പകൽ ഉപകാരി, കള്ളനെ പിടിക്കും; രാത്രി മോഷണം, ജാഫറിന് 27 ലക്ഷത്തിന്റെ വീട്

jafar
ജാഫറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ. (Screengrab: Manorama News)
SHARE

പാലക്കാട് ∙ നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ ഞെട്ടലിലാണു നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്.

ആരു വിളിച്ചാലും ഓടിയെത്തും; കള്ളനെയും പിടിക്കും!

എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. അവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്. കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്.

വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്തിയാണ് ഓരോ കവര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നത്. കള്ളന്‍ കയറിയ വീടുകളില്‍ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് എത്തുമ്പോഴും നിര്‍ദേശങ്ങള്‍ നല്‍കി സജീവമാകും. കവര്‍ച്ചയ്ക്ക് കയറിയ വീട്ടിലെ കട്ടിലില്‍ ചവിട്ടിയപ്പോള്‍ സ്വര്‍ണം കിലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അങ്ങനെയാണ് രഹസ്യ അറ തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നതെന്നും തെളിവെടുപ്പിനിടെ ഇയാള്‍ സമ്മതിച്ചു. രഹസ്യ അറയുണ്ടെങ്കിലും നല്ല കള്ളനാണെങ്കില്‍ അതു കണ്ടുപിടിക്കുമെന്ന് ജാഫര്‍ അലി നാട്ടുകാരോട് നേരത്തേ തമാശയായി പറഞ്ഞത് ഇക്കാര്യം മനസ്സിലുള്ളത് കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു.

പിടിക്കില്ലെന്ന് കരുതി; തുരക്കാന്‍ കമ്പിപ്പാര

ഒരു വര്‍ഷത്തിനിടെ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തി. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും വിലകൂടിയ വാച്ചുകളും കട്ടെടുത്തു. ഈപണം കൊണ്ട് 27 ലക്ഷം രൂപയ്ക്ക് സ്വന്തമായി വീട് വാങ്ങി. മോടി കൂട്ടി. ആഘോഷപൂര്‍വം നാട്ടുകാരെയെല്ലാം സല്‍ക്കരിച്ച് താമസം തുടങ്ങി. പിന്നെ കാറും വാങ്ങി. പലചരക്ക് കടയിലെ സഹായിയായിരുന്ന ജാഫര്‍ അലി പെട്ടെന്ന് കടയുടെ മുതലാളിയായി. ആര്‍ക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു നീക്കം.

വിദേശത്തായിരുന്ന ജാഫര്‍ അലി മണലാരണ്യത്തില്‍ ചോര നീരാക്കി സമ്പാദിച്ച പണമെന്നാണ് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. സ്വന്തം വീടിന്റെ മതിലിനോട് ചേര്‍ന്നുള്ള വീട്ടിലെ വലിയ കവര്‍ച്ചയില്‍ കിട്ടിയ മുതലുകളായിരുന്നു ഇയാളുടെ പ്രധാന കൈമുതല്‍. ഇത്രയും കവര്‍ച്ച നടത്തിയിട്ടും പൊലീസ് തന്നെ പിടികൂടാത്ത ധൈര്യത്തിലാണ് അടുത്ത കവര്‍ച്ചക്കായി കമ്പിപ്പാര വാങ്ങി വീടിന് സമീപം സൂക്ഷിച്ചത്.

നേരത്തെ കവര്‍ച്ചക്കായി ഉപയോഗിച്ച കമ്പിപ്പാര കല്‍പാത്തിക്ക് സമീപത്തെ കനാലില്‍ ഉപേക്ഷിച്ചു. മറ്റൊരു കവര്‍ച്ചയ്ക്കുള്ള തയാറെടുപ്പിനിടെയാണ് പൊലീസ് പിടികൂടിയത്. തെളിവെടുപ്പിനിടെ ഓരോ വീട്ടിലും കവര്‍ച്ചക്കായി എത്തിയതും കവര്‍ച്ച നടത്തി മടങ്ങും വരെയുള്ള കാര്യങ്ങള്‍ കൃത്യമായി ജാഫര്‍ അലി പൊലീസിനോട് അഭിനയിച്ച് കാണിച്ചു.

