തലമുറകളുടെ രാജ്ഞി, പെലെ, ലത, ലളിത, മുലായം, കോടിയേരി – 2022 നൊപ്പം വിടവാങ്ങുന്നവർ

Year Ender 2022 | Flash Back 2022 (Creative Image - Manorama Online)
Creative Image: Manorama Online
SHARE

ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച രാജ്ഞി എലിസബത്ത്, ഫുട്ബോൾ ഇതിഹാസം പെലെ, ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ, ഓസ്ട്രേലിയൻ‌ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ, ഇന്ത്യയുടെ സംഗീത വിസ്മയം ലതാ മങ്കേഷ്കർ, ലോകരാഷ്ട്രങ്ങൾക്കിടയിൽ യുഎഇയ്ക്ക് സഹിഷ്ണുതയുടെ ദീപ്തമുഖം സമ്മാനിച്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, ലോകസിനിമയെ ഉടച്ചുവാർത്ത നവതരംഗ കലാപനക്ഷത്രം ജോൻ ലൂക് ഗൊദാർദ്, ചുവപ്പിന്റെ കരുത്തും മന്ദഹാസത്തിന്റെ സൗമ്യശോഭയുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, അഭിനയപ്രതിഭ കെപിഎസി ലളിത, തിരക്കഥാകൃത്ത് ജോൺ പോള്‍, വനിതാ കമ്മിഷൻ മുൻ അധ്യക്ഷ എം.സി.ജോസഫൈൻ, ക്ലാസിക്കൽ നൃത്തരൂപമായ കഥക്കിനെ ആഗോളവേദികളിലെത്തിച്ച ആചാര്യൻ ബിർജു മഹാരാജ്, നടൻ പ്രതാപ് പോത്തൻ, കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരന്‍ പി.ഗോപിനാഥൻ നായർ തുടങ്ങി ഭരണ, രാഷ്ട്രീയ, സാംസ്കാരിക, കലാ, കായിക രംഗത്തെ പ്രമുഖരിൽ ചിലർ ഈ വർഷം നമ്മോടു വിടപറഞ്ഞു. ഹോളിവുഡ് സംവിധായകൻ വൂൾഫ്ഗാങ് പീറ്റേഴ്സൻ, സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ്, യുഎസിന്റെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മാഡലിൻ ഓൾബ്രൈറ്റ്, പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാല, സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ, കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ‍ നേഗി, നടന്മാരായ കോട്ടയം പ്രദീപ്, കൊച്ചുപ്രേമൻ, രാജ്മോഹൻ, ശരത് ചന്ദ്രൻ തുടങ്ങിയവരുമുണ്ട് ആ പട്ടികയിൽ. ഈ വർഷം ലോകത്തോടു വിട പറഞ്ഞ പ്രമുഖരിലൂടെ...

Queen Elizabeth II (AP Photo/Frank Augstein, Pool)
എലിസബത്ത് രാജ്ഞി (AP Photo/Frank Augstein, Pool)

∙ ജനകീയ രാജ്ഞി

ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞി (96) വിടവാങ്ങിയത് സെപ്റ്റംബർ എട്ടിനായിരുന്നു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്നു ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന രാജ്ഞി, സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തില്‍ വച്ചാണ് അന്തരിച്ചത്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽനിന്നു ജൂലൈയിൽ രാജ്ഞി ബാൽമോറലിലേക്കു മാറിയിരുന്നു. രാജ്‍ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് രാജകുടുംബാംഗങ്ങൾ ബാൽമോറൽ കൊട്ടാരത്തിൽ എത്തിയിരുന്നു.‌

പിൽക്കാലത്തു ജോർജ് ആറാമൻ രാജാവായിത്തീർന്ന ആർബർട്ട് ഫ്രഡറിക് ആർതർ ജോർജിന്റെയും എലിസബത്തിന്റെയും മകളായി 1926 ഏപ്രിൽ 21 ന് ലണ്ടനിലെ മേഫെയറിലുള്ള വസതിയിലായിരുന്നു എലിസബത്തിന്റെ ജനനം. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ 1936ൽ സ്ഥാനത്യാഗം ചെയ്തപ്പോൾ എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായി. 1952 ൽ അദ്ദേഹം അന്തരിച്ചപ്പോൾ 25 ാം വയസ്സിൽ എലിസബത്ത് ബ്രിട്ടിഷ് രാജ്‍ഞിയായി സ്ഥാനമേറ്റു. 1952 ഫെബ്രുവരി 6 മുതൽ മരിക്കും വരെ 70 വർഷവും 214 ദിവസവും ഭരണത്തിലിരുന്നു.

FILES-FBL-BRAZIL-PELE-OBIT
പെലെ (ഫയല്‍ ചിത്രം)

∙ ഫുട്ബോൾ ഇതിഹാസം പെലെ

ഫുട്ബോൾ എന്ന കായികവിനോദത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരൻ എഡ്സൺ ആരാന്റെസ് ഡോ നാസിമെന്റോ എന്ന പെലെ (82) ഡിസംബർ 29ന് വിടവാങ്ങി. ബ്രസീലിനായി 3 ലോകകപ്പുകൾ നേടുകയും പിൽക്കാലത്ത് ആ രാജ്യത്തിന്റെ കായികമന്ത്രിപദം വരെയെത്തുകയും ചെയ്ത പെലെ, കുടലിലെ അർബുദത്തിനു ശസ്ത്രക്രിയ നടത്തിയ ശേഷം സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽ തുടർചികിത്സ നടത്തിവരികയായിരുന്നു. 

1958ൽ, ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡോടെ 17–ാം വയസ്സിലാണു പെലെയുടെ താരോദയം. ആദ്യ ലോകകപ്പിന്റെ സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ ആതിഥേയരായ സ്വീഡനെതിരെ ഇരട്ട ഗോളും കുറിച്ചാണു ബ്രസീലിന്റെ താരം ലോകത്തിന്റെ താരമായി മാറിയത്. 1962ലും ബ്രസീലിനൊപ്പം ലോക കിരീടം ചൂടിയ പെലെയുടെ ഏറ്റവും മികച്ച പ്രകടനം 1970 ലോകകപ്പിലാണ്. 3 ലോകകപ്പുകൾ (1958,1962,1970) നേടിയ ഏക താരവും പെലെയാണ്. രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ നൂറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുത്തതും പെലെയെയാണ്.

1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തെ ട്രെസ് കൊറാസോസിൽ ജനിച്ച പെലെയുടെ പിതാവ് ഡോണ്ടിഞ്ഞോ പ്രഫഷനൽ ഫുട്ബോളറായിരുന്നു. മാതാവ് സെലെസ്റ്റെ അരാന്റെസ്. യുഎസ് ശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസനിൽ നിന്നാണ് എഡ്സൻ അരാന്റസ് ഡോ നാസിമെന്റോ എന്നു പെലെയ്ക്കു പേരുലഭിച്ചത്. ബ്രസീലിലെ സാന്റോസ് ക്ലബ്ബിനു വേണ്ടി 18 വർഷം കളിച്ച പെലെ കരിയറിലെ അവസാന കാലത്ത് 2 വർഷം യുഎസ് ക്ലബ് ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയും കളിച്ചു. ബ്രസീൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് പെലെയുടെ പേരിലായിരുന്നു – 92 കളികളിൽ 77 ഗോളുകൾ. 

Pope Benedict XVI (AP Photo/Domenico Stinellis)
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AP Photo/Domenico Stinellis)

∙ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ

പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) ഡിസംബർ 31ന് കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു വിയോഗം. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. 

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ  ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി. 1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.

Shane Warne | Photo: Action Images / Andrew Boyers
ഷെയ്ൻ വോൺ (Photo: Action Images / Andrew Boyers)

∙ ഷെയ്ൻ വോൺ

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ (52) മാർച്ച് 4 ന് അന്തരിച്ചു. തായ്‌ലൻഡിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. 145 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലായി 708 വിക്കറ്റു നേടിയ വോൺ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ രണ്ടാമനാണ്. 194 ഏകദിനത്തിൽ നിന്നായി 293 വിക്കറ്റു നേടിയ വോണിന്റെ രാജ്യാന്തര ക്രിക്കറ്റിലെ ആകെ വിക്കറ്റ് നേട്ടം 1001. ടെസ്റ്റിൽ 37 തവണയും ഏകദിനത്തിൽ ഒരു വട്ടവും ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചു. 2 ഫോർമാറ്റിലുമായി ആകെ 4172 റൺസും നേടി. മെൽബണിലെ അപ്പർ ഫേൺട്രീ ഗള്ളിയിൽ 1969 സെപ്റ്റംബർ 13നു ജനിച്ച വോൺ 1992 ജനുവരി രണ്ടിന് ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. ഏകദിനത്തിലെ അരങ്ങേറ്റം 1993 മാർച്ച് 24ന് ന്യൂസീലൻഡിനെതിരെ. 2007 ജനുവരി രണ്ടിന് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു.

Shinzo Abe | Photo: REUTERS/Toru Hanai
ഷിൻസോ അബെ (Photo: REUTERS/Toru Hanai)

∙ ഷിൻസോ അബെ

തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയെ (67) ജൂലൈ 8ന് വെടിവച്ചുകൊന്നത് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്ന അബെയ്ക്ക് 2021ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇന്ത്യയിലും ദുഃഖാചരണമുണ്ടായി.

ഷിൻസോ അബെയെ വെടിവച്ച മുൻ നാവികസേനാംഗം തെറ്റ്സുയ യമഗാമിയെ സുരക്ഷാഭടന്മാർ കീഴ്പ്പെടുത്തിയപ്പോൾ.
ഷിൻസോ അബെയെ വെടിവച്ച മുൻ നാവികസേനാംഗം തെറ്റ്സുയ യമഗാമിയെ സുരക്ഷാഭടന്മാർ കീഴ്പ്പെടുത്തിയപ്പോൾ.

ജപ്പാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ 1954 സെപ്റ്റംബർ 21നു ജനിച്ച അബെയാണു ജപ്പാൻ പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞയാൾ. രണ്ടാം ലോകയുദ്ധാനന്തരം ജനിച്ചവരിൽനിന്ന് ജപ്പാന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളും. ഏറ്റവും കൂടുതൽകാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നതും അബെ തന്നെ – രണ്ടു ഘട്ടങ്ങളിലായി നാലുവട്ടം, ഒൻപതു വർഷത്തോളം. 2006ൽ ആണ് ആദ്യം സ്ഥാനമേറ്റത്. എന്നാൽ, തൊട്ടടുത്ത വർഷം തിരഞ്ഞെടുപ്പിൽ സ്വന്തം കക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു തിരിച്ചടിയുണ്ടായതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായി. കുടൽ സംബന്ധമായ രോഗം ദീർഘകാലമായി അലട്ടിയിരുന്നു. സ്ഥിതി മോശമായതോടെ, 2021 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്നെങ്കിലും 2020ൽ സ്ഥാനമൊഴിഞ്ഞു.

രാഷ്ട്രീയ സ്ഥിരതയില്ലാത്ത സർക്കാരുകൾ ഏറെക്കണ്ട ജപ്പാനിൽ ദീർഘകാലം ഭരിച്ച അബെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ജപ്പാന്റെ സമ്പദ്ഘടനയെ ചലനാത്മകമാക്കിയ ഷിൻസോയുടെ നയപരിപാടികൾ ‘അബെനോമിക്സ്’ എന്ന പേരിൽ പ്രശസ്തമായി. ടോക്കിയോയിലെ സെയ്കി യൂണിവേഴ്സിറ്റിയിലും അമേരിക്കയിലെ സതേൺ കലിഫോർണിയ യൂണിവേഴ്സിറ്റിയിലും പൊളിറ്റിക്സ് ആയിരുന്നു അബെയുടെ പഠനവിഷയം. കുറച്ചുകാലം കോബെ സ്റ്റീൽ കമ്പനിയിൽ പ്രവർത്തിച്ച ശേഷമാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1993ൽ 38 –ാം വയസ്സിൽ ആദ്യമായി ജപ്പാൻ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഏഴു തവണ പാർലമെന്റംഗമായി. വിവിധ പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായും പ്രവർത്തിച്ചു. 2003ൽ എൽഡിപിയുടെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാർട്ടി പ്രസിഡന്റും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. 

∙ ജിയാങ് സെമിൻ

ചൈനയുടെ സാമ്പത്തിക കുതിപ്പിനു നായകത്വം വഹിച്ച മുൻ പ്രസിഡന്റ് ജിയാങ് സെമിൻ (96) നവംബർ 30ന് അന്തരിച്ചു. 1993 മുതൽ 2003 വരെ പ്രസിഡന്റ് ആയിരുന്ന സെമിന്റെ അന്ത്യം ഷാങ്ഹായിയിലെ വസതിയിലായിരുന്നു. ജിയാങ് സെമിന്റെ ഭരണകാലത്താണ് ജപ്പാനെയും ജർമനിയെയും പിന്തള്ളി ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായത്. 1997ൽ ഹോങ്കോങ്ങിനെ ചൈനയുടെ അധീനതയിൽ കൊണ്ടുവന്നതും ലോക വ്യാപാര സംഘടനയിൽ 2001ൽ അംഗത്വം നേടിയതും സെമിന്റെ നേട്ടമായി എണ്ണപ്പെടുന്നു. ജനാധിപത്യത്തിനു വേണ്ടി 1989ൽ നടന്ന പ്രക്ഷോഭത്തെ ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കൊലയിലൂടെ അടിച്ചമർത്തിയതിനു പിന്നാലെയാണ് ജിയാങ് സെമിൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയത്. 13 വർഷം (1989 മുതൽ 2002) പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്നു. 1989 മുതൽ 2004 വരെ സർവ സൈന്യാധിപനും ആയിരുന്നു.

Sheikh Khalifa bin Zayed al-Nahyan (REUTERS/Stephanie McGehee/File Photo)
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (REUTERS/Stephanie McGehee/File Photo)

∙ ഷെയ്ഖ് ഖലീഫ

ലോകരാഷ്ട്രങ്ങൾക്കിടയിൽ യുഎഇയ്ക്ക് സഹിഷ്ണുതയുടെ ദീപ്തമുഖം സമ്മാനിച്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) മേയ് 13ന് അന്തരിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഹിസ്സ ബിൻത് മുഹമ്മദിന്റെയും മൂത്ത മകനാണു ഷെയ്ഖ് ഖലീഫ. യുകെ സാൻഡ്ഹേസ്റ്റിലെ റോയൽ മിലിറ്ററി അക്കാദമിയിൽ പഠിച്ച അദ്ദേഹം, 1971 ൽ യുഎഇ രൂപീകൃതമായപ്പോൾ 26–ാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. 2004 ൽ ഷെയ്ഖ് സായിദിന്റെ നിര്യാണത്തോടെ പ്രസിഡന്റായി. യുഎഇ ഫെഡറൽ നാഷനൽ കൗൺസിലിലേക്കു തിരഞ്ഞെടുപ്പ് നടത്തിയും മന്ത്രിസഭയിൽ വനിതകളെ ഉൾപ്പെടുത്തിയും ശാസ്ത്ര–സാങ്കേതിക പുരോഗതിക്ക് ഊന്നൽ കൊടുത്തും ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയും അദ്ദേഹം രാജ്യത്തിന് ആധുനിക മുഖമേകി. സഹിഷ്ണുതയ്ക്കും ആനന്ദത്തിനും പ്രത്യേക മന്ത്രാലയങ്ങൾ രൂപീകരിച്ചിരുന്നു.

Ayman al-Zawahiri (Photo by SITE INTELLIGENCE GROUP / AFP)
അയ്മൻ അൽ സവാഹിരി (Photo by SITE INTELLIGENCE GROUP / AFP)

∙ അൽ ഖായിദ തലവൻ സവാഹിരി

അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ (71) ജൂലൈ 31ന് രാവിലെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒളിത്താവളത്തിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സവാഹിരി വീടിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് യുഎസ് ചാരസംഘടനയായ സിഐഎ ഡ്രോൺ ഉപയോഗിച്ച് മിസൈൽ ആക്രമണം ന‌ടത്തിയത്. ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും ഉൾപ്പെടെ 2001 സെപ്റ്റംബർ 11 നു നടന്ന ഭീകരാക്രമണത്തിന് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനൊപ്പം മേൽനോട്ടം വഹിച്ചതു സവാഹിരിയായിരുന്നു. ലാദനെ 2011 ൽ പാക്കിസ്ഥാനിലെ ഒളിത്താവളത്തിലെത്തി യുഎസ് വധിച്ചതിനു ശേഷം സംഘടനയുടെ മേധാവിയായി. ഡോക്ടറായ സവാഹിരി ഈജിപ്ത് സ്വദേശിയാണ്.

Jean-Luc Godard (Photo: Gaetan Bally/Keystone via AP, File)
ജോൻ ലൂക് ഗൊദാർദ് (Photo: Gaetan Bally/Keystone via AP, File)

∙ ഫ്രഞ്ച് സംവിധായകൻ ജോൻ ലൂക് ഗൊദാർദ്

ഫ്രഞ്ച് ചലച്ചിത്രപ്രതിഭ ജോൻ ലൂക് ഗൊദാർദ് (91) സെപ്റ്റംബർ 13ന് വിട പറഞ്ഞു. സ്വിറ്റ്സർലൻഡിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ദയാവധം. ‘ബ്രെത്ത്‌ലെസ്’ തൊട്ട് ‘ഗുഡ്ബൈ ടു ലാംഗ്വേജ്’ വരെ, ശമിക്കാത്ത നിഷേധത്തിന്റെ ചലച്ചിത്രയുഗത്തിനാണു ഇതോടെ തിരശീല വീണത്. ലോകസിനിമയിലെ ആധുനിക വിപ്ലവത്തിന്റെ അമരക്കാരിൽ ശേഷിക്കുന്ന ഇതിഹാസമായിരുന്നു ജോൻ ലൂക് ഗൊദാ‍ർദ്. പാരിസിലെ ഫ്രഞ്ച്–സ്വിസ് കുടുംബത്തിൽ 1930 ഡിസംബർ 3നാണു ജനനം. സ്വിറ്റ്സർലൻഡിലെ ബാല്യകൗമാരങ്ങൾക്കു ശേഷം പാരിസിൽ തിരിച്ചെത്തി നരവംശശാസ്ത്രം പഠിച്ചു. 1950 കളിൽ ‘കയിയെ ദു സിനെമ’ മാഗസിനിലെ ചലച്ചിത്രനിരൂപകനായി തിളങ്ങി, 1960 ൽ ബ്രെത്ത്‍ലെസ് എന്ന സിനിമയിലൂടെ ഫ്രാൻസിലും ലോകത്തും ഇടിമുഴക്കം സൃഷ്ടിച്ചു. ചലച്ചിത്രഭാഷയുടെ പരമ്പരാഗത ശൈലി പാടേ ഉപേക്ഷിച്ച് ഘടനയിലും ചിന്തയിലും പുതുമ നിറച്ച് നവതരംഗ വഴിത്താര വെട്ടിത്തുറന്നവരിൽ പ്രധാനിയായി. 

ധീരമായ രാഷ്ട്രീയ വീക്ഷണങ്ങളും ഭരണകൂട വിമർശനവും ഉൾപ്പെടുത്തിയ സൃഷ്ടികൾ വിവാദവും നിരോധനവും വരെ ക്ഷണിച്ചുവരുത്തി. മൈ ലൈഫ് ടു ലിവ്, കൺടെംപ്റ്റ്, വീക്കെൻഡ്, ഹെയ്ൽ മേരി, ഉൻ ഫെം മാരിയെ, പിയെറൊ ലെ ഫു, സോഷ്യലിസം തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. അന്ന കരിന, ആൻ വിയസെംസ്കി, ആൻ മാരി മിവിൽ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളുമായി അനുരാഗത്തിലായി. സിനിമ പോലെ പ്രണയസംഘർഷഭരിതമായിരുന്നു വ്യക്തിജീവിതവും. 1980 കൾ തൊട്ട് മിവിലിനൊപ്പം സ്വിറ്റ്സർലൻഡിലായിരുന്നു താമസം.

Lata Mangeshkar | Photo: AFP PHOTO/STR
ലത മങ്കേഷ്കർ (Photo: AFP PHOTO/STR)

∙ ഇന്ത്യയുടെ വാനമ്പാടി

മായികസ്വരത്താൽ ലോകത്തിന്റെ മനംകവർന്ന വാനമ്പാടി ലത മങ്കേഷ്കർ (92) ഫെബ്രുവരി 6ന് അന്തരിച്ചു. നാടകസംഘം നടത്തിയിരുന്ന സംഗീതജ്ഞൻ കൂടിയായ ദീനനാഥ് മങ്കേഷ്കറുടെയും ശേവന്തിയുടെയും മകളായി 1929 സെപ്റ്റംബർ 28നു മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ജനനം. അച്ഛന്റെ അകാലമരണശേഷം, മൂത്ത കുട്ടിയെന്ന നിലയിൽ 13–ാം വയസ്സിൽ കുടുംബഭാരമേറ്റെടുത്ത ലത അവിവാഹിതയായിരുന്നു. ചിത്രകാരി മീന ഖാഡികർ, ഗായകരായ ആശ ഭോസ്‌ലെ, ഉഷ മങ്കേഷ്കർ, സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ എന്നിവരാണു സഹോദരങ്ങൾ.

1942ൽ മറാഠി ചിത്രം ‘കിതി ഹസാലി’ൽ പാടി പിന്നണിഗായികയായി അരങ്ങേറ്റം; ഗാനം ‘നാച്ചുയാഗഡേ കോലു സാരി’. പക്ഷേ, ചിത്രം റിലീസ് ചെയ്തപ്പോൾ ആ ഗാനമുണ്ടായിരുന്നില്ല. 1949ലെ ഹിന്ദി ചിത്രം ‘മഹലി’ലെ ‘ആയേഗാ ആനേവാല’ ആണ് ആദ്യ ഹിറ്റ് ഗാനം. തുടർന്നുള്ള പതിറ്റാണ്ടുകൾ ലതയുടേതായിരുന്നു. സൈനികർക്ക് ആദരമർപ്പിച്ചു കഴിഞ്ഞ വർഷം മാർച്ച് 30നു പുറത്തിറങ്ങിയ ‘സൗഗന്ധ് മുജേ ഇസ് മിട്ടി കീ’ എന്ന ഗാനമാണ് അവസാനമായി പുറത്തിറങ്ങിയത്. ‘വീർ സാറ’ (2004) ആണ് അവസാനമായി പാടിയ ചിത്രം. 80 വർഷം കൊണ്ട് മുപ്പത്തിയഞ്ചിലേറെ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി. ആയിരത്തിലേറെ സിനിമകളിലായി പാടിയ കാൽലക്ഷത്തോളം ഗാനങ്ങൾ ഉൾപ്പെടെയാണിത്. രാമു കാര്യാട്ടിന്റെ ‘നെല്ല്’ (1974) എന്ന സിനിമയിലെ ‘കദളീ കൺകദളീ...’ ആണ് ഏക മലയാളഗാനം. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം (2001), ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് (1989), പത്മവിഭൂഷൺ (1999), പത്മഭൂഷൺ (1969), ലീജിയൻ ഓഫ് ഓണർ (2007) തുടങ്ങിയവ ലഭിച്ചു. 

Mulayam Singh Yadav | PTI Photo by Nand Kumar
മുലായം സിങ് യാദവ് (PTI Photo by Nand Kumar)

∙ മുലായം സിങ് യാദവ്

സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും 3 തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് (82) ഒക്ടോബര്‍ 10ന് അന്തരിച്ചു. യുപിയിലും കേന്ദ്രത്തിലുമായി 50 വർഷത്തിലേറെ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന മുലായം, 10 തവണ യുപി നിയമസഭയിലും ഒരു തവണ ലെജിസ്ലേറ്റീവ് കൗൺസിലിലും 7 തവണ ലോക്സഭയിലും അംഗമായി. വിദ്യാർഥിയായിരിക്കെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം മെയിൻപുരി ജില്ലയിലെ ജെയിൻ ഇന്റർ കോളജിൽ അധ്യാപകനായിരുന്നു. 1964ൽ‍ ജോലി രാജിവച്ചു. 1967ലാണ് ആദ്യമായി നിയമസഭാംഗമായത്. 1989–91, 1993–95, 2003–07 എന്നിങ്ങനെ മൂന്നുതവണയായി 6 വർഷവും 9 മാസവും യുപി മുഖ്യമന്ത്രിയായിരുന്നു. ചരൺ സിങ്, വി.പി.സിങ്, ചന്ദ്രശേഖർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച മുലായം, 1992ലാണു സമാജ്‌വാദി പാർട്ടി സ്ഥാപിക്കുന്നത്. 1996–98ൽ ദേവെഗൗഡ, ഗുജ്റാൾ മന്ത്രിസഭകളിൽ‍ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നു.

Cyrus Mistry | PTI Photo by Shashank Parade
സൈറസ് മിസ്ത്രി (PTI Photo by Shashank Parade)

∙ സൈറസ് മിസ്ത്രി

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി (54) സെപ്റ്റബർ 4ന് വാഹനാപകടത്തിൽ മരിച്ചു. കെട്ടിട നിർമാണരംഗത്തെ വമ്പനായ പല്ലോൻജി മിസ്ത്രിയുടെ മകനായ സൈറസ് മിസ്ത്രി 1991ൽ പിതാവിന്റെ നേതൃത്വത്തിലുള്ള ഷപൂർജി പല്ലോൻജി ഗ്രൂപ്പിൽ ഡയറക്ടറായി. 2006 ൽ ടാറ്റാ സൺസിന്റെ ഡയറക്ടർ ബോർഡ് അംഗം. പിന്നീടു ടാറ്റാ സൺസിന്റെ ചെയർമാൻ പദവി. 2012 ൽ രത്തൻ ടാറ്റ ഒഴിഞ്ഞപ്പോഴാണു സൈറസ് തലപ്പത്തെത്തിയത്. പിൻഗാമിയെ കണ്ടെത്താൻ ടാറ്റാ സൺസ് നിയോഗിച്ച അഞ്ചംഗ സമിതി ഏകകണ്ഠമായാണു തീരുമാനമെടുത്തത്. ടാറ്റാ സൺസിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ളവരാണു ഷപൂർജി പല്ലോൻജി ഗ്രൂപ്പ്. എന്നാൽ, ടാറ്റ കുടുംബവുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ 2016 ഒക്ടോബറിൽ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടു. പേരിനൊപ്പം ടാറ്റാ ഇല്ലാത്ത മൂന്നുപേരേ ടാറ്റാ സൺസിനെ നയിച്ചിട്ടുള്ളൂ. അതിൽ രണ്ടാമത്തെയാളാണു സൈറസ് മിസ്ത്രി.

Pallonji Mistry | Photo: Twitter, @manoj_kotak
പല്ലോൻജി മിസ്‌ത്രി (Photo: Twitter, @manoj_kotak)

∙ പല്ലോൻജി മിസ്‌ത്രി 

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പിന്റെ ചെയർമാൻ പല്ലോൻജി മിസ്ത്രി ജൂൺ 28ന് (93) അന്തരിച്ചു. ടാറ്റ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത് (18.37%) എസ്പിക്കാണ്. കെട്ടിടനിർമാണ രംഗത്ത് 157 വർഷത്തെ പാരമ്പര്യമുള്ള എസ്പി ഗ്രൂപ്പ് രാജ്യാന്തര വ്യവസായ ശൃംഖലയായി വളർത്തിയതു പല്ലോൻജി മിസ്‌ത്രിയാണ്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ്, ഷിപ്പിങ്, ഹോം അപ്ലയൻസസ്, വൈദ്യുതി, ധനകാര്യം തുടങ്ങിയ മേഖലകളിലെ എസ്പിയുടെ വ്യവസായ സാമ്രാജ്യം 50 രാജ്യങ്ങളിലായി പരന്നു കിടക്കുന്നു. 2016 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. 1865 ൽ സ്ഥാപിതമായ എസ്പി ഗ്രൂപ്പാണു മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്എസ്ബിസി, സിറ്റിബാങ്ക് ആസ്ഥാനം, സെയിൽ സ്റ്റീൽ പ്ലാന്റ്, ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവ അടക്കം നിർമിച്ചത്.

∙ ‘ഡിസ്കോ മഹാരാജ്’

ബോളിവുഡിന്റെ ഈണങ്ങളിൽ ഡിസ്കോ ലഹരി പടർത്തിയ സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) ഫെബ്രുവരി 15ന് അന്തരിച്ചു. ബംഗാളിലെ ജൽ‍പായ്ഗുഡിയിൽ 1952ൽ സംഗീതജ്ഞരായ അപരേഷ് ലാഹിരിയുടെയും ബാംസുരി ലാഹിരിയുടെയും മകനായി പിറന്ന അലോകേഷ് ലാഹിരി എന്ന ബപ്പി ലാഹിരി പ്രമുഖ ഗായകൻ കിഷോർ കുമാറിന്റെ അനന്തരവൻ കൂടിയാണ്. 19–ാം വയസ്സിൽ മുംബൈയിലെത്തിയ അദ്ദേഹം 1972ൽ ‘ദാദു’ എന്ന ബംഗാളി ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറി. പിന്നാലെ ‘നൻഹാ ശിക്കാരി’യിലൂടെ ബോളിവുഡിൽ ഇടം തേടി. 1975ൽ ‘സാക്മീ’യിലൂടെ കാലുറപ്പിച്ചു. ഇതേ ചിത്രത്തിൽതന്നെ പിന്നണി ഗായകനുമായി. ‘ഡിസ്കോ ഡാൻസർ’ (1982) ആണ് ബപ്പി ലാഹിരിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ‘ദ് ഗുഡ് ബോയ്സ്’ (1997) എന്ന മലയാള സിനിമയിലെ ഗാനങ്ങൾക്കും ഈണമിട്ടു. 2014ൽ ബിജെപിയിൽ ചേർന്ന ബപ്പി ലാഹിരി ബംഗാളിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

Rakesh Jhunjhunwala | Photo: REUTERS/Shailesh Andrade
രാകേഷ് ജുൻജുൻവാല (Photo: REUTERS/Shailesh Andrade)

∙ രാകേഷ് ജുൻജുൻവാല

ഇന്ത്യൻ ഓഹരിവിപണിയിലെ അദ്ഭുതപ്രതിഭാസം രാകേഷ് ജുൻജുൻവാല (62) ഓഗസ്റ്റ് 14ന് അന്തരിച്ചു. ആകാശ എയർ വിമാനക്കമ്പനിയുടെ മേധാവിയായിരുന്നു. രാജസ്ഥാനിൽ കുടുംബ വേരുകളുള്ള ജുൻജുൻവാല 1960 ജൂലൈ അഞ്ചിനു ഹൈദരാബാദിലാണു ജനിച്ചത്. ചാർട്ടേഡ് അക്കൗണ്ടൻസി പഠനശേഷം ഓഹരിവിപണിയിലെത്തിയതാണു വഴിത്തിരിവായത്. 1985ൽ നിക്ഷേപിച്ച 5000 രൂപയുടെ മൂല്യം 2018 സെപ്റ്റംബറിൽ 11,000 കോടി രൂപയായി. തന്റെയും ഭാര്യ രേഖയുടെയും പേരുകളുടെ ആദ്യ രണ്ട് ഇംഗ്ലിഷ് അക്ഷരങ്ങൾ ചേർത്ത് ‘റെയർ’ (RARE) എന്നാണ് ഓഹരി ഇടപാടു സ്ഥാപനത്തിനു പേരിട്ടത്.

∙ കോടിയേരി ബാലകൃഷ്ണൻ

ചുവപ്പിന്റെ കരുത്തും മന്ദഹാസത്തിന്റെ സൗമ്യശോഭയുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (68) ഒക്ടോബർ ഒന്നിന് വിടവാങ്ങി. അർബുദ ചികിത്സയ്ക്കിടെ അപ്പോളോ ആശുപത്രിയിൽ രാത്രി എട്ടിനായിരുന്നു അന്ത്യം. ഒക്ടോബർ 3നു കണ്ണൂർ പയ്യാമ്പലത്തായിരുന്നു സംസ്കാരം. തലശ്ശേരിക്കു സമീപം കോടിയേരിയിൽ മൊട്ടേമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. 18 വയസ്സാകും മുൻപേ പാർട്ടി ബ്രാഞ്ച് അംഗമായ കോടിയേരി 20–ാം വയസ്സിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 

അടിയന്തരാവസ്‌ഥക്കാലത്ത് ഒന്നര വർഷം ജയിൽവാസം അനുഭവിച്ചു. 36–ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. 2002 ൽ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം 2008 ൽ 55–ാം വയസ്സിൽ പൊളിറ്റ്ബ്യൂറോയിലെത്തി. 2006 ലെ വിഎസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. 2011 ൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായി. 2015 ൽ പിണറായി വിജയന്റെ പിൻഗാമിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായത്. വിഎസ്–പിണറായി ചേരികളുടെ വിഭാഗീയതയ്ക്കുശേഷം സിപിഎം ഐക്യം വീണ്ടെടുത്ത കാലത്തെ അമരക്കാരനായിരുന്നു കോടിയേരി. പുറത്ത് സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരിക്കെത്തന്നെ സംഘടനയ്ക്കുള്ളിൽ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകനായി. 2019 ഒടുവിൽ അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് യുഎസിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. തിരികെവന്നു പാർട്ടിയിൽ സജീവമായെങ്കിലും രോഗം വഷളായതോടെ സംസ്ഥാന സെക്രട്ടറി പദത്തിൽനിന്ന് അവധിയിൽ പ്രവേശിച്ചു. 2020 നവംബറിൽ വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം രോഗം വകവയ്ക്കാതെ ചുമതലകൾ നിർവഹിച്ചു. 

Panakkad Sayed Hyderali Shihab Thangal (File Photo: MANORAMA)
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (File Photo: MANORAMA)

∙ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74)  മാർച്ച് ആറിന് അന്തരിച്ചു. മലബാറിലെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക മേഖലകളിൽ നിർണായക സ്വാധീനമുള്ള പാണക്കാട് കൊടപ്പനയ്ക്കൽ തങ്ങൾ കുടുംബാംഗമായ ഹൈദരലി തങ്ങൾ, ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ നൂറുകണക്കിനു മഹല്ലുകളുടെ ഖാസിയുമായിരുന്നു. 18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടർന്ന് 2009ൽ സംസ്ഥാന പ്രസിഡന്റായി.

മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായ അദ്ദേഹം രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. സുന്നി വിദ്യാർഥി സംഘടനയുടെ (എസ്എസ്എഫ്) സ്ഥാപക പ്രസിഡന്റാണ്. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും  മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു. എസ്‌വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് ട്രഷറർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല ചാൻസലർ, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു.

KPAC Lalitha | File Photo: MANORAMA
കെപിഎസി ലളിത (File Photo: MANORAMA)

∙ ലളിതവിസ്മയം

എഴുന്നൂറിലേറെ സിനിമകളിലും എണ്ണം പറഞ്ഞ നാടകങ്ങളിലും നിറഞ്ഞാടിയ അഭിനയപ്രതിഭ കെപിഎസി ലളിത (74) ഫെബ്രുവരി 22ന് ഓർമയായി. സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. കായംകുളത്ത് കടയ്ക്കൽത്തറയിൽ കെ.അനന്തൻ നായർക്കും ആലപ്പുഴ ഉപ്പുവീട്ടിൽ നാറാപിള്ളയുടെ മകൾ ഭാർഗവിയമ്മയ്ക്കും വിവാഹം കഴിഞ്ഞ് 5 കൊല്ലത്തിനുശേഷം ചെങ്ങന്നൂരമ്പലത്തിൽ ഭജനമിരുന്നുണ്ടായ മകൾക്ക് ‘മഹേശ്വരി’ എന്നാണു പേരിട്ടതെങ്കിലും ഭഗവതിയുടെ മറുപേരായ ലളിത ആണ് അരങ്ങിനുവേണ്ടി തിരഞ്ഞെടുത്തത്. 1964ൽ കെപിഎസിയുടെ നാടകങ്ങളിലൂടെ അരങ്ങത്തെത്തി. അശ്വമേധം, സർവേക്കല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയഭൂമി എന്നിവയിൽ ശ്രദ്ധേയ വേഷങ്ങളഭിനയിച്ചു.

