ADVERTISEMENT

അഹമ്മദാബാദ് ∙ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ടെന്ന് കലാമണ്ഡലം കൽപിത സർവകലാശാലയുടെ നിയുക്ത ചാന്‍സലര്‍ മല്ലിക സാരാഭായ്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് ഉചിതം. കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചാന്‍സലറാകുന്നത് ഗുണം ചെയ്യും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. കലാമണ്ഡലത്തെക്കുറിച്ച് വള്ളത്തോളിനുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മല്ലിക സാരാഭായ് മനോരമ ന്യൂസിനോട് പറഞ്ഞു.

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളായ മല്ലികയെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി നിയമിച്ചത്. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും പ്രാവീണ്യമുള്ള അവർ നടി, നാടകകൃത്ത്, സംവിധായിക എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സാമൂഹിക ഇടപെടലുകളിലൂടെ ആക്ടിവിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. അഹമ്മദാബാദിൽ മല്ലികയുടെ മേൽനോട്ടത്തിലുള്ള ദർപണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സും പ്രശസ്തമാണ്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുള്ള അവർക്ക് ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ മാറ്റിയതിന്റെ തുടർച്ചയായാണ് മല്ലിക സാരാഭായിയുടെ നിയമനം. ഇതുവരെ സാംസ്കാരിക മന്ത്രി വി.എൻ.വാസവനു താൽക്കാലിക ചുമതല നൽകിയിരിക്കുകയായിരുന്നു. കലാമണ്ഡലത്തിന്റെ ചട്ടങ്ങൾ അനുസരിച്ചും യുജിസിയുമായുള്ള ധാരണപ്രകാരവും മറ്റു സർവകലാശാലാകളിൽനിന്നു വ്യത്യസ്തമായി ഇവിടെ ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണ്.

English Summary: Mallika Sarabhai against politicians' rule at educational institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com