പെട്ടെന്ന് സമ്പന്നരായവരുടെ പട്ടിക തയാറാക്കി

സിസിടിവിയില്‍ കള്ളന്‍ പതിഞ്ഞില്ല. നാട്ടുകാര്‍ ആരും കണ്ടിട്ടുമില്ല. വീടുകളില്‍ ആളില്ലാത്ത തക്കത്തില്‍ മാത്രമാണ് കവര്‍ച്ച. അങ്ങനെയാകുമ്പോള്‍ പ്രാദേശികമായി നല്ല പരിചയമുള്ളയാളാകും കവര്‍ച്ചക്കാരനെന്ന് പൊലീസ് ഉറപ്പിച്ചു. എവിടെയൊക്കെ ക്യാമറയുണ്ട്. എങ്ങനെയെല്ലാം രക്ഷപ്പെടാം എന്നതിനെക്കുറിച്ച് ധാരണയുള്ളയാള്‍. പറക്കുന്നം ഭാഗത്ത് പെട്ടെന്ന് സമ്പന്നരായവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഓരോരുത്തരെയും കൃത്യമായി നിരീക്ഷിച്ച് വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചു.

അങ്ങനെയാണ് സംശയമുന ജാഫര്‍ അലിയിലേക്ക് എത്തുന്നത്. മൂന്ന് മാസം പൊലീസ് കൃത്യമായി ജാഫറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്തുടര്‍ന്നു. ഇതിനിടയിലും പ്രദേശത്തെ ചില വിവരങ്ങള്‍ കൈമാറാനെന്ന മട്ടിലും നേരത്തെയുണ്ടായ കവര്‍ച്ചയില്‍ കള്ളനെ പിടികൂടണമെന്ന് പൊലീസിനെ ഓര്‍മിപ്പിച്ചും ജാഫര്‍ അലി സജീവമായി.

രാത്രിയില്‍ കള്ളനെ പിടിക്കാന്‍ കാവലിരിക്കാമെന്നു വരെ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി െപട്ടെന്ന് വീടും വസ്തുവും വാങ്ങിയതും കാറും ആഡംബര ജീവിതം നയിച്ചതുമെല്ലാം പൊലീസിന്റെ സംശയം കൂട്ടി. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ യഥാര്‍ഥ കള്ളനിലേക്കെത്തിയത്. ജാഫര്‍ അലിയുടെ വിരലടയാളം നേരത്തെ കിട്ടിയ തെളിവുകളുടെ കൂട്ടത്തില്‍ യോജിക്കുകയും ചെയ്തു. അങ്ങനെയാണ് കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന് ഉറപ്പിച്ചത്.

അതിഥി തൊഴിലാളികളിലേക്ക് അന്വേഷണം

പല ഘട്ടങ്ങളില്‍ ജാഫര്‍ അലിയോട് കവര്‍ച്ചാ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്ക് പങ്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസിന് സംശയം കൂട്ടുന്ന തരത്തില്‍ പല കാരണങ്ങളും പറഞ്ഞു. ഫോണ്‍വിളി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ഇത് തെളിയിക്കാനായില്ല. ഇത് ജാഫര്‍ അലിയുടെ കൃത്യമായ തന്ത്രമായിരുന്നു. വൈകാതെ ഇക്കാര്യം പൊലീസിന് ബോധ്യപ്പെട്ടു. 

ജാഫര്‍ അലിയെ തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ ഇന്നലെയും സഹായിയായി കാര്യങ്ങള്‍ തിരക്കിയവനെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. ആര്‍ക്കും അവിശ്വാസത്തിനുള്ള ഇട കൊടുക്കാത്തതായിരുന്നു ഇയാളുടെ വിജയം. നാട്ടിലെ സഹായി കള്ളനായി മാറിയ കഥ അറിഞ്ഞതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍നിന്ന് കള്ളനെ കാണാന്‍ കൂടുതലാളുകള്‍ പറക്കുന്നത്തേക്ക് എത്തി. ഏറെ നാളായി നാട്ടുകാരെ അലട്ടിയിരുന്ന യഥാര്‍ഥ കള്ളനെ പിടികൂടിയതിലുള്ള ആശ്വാസം പലരും പങ്കുവച്ചു. ഇനി സമാധാനത്തോടെ ഉറങ്ങാമെന്ന് പറഞ്ഞവരും ഏറെ.

പൊലീസുകാര്‍ക്ക് അഭിനന്ദനം ‌

കള്ളനെ പിടികൂടിയ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന് ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു. പറക്കുന്നം മേഖലയില്‍ പലരുടെയും ഉറക്കം കെടുത്തിയ അനുഭവങ്ങള്‍ക്ക് മുന്നില്‍ സ്വന്തം നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞത് പൊലീസ് അറിയിക്കുമ്പോള്‍ മാത്രമായിരുന്നു. പൊലീസിന് പ്രത്യേക ചടങ്ങില്‍ അനുമോദനം നല്‍കുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.

English Summary: Theft case: Jafar ali arrested in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA