ADVERTISEMENT

ചെന്നൈ ∙ പുണെയിലെ ഇക്കണോമിക് എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മിച്ച പിഎസ്എല്‍വി എക്സ് എല്‍ വേരിയന്റിനുള്ള ബൂസ്റ്റര്‍ മോട്ടറിന്റെ പരീക്ഷണം വിജയകരമെന്നു ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നടന്ന പരീക്ഷണം തൃപ്തികരമാണെന്ന് ഐഎസ്ആർഒ ട്വീറ്റിലൂടെ അറിയിച്ചു. എന്‍ജിന്റെ പരീക്ഷണം ഇന്നലെയാണു നടന്നത്. ഇതോടെ പിഎസ്എല്‍വിയുടെ ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി സ്വകാര്യ കമ്പനികള്‍ നേടി. ഐഎസ്ആർഒയുടെ എക്കാലത്തെയും വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) നിര്‍മാണം സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിന്റെ തുടക്കമാണു കമ്പനിയുടെ പിഎസ്ഒ എംഎക്സ്എല്‍ മോട്ടര്‍ നിര്‍മാണമെന്നാണു വിലയിരുത്തല്‍. 2019ലാണു മോട്ടറിന്റെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനിക്കു കൈമാറിയത്.

എച്ച്എഎല്‍– എല്‍ ആന്‍ഡ് ടി സംയുക്ത സംരംഭത്തെ പിഎസ്എല്‍വി–എക്സ്എല്‍ റോക്കറ്റ് നിര്‍മിക്കാനായി ഈയിടെ തിരഞ്ഞെടുത്തിരുന്നു. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡാണു നിര്‍ണായക റോക്കറ്റിന്റെ നിര്‍മാണ പങ്കാളികളെ തിരഞ്ഞെടുത്തത്. വാണിജ്യ വിക്ഷേപണങ്ങള്‍ക്കപ്പുറത്ത്, ദേശീയ താല്‍പര്യങ്ങളുള്ള നിരവധി വിക്ഷേപണ ദൗത്യങ്ങളാണു ഐഎസ്ആർഒയ്ക്കു മുന്നിലുള്ളത്. ഇതിനുമാത്രം വിക്ഷേപണ വാഹനങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള ശേഷി നിലവില്‍ ഐഎസ്ആർഒയ്ക്കില്ല. ഓരോ റോക്കറ്റും വിക്ഷേപണത്തറയിലെത്തിക്കണമെങ്കില്‍ മാസങ്ങള്‍ നീണ്ട അധ്വാനം വേണം. ഇക്കാരണത്താല്‍ തന്നെ തുടരെയുള്ള വിക്ഷേപണ ദൗത്യങ്ങള്‍ക്ക് പരിമിതിയുമുണ്ട്. ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണു സാങ്കേതിക വിദ്യ കൈമാറ്റം ചെയ്ത് റോക്കറ്റ് ഘടക നിര്‍മാണം സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

പിഎസ്എല്‍വി അടക്കമുള്ള റോക്കറ്റുകളുടെ നിര്‍ണായക ഘടകങ്ങള്‍ ഇങ്ങനെ നിര്‍മിക്കാനാണു തീരുമാനം. ഇതിന്റെ തുടക്കമാണ് പിഎസ്ഒഎംഎക്സ്എല്‍ മോട്ടര്‍ പുണെയിലെ കമ്പനി നിര്‍മിച്ചത്. എന്നാല്‍ ഏതെല്ലാം ഭാഗങ്ങളുടെ നിര്‍മാണം ഇങ്ങനെ ചെയ്യുമെന്നു വ്യക്തമല്ല. റോക്കറ്റിന്റെ നിര്‍ണായക ഭാഗങ്ങളുടെ നിര്‍മാണവും കാസ്റ്റിങ്ങും പുറം കരാര്‍ നല്‍കുമോയെന്നതു സംബന്ധിച്ചും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നാസ അടക്കമുള്ള നിരവധി വിദേശ ബഹിരാകാശ ഏജന്‍സികള്‍ ഈ രീതി പിന്തുടരുന്നുണ്ട്. റോക്കറ്റ് നിര്‍മാണം പുറംകരാര്‍ നല്‍കുന്നതോടെ ഐഎസ്ആർഒയ്ക്ക് ഗവേഷണത്തിനു കൂടുതല്‍ സമയം കിട്ടും. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ മനുഷ്യ വിഭവ ശേഷി അടക്കം ഉപയോഗപ്പെടുത്താനുമാകും.

English Summary: PSLV-XL rocket motor made by industry passes test: ISRO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com