ADVERTISEMENT

ഷിംല∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ വിജയിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വിവരം പുറത്തുവിട്ടത്. ബിജെപി 23 സീറ്റിൽ ജയിച്ചു. രണ്ടു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 3 സ്വതന്ത്രരും ജയിച്ചു. 68 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 66 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്. 

എഎപിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല. അതിനിടെ, ജയിച്ച സ്ഥാനാർഥികളെ ഛണ്ഡിഗഡിലേക്ക് മാറ്റുമെന്ന് എഐസിസി നിരീക്ഷകൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ ഛണ്ഡിഗഡിൽ വച്ച് നടത്തും. ബിജെപിയുടെ തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഗവർണർക്ക് രാജിക്കത്ത് നൽകി. 

ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.

നവംബര്‍ 12ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2017ല്‍ 75.6 ശതമാനം ആയിരുന്നു പോളിങ്. ആകെ 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു.

1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത്, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ബിജെപി മത്സരിച്ചത്. എന്നാൽ ഭരണവിരുദ്ധ തരംഗം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ കോൺഗ്രസിനെയാണ് സംസ്ഥാനം തുണച്ചത്. ഏക വ്യക്തി നിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി എന്നിവയുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി മുന്‍നിർത്തി ബിജെപി േവാട്ടുതേടിയപ്പോള്‍, സംസ്ഥാനത്ത് 6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിന്റെ മരണത്തെതുടർന്ന് നേതൃപരമായ പ്രതിസന്ധി നേരിട്ട കോണ്‍ഗ്രസ്, പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കീഴില്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തിയത്. ബിജെപിയെയും കോണ്‍ഗ്രസിനെയും മടുത്തവര്‍ക്കുള്ള ബദൽ എന്നായിരുന്നു കേജ്‌രിവാളിന്റെ നേത‍ൃത്വത്തിലുള്ള എഎപിയുടെ പ്രചാരണം. 

English Summary: Himachal Pradesh Assembly Election Result 2022 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com