വീഴ്ച 150 അടി താഴ്ചയിൽ, 50 അടി വെള്ളം; പുതുജീവിതത്തിലേക്ക് വിനുവും സാന്ദ്രയും

vinu-sandra
കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറം പാറക്കുളത്തിൽ വീണ സാന്ദ്ര എസ്.കുമാറിനെ ചങ്ങാടത്തിൽ കരയിലേക്കെത്തിക്കുന്നു (ഇടത്), വിനു കൃഷ്ണനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചപ്പോൾ (വലത്). ചിത്രം∙ മനോരമ
SHARE

കൊല്ലം∙ വിവാഹത്തലേന്നു ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണ യുവതിയും പ്രതിശ്രുത വരനും സുഖംപ്രാപിക്കുന്നു. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ചാത്തന്നൂർ പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടിൽ സാന്ദ്ര എസ്.കുമാറുമാണ് (19) അപകടത്തിൽപ്പെട്ടത്. ഇരുവരെയും വാർഡിലേക്ക് മാറ്റിയതായി വിനുവിന്റെ ബന്ധു അനന്തു ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.

kollam-sandra
സാന്ദ്ര എസ്.കുമാറിനെ ചങ്ങാടത്തിൽ കരയിലേക്കെത്തിക്കുന്നു. ചിത്രം∙ മനോരമ

‘‘സാന്ദ്രയ്ക്ക് കാലിൽ ചെറിയ പൊട്ടലുണ്ട്. വിനുവിനു കാര്യമായ പരുക്കുകളൊന്നുമില്ല. വീണതിന്റെ ചെറിയ ശാരീരിക അസ്വസ്ഥതകൾ മാത്രമാണുള്ളത്. ഇരുവരെയും വാർഡിലേക്ക് മാറ്റി. ഇരുവരും ക്ഷേത്രത്തിൽ പോയതായിരുന്നു. അവിടെവെച്ച് ഫോട്ടോ എടുക്കുന്ന സമയത്ത് സാന്ദ്ര കാൽതെറ്റി പാറക്കുളത്തിൽ വീണു. ഉടൻതന്നെ വിനു രക്ഷിക്കാനായി പിന്നാലെ ചാടുകയായിരുന്നു. ഇന്ന് ആയിരുന്നു അവരുടെ വിവാഹം. പുതിയ വിവാഹതീയതി തീരുമാനിച്ചിട്ടില്ല.’’– അനന്തു പറഞ്ഞു.

ayiravalli-quary
വിലവൂര്‍കോണം കാട്ടുപുറം പാറക്കുളം. ആകാശ ദൃശ്യം. ചിത്രം :അരവിന്ദ് ബാല ∙മനോരമ

വ്യാഴാഴ്ച പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. 50 അടിയോളം വെള്ളമുള്ള കുളത്തിൽ ഒന്നര മണിക്കൂർ നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പാറക്കുളത്തിൽ സാന്ദ്ര വീണതിനു പിന്നാലെ വിനുവും ചാടി. വസ്ത്രത്തിൽ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തിൽ നാട്ടുകാരെത്തി. പിന്നീട് അഗ്നിശമന സേനയും പൊലീസും ചേർന്നു കരയ്ക്കെത്തിക്കുകയായിരുന്നു. ദുബായിൽ ജോലിയുള്ള വിനു ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്.

∙ ക്വാറി പിന്നെ കുളമായി

കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി വേർതിരിക്കുന്നതാണു കാട്ടുപുറം പാറ. ഒന്നര പതിറ്റാണ്ടു മുൻപു പാറ ഖനനം അവസാനിച്ചതോടെ, ആകാശംമുട്ടെ തലയുയർത്തി നിന്ന പാറയുടെ സ്ഥാനത്ത് അഗാധമായ കുളം രൂപപ്പെട്ടു. കുളത്തിന്റെ ഒരു വശത്തു നൂറ്റിയൻപതോളം അടി ഉയരത്തിൽ അവശേഷിക്കുന്ന പാറക്കെട്ടാണു ജില്ലകളുടെ അതിർത്തി. കാഴ്ചയുടെ സൗന്ദര്യമുണ്ടെങ്കിലും വിജനമായ സ്ഥലമാണിത്. പാറയുടെ താഴ്‌വാരത്താണ് ആയിരവില്ലി ക്ഷേത്രം. പാറയുടെ മുകളിൽ എത്തണമെങ്കിൽ ക്ഷേത്രത്തിനു സമീപത്തു കൂടി തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലൂടെ പോകണം.

ക്ഷേത്രത്തിൽ എത്തുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേർ പാറയുടെ മുകളിലേക്കു പോകാറുണ്ട്. മുകളിലെത്തിയാൽ ചടയമംഗലം ജടായുപ്പാറ, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങി ദൂരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. ഈ കാഴ്ചസൗന്ദര്യം തേടിയാണ് ആളുകളെത്തുന്നത്. പാറയുടെ അരികിൽ എത്തായാൽ താഴ്ചയിൽ പാറക്കുളമാണ്. ആദ്യമായി എത്തുന്നവർ അപകടം തിരിച്ചറിയില്ല. പാറയുടെ മുകളിൽ സുരക്ഷയ്ക്കായി ഇരുവേലി സ്ഥാപിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary: Rescued young woman and her fiance who fell into quarry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS