ADVERTISEMENT

തിരുവനന്തപുരം∙ വിൽപന നികുതി വര്‍ധിപ്പിക്കുമ്പോൾ 9 ബ്രാൻഡ് മദ്യത്തിനാണ് മദ്യവില കൂടുന്നതെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മദ്യനികുതി വർധിപ്പിക്കാനുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വില കൂടുന്ന ഒൻപത് മദ്യ ബ്രാൻഡുകളിൽ എട്ട് എണ്ണത്തിനും 10 രൂപയാണ് കൂടുന്നത്. ഒരെണ്ണത്തിനാണ് 20 രൂപ കൂടുന്നത്. ബില്ലിനെ പ്രതിപക്ഷം എതിർത്തു. മദ്യക്കമ്പനികൾക്കു വേണ്ടിയാണ് വില വർധിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

247 ശതമാനമുണ്ടായിരുന്ന മദ്യ നികുതി 251 ശതമാനമായാണ് സർക്കാർ വർധിപ്പിച്ചത്. ഡിസ്റ്റലറികൾക്ക് ഈടാക്കിയിരുന്ന 5% ടേൺ ഓവർ ടാക്സ് ഒഴിവാക്കിയപ്പോഴാണ് വിൽപന നികുതി 4 ശതമാനം വർധിപ്പിച്ചത്. ഇതോടെ മദ്യവില 2% വർധിച്ചു. ജനുവരി മുതൽ മദ്യത്തിന്റെ വിലകൂടും.

സംസ്ഥാനത്തെ മദ്യക്കമ്പനികളുടെ ഏറെ നാളായുള്ള ആവശ്യം അനുസരിച്ചാണ് ടേൺ ഓവർ ടാക്സ് സർക്കാർ പിൻവലിച്ചത്. പുറത്തു നിന്നുള്ള മദ്യക്കമ്പനികളിൽനിന്ന് ടേൺ ഓവർ ടാക്സ് ഈടാക്കുന്നില്ല. സ്പിരിന്റെ വില വലിയ രീതിയിൽ വർധിച്ചതിനാൽ ചെറുകിട മദ്യ ഉൽപാദകർ പ്രതിസന്ധിയിലായതും വില കൂട്ടുന്നതിന് ഇടയാക്കി. സ്പിരിറ്റിന്റെ വിലകൂടിയതിനെ തുടർന്ന് 15 ദിവസം മദ്യ വിൽപന കുറഞ്ഞപ്പോൾ 80 കോടി രൂപയുടെ നികുതി നഷ്ടം സംഭവിച്ചതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.

നാലു ശതമാനമാണ് പൊതു വിൽപന നികുതി വർധിപ്പിക്കുന്നതെങ്കിലും, 2 ശതമാനമേ വില വ്യത്യാസം വരൂ. രണ്ടു വർഷമായി മദ്യത്തിനു വില കൂടിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. വില വർധിപ്പിക്കണമെന്നത് മദ്യക്കമ്പനികളുടെ ആവശ്യമാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ 170 കോടി രൂപയാണ് മദ്യക്കമ്പനികളുടെ ലാഭം. വില വർധിപ്പിച്ചാൽ മയക്കുമരുന്നിലേക്കും വില കുറഞ്ഞ ലഹരിയിലേക്കും ജനങ്ങൾ തിരിയുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

ടേണ്‍ ഓവർ ടാക്സ് വർധിപ്പിച്ചതു കൊണ്ട് വിലകുറഞ്ഞ മദ്യത്തിന് വലിയരീതിയിൽ വില കൂടുന്നില്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പരമാവധി മദ്യ വില കൂടുന്നത് 20 രൂപ വരെയാണ്. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വർധിച്ചു. 2017ൽ ഒരു ലീറ്റർ സ്പിരിറ്റിന് 50.84 രൂപ ആയിരുന്നു. നവംബറിൽ 72 രൂപയായി. ചെറുകിട കമ്പനികൾ മദ്യ ഉല്‍പ്പാദനം കുറച്ചതോടെ പ്രതിസന്ധിയുണ്ടായി. തുടർന്ന് സർക്കാർ വിശദമായി ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. പുറത്തുനിന്നു വരുന്ന മദ്യത്തിന് ടേൺ ഓവർ ടാക്സില്ല. ആ വിവേചനവും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി എക്സൈസ് മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മദ്യത്തിന് എക്സ്പോർട്ട് ഡ്യൂട്ടി ഒഴിവാക്കാത്തതെന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. അക്കാര്യം പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

English Summary: Price of nine liquor brands to go up in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com