ന്യൂഡല്‍ഹി∙ ചൈനയില്‍നിന്നുള്ള യുദ്ധ ഭീഷണി ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്ത്. രാഹുലിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ചൈന ഇന്ത്യയുമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഭീഷണി അവഗണിച്ച് ഉറങ്ങുകയാണെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചൈന വെറും കടന്നുകയറ്റത്തിനുള്ള തയാറെടുപ്പല്ല നടത്തുന്നതെന്നും പൂര്‍ണമായ യുദ്ധത്തിനു വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചും അതിര്‍ത്തികളെക്കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സൈനികരുടെ ആത്മവീര്യം കെടുത്താനും ഉദ്ദേശിച്ചാണെന്ന് രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് കുറ്റപ്പെടുത്തി. ‘‘ചൈനയുമായി അടുപ്പമുണ്ടെന്നാണ് രാഹുല്‍ കരുതുന്നത്. ചൈന എന്തു ചെയ്യുമെന്ന് അറിയാവുന്ന തരത്തിലാണ് ആ അടുപ്പം. എന്നാല്‍ അദ്ദേഹത്തിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഉറക്കത്തിലായിരുന്നപ്പോള്‍ 37,242 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭാഗം ചൈന പിടിച്ചെടുത്ത കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളത്’’- 1962ലെ ഇന്ത്യ-ചൈന യുദ്ധം ഓര്‍മിപ്പിച്ച് റാത്തോഡ് പറഞ്ഞു.
രാഹുല്‍ ഗാന്ധി സ്വന്തം പുനരവതരണത്തിനു വേണ്ടി രാജ്യസുരക്ഷയെക്കുറിച്ച് നിരുത്തരവാദപരമായ പരാമര്‍ശം നടത്തരുതെന്നും റാത്തോഡ് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന പണം പറ്റിയിരുന്നുവെന്നും അവരുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
English Summary: "This Isn't Nehru's India": BJP On Rahul Gandhi's "War" With China Alarm