‘ലഹരി മാഫിയയ്ക്കു രാഷ്ട്രീയ സ്പോൺസർഷിപ്പ്’: പ്രതിപക്ഷബഹളം, സഭ പിരിഞ്ഞു

sabha-satheesan
വി.ഡി.സതീശൻ (Screengrab: Manorama News)
SHARE

തിരുവനന്തപുരം∙ മേപ്പാടി പോളിടെക്നിക്കിലെ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ നിയമസഭയിൽ ഭരണ–പ്രതിപക്ഷ ബഹളം. ബഹളത്തെത്തുടർന്ന് ഇന്നത്തെ നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. മേപ്പാടി കോളജിൽ എസ്എഫ്ഐയുടെ ചുമതലയുള്ള ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. മർദിച്ചത് മുൻ എസ്എഫ്ഐക്കാരാണെന്ന് അപർണ മുരളി മാധ്യമങ്ങളോട് പറ‍ഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. പ്രതിപക്ഷ എംഎൽഎമാരും ബഹളമുണ്ടാക്കിയതോടെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് അപർണയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റ് വായിക്കാനായി എണീറ്റു. പോസ്റ്റ് വായിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. തനിക്കു പ്രസംഗിക്കാനുള്ള സമയം മന്ത്രിക്കു നൽകാനാകില്ലെന്നു വി.ഡി. സതീശൻ നിലപാടെടുത്തു.

23 വർഷത്തിനുശേഷം ആദ്യമായി മേപ്പാടി പോളിടെക്നിക്കിൽ ജയിച്ചതാണ് കെഎസ്‌യു ചെയ്ത തെറ്റെന്നു വി.ഡി.സതീശൻ പറഞ്ഞു. ക്യാംപസിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പ്രിൻസിപ്പൽ പുറത്താക്കി. അക്രമത്തിൽ പരുക്കേറ്റ അപർണ ഗൗരി പറഞ്ഞത് പണ്ട് സജീവ എസ്എഫ്ഐ പ്രവർത്തകരാണ് ലഹരി ഉപയോഗിച്ച് കോളജിലെത്തി പ്രശ്നമുണ്ടാക്കുന്നതെന്നാണ്. ഇതേ പ്രതികളാണ് ക്യാംപസിൽ എംഎസ്എഫിന്റെ കൊടിമരം പിഴുതത്. ആർക്കും അവിടെ പ്രവർത്തന സ്വാതന്ത്ര്യമില്ല. ഒരു മയക്കുമരുന്നു സംഘം ക്യാംപസിലുണ്ട്. കെഎസ്‌യു വിജയിച്ചപ്പോൾ കെഎസ്‌യു പ്രവർത്തകരുടെ തലയിൽ പട്ടികവച്ച് അടിച്ചു. ലഹരി മാഫിയയ്ക്കു രാഷ്ട്രീയ സ്പോൺസർഷിപ്പ് ഉണ്ട്. കൊച്ചിയിൽ സിഐടിയു നേതാവ് ലഹരി മരുന്ന് കേസില്‍ ജയിലിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

മേപ്പാടിയിൽ എസ്എഎഫ്ഐ നേതാവിനെ മർദിച്ചിട്ടും 48 മണിക്കൂർ വാർത്ത ഉണ്ടായില്ലെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അക്രമത്തിൽ ഉൾപ്പെട്ട ആളുകളെ നാട്ടുകാർ തല്ലിയപ്പോഴാണ് വാർത്തകൾ വന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭരണപ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. രാഷ്ട്രീയ സംരക്ഷണം ലഹരി മാഫിയയ്ക്കു ലഭിക്കുന്നുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടിസ് നൽകിയ മാത്യു കുഴൽനാടൻ പറഞ്ഞു. മലയിൻകീഴിലെ ലഹരി ഇടപാടിൽ ഡിവൈഎഫ്ഐ നേതാവാണ് അറസ്റ്റിലായത്. ഭരിക്കുന്ന പാർട്ടിയുടെ യുവ നേതാക്കൾ ലഹരികടത്തിൽ അറസ്റ്റിലാകുമ്പോൾ കടത്തുകാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ  സർക്കാരിനു കഴിയില്ലെന്നു മാത്യു കുഴൽനാടൻ പറഞ്ഞു. 

ലഹരികടത്തുകാർക്ക് പ്രാദേശിക നേതാക്കളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലയിൻകീഴിലെ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ വിഡിയോകൾ കണ്ടെടുത്തു. ആറു വർഷം മുൻ‌പ് ഇയാൾക്കെതിരെ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. ഒരു നടപടിയും പാർട്ടിയിൽനിന്ന് ഉണ്ടായില്ല. അന്ന് നടപടിയെടുത്തിരുന്നെങ്കിൽ പിന്നീട് സ്ത്രീകൾക്കു നേരെ അതിക്രമം ഉണ്ടാകുമായിരുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary: Opposition protests; The assembly adjourned for today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS