ADVERTISEMENT

കുവൈത്ത് സിറ്റി∙ കേരള പ്രസ്ക്ലബ് കുവൈത്ത് ഏർപ്പെടുത്തിയ പ്രഥമ ഗഫൂർ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി അവാർഡ് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന്. 2022 ജൂൺ 21ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ഞങ്ങളുണ്ട് ഒപ്പം’ എന്ന തലക്കെട്ടിലുള്ള ചിത്രത്തിനാണ് 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 2023 ജനുവരിയിൽ പുരസ്കാര സമ്മേളനം നടക്കും.

വായന വാരാചരണ പരിപാടിക്കായി എറണാകുളം മഹാരാജാസ് കോളജിന്റെ മുകൾനിലയിലെ മലയാള വിഭാഗം ഹാളിലെത്തിയ ബിഎ മലയാളം വിദ്യാർഥിനി പി.കെ.ഷാദിയയെ ചടങ്ങിനുശേഷം എടുത്തു താഴേയ്ക്ക് എത്തിക്കുന്ന സീനിയർ വിദ്യാർഥി അമലിന്റെ ചിത്രമാണ് പുരസ്കാരം നേടിക്കൊടുത്തത്. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ചു കാലുകൾ തളർന്ന ഷാദിയയെ സഹായിക്കുന്ന ഒട്ടേറെ സുഹൃത്തുക്കൾ കോളജിലുണ്ട്. കോഴിക്കോട് സ്വദേശിയായ ഷാദിയ കൂട്ടുകാരിയുമായി ചേർന്ന് ലുംപാനിക്സ് ബുക് സ്റ്റോർ എന്ന ഓൺലൈൻ പുസ്തകശാല നടത്തിയാണ് പഠനാവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

ഈ ചിത്രം പത്രത്തിൽ വന്നതോടെ കേരളത്തിലെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമല്ലേയെന്ന് പരിശോധിക്കാൻ കമ്മിഷണർ ഉത്തരവിട്ടു. ചിത്രത്തിലെ ഷാദിയയ്ക്ക് ഒട്ടേറെ സമ്മാനങ്ങളും വിദേശ സഞ്ചാരമുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. മലയാള പത്രങ്ങളിലും ന്യൂസ് പോർട്ടലുകളിലും പ്രസിദ്ധീകരിച്ച വാർത്താമൂല്യമുള്ള ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അസോഷ്യേറ്റഡ് പ്രസ്, ടൈം മാഗസിൻ, ന്യൂയോർക്ക് ടൈംസ് എന്നിവയ്ക്കുവേണ്ടി മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഗുസ്താവോ ഫെറാറി, ഖലീജ് ടൈംസ് സീനിയർ ന്യൂസ് ഫൊട്ടോഗ്രഫർ ഷിഹാബ് അബ്ദുൽ മജീദ്, പ്രമുഖ ഫൊട്ടോഗ്രഫി മെന്റർ ബിഷാറ മുസ്തഫ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. 

തൊടുപുഴ പന്നിമറ്റം പനയ്ക്കൽ ജോസഫ് – സിസിലി ദമ്പതികളുടെ ഏകമകനായ ജോസ്കുട്ടി 21 വർഷമായി മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിൽ സ്റ്റാഫ് ഫൊട്ടോഗ്രഫറാണ്. ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്, യുണീക് ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവയിൽ ഡിജിറ്റൽ ന്യൂസ് ഫോട്ടോ ആർക്കൈവിങ്ങിലൂടെ സ്ഥാനം പിടിച്ചിട്ടുണ്ട്. നാൽപതിലേറെ ഫൊട്ടോഗ്രഫി പുരസ്കാരങ്ങൾ നേടി. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അസി. പ്രഫസർ ഡോ. സിന്ധു ജോർജാണ് ഭാര്യ. ഇനിക, എഡ്രിക് എന്നിവർ മക്കളാണ്.

English Summary: Manorama's Josekutty Panackal wins Gafoor Moodadi memorial press photography award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com