മോദിയും ഷിയും കണ്ടിട്ട് ഒരുമാസം; തവാങ് അതിക്രമം ഇന്ത്യയെ പരീക്ഷിക്കാനോ?

Xi Jinping | Narendra Modi | October 12, 2019 | (Photo - PIB)
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ചിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശന വേളയിൽ 2019 ഒക്ടോബർ 19ന് തമിഴ്നാട് മാമല്ലപുരത്തുനിന്ന് എടുത്ത ചിത്രം. (Photo - PIB)
SHARE

കിഴക്കൻ ലഡാക്കിൽ അതിർത്തിത്തർക്കം നിലനിൽക്കെ അരുണാചൽ പ്രദേശിലെ തവാങ്ങിൽ വീണ്ടുമൊരു അതിക്രമത്തിനു ചൈന മുതിർന്നത് എന്തുകൊണ്ട്? ബാലിയിലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഹസ്തദാനം നടത്തുകയും സംസാരിക്കുകയും ചെയ്ത് ഒരു മാസം തികയും മുൻപായിരുന്നു ചൈനീസ് സൈന്യത്തിന്റെ നടപടി. ചൈനയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും അനുമതിയോടുംകൂടിയല്ലാതെ ഇത്തരമൊരു നീക്കത്തിനു സൈന്യം മുതിരില്ല. കേന്ദ്ര മിലിട്ടറി കമ്മിഷനോ വെസ്റ്റേൺ തിയറ്റർ കമാൻഡോ അറിയാതെ ഒന്നും നടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

∙ രഹസ്യവിവരം കിട്ടി, ജാഗ്രതയോടെ ഇന്ത്യൻ സേന

ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഡിസംബർ 9ന് യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) തൽസ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച പാർലമെന്റിനെ അറിയിച്ചത്. തവാങ് സെക്ടറിലെ യാങ്ട്സെയിൽ നടത്തിയ അതിക്രമം ഇന്ത്യൻ സൈന്യം ശക്തമായി നേരിട്ടുവെന്നും ഇന്ത്യൻ സൈനികർക്കു ജീവാപായമോ ഗുരുതരമായ പരുക്കോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Rajnath Singh (Photo - PIB)
രാജ്നാഥ് സിങ് (Photo - PIB)

ഡിസംബർ എട്ടിനോ ഒൻപതിനോ രാത്രിയിൽ തവാങ് സെക്ടറിൽ ചൈനീസ് അതിക്രമം ഉണ്ടാകുമെന്ന് ഇന്ത്യൻ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പിഎൽഎയുടെ ‘സലാമി സ്ലൈസിങ്’ എന്ന പതിവുതന്ത്രമാണിതെങ്കിലും ഇന്ത്യൻ സേന അതു പൊളിക്കുകയായിരുന്നുവെന്നു സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈനികർ എത്രത്തോളം ജാഗരൂകരാണെന്നു കണ്ടെത്താനുള്ള പിഎൽഎയുടെ തന്ത്രമായിരുന്നു ഈ അതിക്രമം എന്നാണു കരുതുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ചെറിയ നീക്കങ്ങളിലൂടെ പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുന്ന തന്ത്രമാണ് സലാമി സ്ലൈസിങ് അഥവാ സലാമി ടാറ്റിക്സ്. കഴിഞ്ഞ അറുപതു വർഷത്തിനിടെ ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന ഇങ്ങനെ അനധികൃതമായി കയ്യടക്കിയിട്ടുണ്ട്. കിഴക്കൻ സെക്ടറിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായി സംഘർഷം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് യാങ്ട്സെ. നംഖ ചു, സുംഡോറോങ് ചു, അസാഫില, ലോങ്ജു, ഡിച്ചു, ലമാങ്, ഫിഷ് ടെയ്‌ൽ – 1, ഫിഷ് ടെയ്‌ൽ – 2 എന്നിവയാണ് മറ്റു സ്ഥലങ്ങൾ.

ടിബറ്റൻ സംസ്കാരമനുസരിച്ച് വിശുദ്ധമെന്നു കരുതപ്പെടുന്ന 108 വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉണ്ട്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കും പൊതുവായ ചില വിശ്വാസങ്ങളും ഈ വെള്ളച്ചാട്ടങ്ങളെക്കുറിച്ചുണ്ട്. ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഇന്ത്യയും ചൈനയും തമ്മിൽ 27 ‘തർക്ക പ്രദേശങ്ങൾ’ ഉണ്ടെന്ന് കേന്ദ്രം പറയുന്നു. 2020ൽ സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോയും ഗൽവാൻ താഴ്‌വരയും ഇതിൽ ഉൾപ്പെടുന്നു.

INDIA-CHINA-BORDER-DEFENCE
തവാങ്ങിലെ പെൻഗാതെങ് സോയിൽ വിന്യസിച്ചിരിക്കുന്ന ബൊഫോഴ്സ് തോക്കിനടുത്ത് ഇന്ത്യൻ സൈനികർ. (2021 ഒക്ടോബർ 20ലെ ചിത്രം) (Photo by Money SHARMA / AFP)

∙ അതിർത്തിയിൽ വൻ നിർമാണങ്ങളുമായി ചൈന

ഇന്ത്യയുമായുള്ള അതിർത്തിയിൽ ഉടനീളം വൻ നിർമാണ പ്രവർത്തനങ്ങളാണു ചൈന നടത്തുന്നത്. ഇന്ത്യയും ഒപ്പമെത്താൻ ശ്രമിക്കുകയാണ്. മറ്റു പല അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കൊപ്പം, നിർമാണത്തിലിരിക്കുന്ന സേലാ തുരങ്കം പൂർത്തിയാകുകയും കൂടി ചെയ്താൽ തവാങ്ങിലേക്ക് ഏതു കാലാവസ്ഥയിലും എത്തിച്ചേരാൻ സാധിക്കും. തുരങ്കം ജനുവരിയിൽ യാഥാർഥ്യമാകും. ഇതോടെ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന് വലിയ മേൽക്കയ്യാണു ലഭിക്കുക.

കിഴക്കൻ ലഡാക്കിലും മറ്റു തന്ത്രപ്രധാന മേഖലകളിൽ പലതിലും ഗതാഗത സൗകര്യം വർധിച്ചതിനാൽ ചൈനയുടെ നീക്കങ്ങൾ പെട്ടെന്ന് അറിയാനും തടയിടാനും ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞു. 2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ കയറിയതിനു പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ഉടനീളം അടിസ്ഥാന വികസന സൗകര്യങ്ങൾ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ എടുത്തിരുന്നു. 2008 – 2014 കാലത്ത് ഒരു തുരങ്കം മാത്രമാണ് നിർമിച്ചതെങ്കിൽ 2014–2020 കാലത്ത് മോദി സർക്കാർ ആറെണ്ണം നിർമിച്ചു. 2008–2014ൽ 7,270 മീറ്റർ നീളമുള്ള പാലം നിർമിച്ചപ്പോൾ 2014–2020ൽ 14,450 മീറ്റർ നിർമിക്കാനായി. 2008–2014ൽ ആകെ 3,610 കി.മീ. റോഡ് നിർമിച്ചപ്പോൾ 2014–2020 വരെ 4,764 കി.മീ. റോഡുകളാണ് നിർമിക്കപ്പെട്ടത്.

sela-pass-tunnel
സെലാ പാസിൽ ഇന്ത്യ നിർമിക്കുന്ന തുരങ്കം. സമുദ്രനിരപ്പിൽ നിന്നും 13,700 അടി ഉയരത്തിലുള്ള സെലാ പാസ് തുരങ്കം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തുരങ്കംകൂടിയായിരിക്കും. ചിത്രം കടപ്പാട് – വിഗ്യാൻ പ്രസാർ

English Summary: Did the PLA attempt the Tawang incursion to test the Indian Army's alertness?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS