ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയത്തിന്റെ ആവേശത്തിനിടെ, ഉത്തർപ്രദേശിലെ റാംപുർ സദറിൽ തകർപ്പൻ വിജയവുമായി ബിജെപി. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ തട്ടകമായ ഈ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ബിജെപി ആദ്യമായി വിജയക്കൊടി നാട്ടി. ഇവിടെ ബിജെപി സ്ഥാനാർഥി അക്ഷയ സക്സേന, സമാജ്‌വാദി പാർട്ടിക്കായി മത്സരിച്ച അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയെ പരാജയപ്പെടുത്തി. 2002 മുതലിങ്ങോട്ട് അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 – 1993 കാലഘട്ടത്തിലും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ അസം ഖാൻ ഇവിടെ വിജയിച്ചിട്ടുണ്ട്.

അതേസമയം, ഇവിടെ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ തടഞ്ഞതായി സമാജ്‌വാദി പാർട്ടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി മണ്ഡലം ബിജെപി പിടിച്ചെടുത്തത്. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ഉത്തർപ്രദേശിലെ ഖട്ടൗലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടു. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) മദൻ ഭയ്യയാണ് വിജയിച്ചത്. ഉത്തർപ്രദേശിലെ മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ് വിജയിച്ചു. സമാജ്‌വാദി പാർട്ടിയുടെ സിറ്റിങ് സീറ്റാണിത്. ഇവിടെ എംപിയായിരുന്ന സമാജ്‌വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ബിഹാറിലെ കുഡ്നി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറി. ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്ത ജനതാദൾ (യു) സ്ഥാനാർഥി മനോജ് സിങ് ഖുശ്വാഹയെ 3645 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. മഹാസഖ്യത്തിനെതിരെ നേടിയ വിജയം ബിഹാറിൽ ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്.
ആർജെഡിയുടെ സിറ്റിങ് സീറ്റാണ് സഖ്യകക്ഷിയായ ജെഡിയുവിനു വിട്ടു കൊടുത്തത്. ആർജെഡി എംഎൽഎയായിരുന്ന അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തു നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി ആവശ്യപ്പെട്ടു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പോലും തിരഞ്ഞെടുപ്പിൽ വൈകാരിക വിഷയമാക്കാൻ മഹാസഖ്യം ശ്രമിച്ചുവെന്നു സുശീൽ മോദി പരിഹസിച്ചു.

ഒഡീഷയിലെ പദാംപുർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിയുടെ ബർഷ സിങ് ബരീഹ 42,679 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. തോറ്റെങ്കിലും 2019ലെ വോട്ട് വിഹിതം നിലനിർത്താനായത് ബിജെപിക്കു നേട്ടമായി. അതേസമയം, ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച പണം നഷ്ടമായി.

രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അനിൽ കുമാർ ശർമ 26,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി അശോക് കുമാറിനെ പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് എംഎൽഎയായിരുന്ന ഭൻവാർലാൽ ശർമയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് ഇവിടെ ജയിച്ച അനിൽ കുമാർ ശർമ.

ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്‌‌പുരിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സീറ്റ് നിലനിർത്തി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സാവിത്രി മണ്ഡവി, 21171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിലാണ് ഇവിടെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുന്നത്. സിറ്റിങ് എംഎൽഎ മനോജ് സിങ് മണ്ഡവിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

English Summary: Assembly, Lok Sabha Bypoll Results – Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com