റെ അമ്മ! ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഏഴു വർഷം മുൻപ് അലിഗഡ് ജില്ലയിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു കരുതിയ യുവതിയെയാണ്, കൊലപാതകിയെന്ന് മുദ്ര കുത്തപ്പെട്ട യുവാവിന്റെ അമ്മ ജീവനോടെ കണ്ടെത്തിയത്.

കാണാതായ സമയത്ത് 15 വയസ്സായിരുന്നു യുവതിയുടെ പ്രായം. കൊലയാളിയെന്ന് മുദ്ര കുത്തപ്പെട്ട വിഷ്ണുവിന് പതിനെട്ടും. അടുത്തിടെ ഹത്രസിൽവച്ചാണ് വിഷ്ണുവിന്റെ അമ്മ, കൊല്ലപ്പെട്ടെന്നു കരുതിയ യുവതിയെ ആകസ്മികമായി കണ്ടുമുട്ടിയത്. യുവതിയെ കണ്ട വിവരം വിഷ്ണുവിന്റെ അമ്മ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി, കൊല്ലപ്പെട്ടെന്നു കരുതിയ യുവതിയാണ് ഇതെന്ന് തെളിയിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

പതിനഞ്ചുകാരിയെ കാണാനില്ലെന്ന് വ്യക്തമാക്കി 2015ലാണ് പിതാവ് ഗോണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ആഗ്രയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതയായ പെൺകുട്ടി തന്റെ മകളാണെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. ഇതോടെ, കൊലപാതകക്കുറ്റം കൂടി ചേർത്ത് പൊലീസ് അന്വേഷണം നടത്തി.

തുടർന്ന് പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവെന്ന പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾ ജയിലിലായി. അതേസമയം, മകൻ നിരപരാധിയാണെന്ന് ഉറപ്പുണ്ടായിരുന്ന വിഷ്ണുവിന്റെ അമ്മ, പെൺകുട്ടിയെ കണ്ടെത്താൻ സ്വന്തം നിലയിൽ ശ്രമം നടത്തി. ഇതിനിടെയാണ് ഏഴു വർഷത്തിനൊടുവിൽ ഒരു മത ചടങ്ങിൽ പങ്കെടുക്കാനായി ഹത്രസിലെത്തിയ ഇവർ പെൺകുട്ടിയെ അവിചാരിതമായി കണ്ടുമുട്ടിയത്.

ഇവർ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ്, യുവതിയെ കസ്റ്റഡിയിലെടുത്തു. അലിഗഡിലെ കോടതിയിൽ ഹാജരാക്കിയ യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഇനി യുവതിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ച് അത് മാതാപിതാക്കളുടെ സാംപിളുമായി ഒത്തുനോക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ചാകും അടുത്ത നടപടി തീരുമാനിക്കുക.

English Summary: 'Dead' UP Woman Found Alive By Mother Of Man Accused Of 'Killing' Her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com