‘എന്നോട് മത്സരിക്കാനാകുന്നില്ല, കരിയർ നശിപ്പിക്കാൻ ശ്രമം’: ജാക്വിലിനെതിരെ നോറയുടെ പരാതി
Mail This Article
ന്യൂഡൽഹി∙ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നടി ജാക്വിലിൻ ഫെർണാണ്ടസിനും 15 മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ പരാതി നൽകി ബോളിവുഡ് താരം നോറ ഫത്തേഹി. ജാക്വിലിൻ ഫെർണാണ്ടസിന്റെ പരാമർശം വാർത്തയാക്കി പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണു മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകിയത്. ജാക്വിലിനും മാധ്യമങ്ങളും പരസ്പരം ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത് എന്ന് നോറ ആരോപിച്ചു.
തന്റെ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകർച്ച ഉറപ്പാക്കാൻ ജാക്വിലിൻ ഗൂഢാലോചന നടത്തിയതായി നോറ പരാതിയിൽ പറയുന്നു. തന്റെ കരിയറിലെ വളർച്ച അവർ ഭീഷണിയായി കരുതുന്നു. ബോളിവുഡ് ഇൻഡസ്ട്രിയിൽ തന്നോടു മത്സരിക്കാനാകാതെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും ഇതുവഴി തന്റെ അവസരങ്ങൾ കുറയ്ക്കാനുമാണ് ജാക്വിലിൻ ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്.
‘‘സിനിമാ മേഖലയിൽ വ്യക്തികളുടെ പ്രശസ്തി വളരെ പ്രധാനപ്പെട്ടതാണ്. അതിൽ എന്തെങ്കിലും കളങ്കം വരുത്തുന്നത് അവരുടെ കരിയറിനു വലിയ ദോഷമുണ്ടാക്കും. കുറ്റാരോപിതരായ എല്ലാവർക്കും ഇതിനെക്കുറിച്ചു നന്നായി അറിയാം. അതിനാൽ അവർ നടത്തിയ അപകീർത്തിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെയാണ്.’’– നോറയുടെ പരാതിയിൽ പറയുന്നു.
സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതോളം പേർ ഇതിനോടകം അറസ്റ്റിലായി. സുകാഷിൽനിന്നു സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിനും നോറയും നേരിടുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റജിസ്റ്റര്‍ ചെയ്ത വേളയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. സുകാഷില്‍നിന്നു സമ്മാനങ്ങള്‍ കൈപ്പറ്റിയ നോറ ഫത്തേഹി ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെ കേസില്‍ സാക്ഷികളാക്കുകയാണു ചെയ്തത്. എന്നാൽ തന്നെ മാത്രം പ്രതിയാക്കിയതിനു കാരണം എന്തെന്നായിരുന്നു ജാക്വിലിന്റെ ഫെര്‍ണാണ്ടസിന്റെ ചോദ്യം. ഇതാണു നോറയുടെ പരാതിക്കു കാരണം. കേസിൽ ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
English Summary: "Unable To Compete, So...": Nora Fatehi Sues Jacqueline Fernandez