1969ൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1978 ൽ സംവിധായകൻ ഭരതനുമായി വിവാഹം. 1991 ൽ അമരം, 2000ൽ ശാന്തം എന്നീ ചിത്രങ്ങളിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 1975,1978,1990,1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള  സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. വനിത ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, പ്രേംജി പുരസ്കാരം, തോപ്പിൽ ഭാസി പ്രതിഭ അവാർഡ്, ഭരത് മുരളി അവാർഡ്, ബഹദൂർ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. കഥ തുടരും എന്ന ആത്മകഥയ്ക്ക് ചെറുകാട് പുരസ്കാരം ലഭിച്ചു. ഇടതുപക്ഷ സഹയാത്രികയായിരുന്നു. സംവിധായകൻ സിദ്ധാർഥ്, ശ്രീക്കുട്ടി എന്നിവർ മക്കൾ.

aryadan-1
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്

∙ ആര്യാടൻ മുഹമ്മദ്

മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന മുൻമന്ത്രി ആര്യാടൻ മുഹമ്മദ് (87) സെപ്റ്റംബർ 25 ന് അന്തരിച്ചു. 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു. ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനനം. നിലമ്പൂർ മാനവേദൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി കോൺഗ്രസിൽ ആകൃഷ്ടനായി. 1956ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു തൊഴിലാളി സംഘടനാരംഗത്തു സജീവമായി. 1958ൽ കെപിസിസി അംഗമായും അവിഭക്ത കോഴിക്കോട് ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയായി. 1969ൽ മലപ്പുറം ജില്ലാ രൂപീകരണത്തോടെ ആദ്യ ഡിസിസി പ്രസിഡന്റായി. 11 വർഷം ഡിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ചു. 13 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

1980 ൽ നായനാർ സർക്കാരിന്റെ കാലത്താണ് ആര്യാടൻ മുഹമ്മദ് ആദ്യമായി മന്ത്രിയാകുന്നത് (തൊഴിൽ, വനം). പിന്നീട് 1995 ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായി. 2004, 2011 ഉമ്മൻ ചാണ്ടി സർക്കാരുകളിൽ വൈദ്യുതി മന്ത്രിയായി. കർഷകത്തൊഴിലാളി പെൻഷൻ പദ്ധതി, തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽനിയമ ഭേദഗതി, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ, ഊർജ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണനേട്ടത്തിന് ഉദാഹരണങ്ങളാണ്. 

Atlas Ramachandran | File Photo: MANORAMA
അറ്റ്ലസ് രാമചന്ദ്രൻ (File Photo: MANORAMA)

∙ അറ്റ്ലസ് രാമചന്ദ്രൻ 

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ–80) ഒക്ടോബർ 2ന് അന്തരിച്ചു. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. പിന്നീട് സ്വർണ വ്യാപാരത്തിലേക്ക് പ്രവേശിച്ചു. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് താമസിയാതെ ഉയർന്നു. ‘ജനകോടികളുടെ വിശ്വസ്തസ്ഥാപനം ’ എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി. ജ്വല്ലറികൾക്കു പുറമേ ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും രാമചന്ദ്രൻ നിക്ഷേപം നടത്തി.

സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

Satheeshan Pacheni | File Photo: SAMEER A HAMEED / MANORAMA
സതീശൻ പാച്ചേനി (File Photo: SAMEER A HAMEED / MANORAMA)

∙ സതീശൻ പാച്ചേനി 

തലയെടുപ്പുള്ള രാഷ്ട്രീയ എതിരാളികൾക്കെതിരെ അവരുടെ തട്ടകങ്ങളിൽ വീറുറ്റ തിരഞ്ഞെടുപ്പു പോരാട്ടം നടത്തി താരമായി മാറിയ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി (54) ഒക്ടോബർ 27ന് അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൺസ്യൂമർഫെഡ് ബോർഡ് അംഗമായിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള കൗൺസിൽ ഫോർ അഡ്വാൻസ്മെന്റ് ഓഫ് പീപ്പിൾസ് ആക്‌ഷൻ ആൻഡ് റൂറൽ ടെക്നോളജിയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 5 തവണ നിയമസഭയിലേക്കും 2009ൽ എം.ബി.രാജേഷിനെതിരെ പാലക്കാട് പാർലമെന്റ് മണ്ഡലത്തിലും മത്സരിച്ചു. വിഎസിന് എതിരെ മലമ്പുഴയിൽ 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പോരാട്ടമാണ് സതീശനെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു.

P Gopinathan Nair | Photo: MANOJ CHEMANCHERI / MANORAMA
പി.ഗോപിനാഥൻ നായർ. (Photo: MANOJ CHEMANCHERI / MANORAMA)

∙ പി.ഗോപിനാഥൻ നായർ

പ്രമുഖ ഗാന്ധിയനും കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സ്വാതന്ത്ര്യസമര സേനാനിയുമായ നെയ്യാറ്റിൻകര പി.ഗോപിനാഥൻ നായർ ജൂലൈ 5ന് വിടവാങ്ങി. നൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു വേർപാട്. 11–ാം വയസ്സിൽ നെയ്യാറ്റിൻകരയിൽ വച്ച് മഹാത്മാഗാന്ധിയെ നേരിൽ കണ്ടതോടെയാണു ഗാന്ധിയൻ മാർഗത്തിലേക്കു തിരിഞ്ഞത്. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സ്റ്റേറ്റ് കോൺഗ്രസിൽ സജീവമായി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിൽവാസം അനുഭവിച്ചു. 1951 ൽ കെ.കേളപ്പന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഗാന്ധി സ്മാരക നിധിയിൽ പ്രവർത്തനം തുടങ്ങി, പിൽക്കാലത്ത് അധ്യക്ഷനുമായി.

തിരുവിതാംകൂർ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത്, നിസ്സാരമായി ലഭിക്കുമായിരുന്ന സർക്കാർ ജോലി വേണ്ടെന്നു വച്ച് കൊൽക്കത്ത ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷകനായി. പഠനശേഷം ചൈനയിലെ കൾചറൽ അറ്റാഷെ ആയി നിയമനം ലഭിക്കുമായിരുന്നെങ്കിലും അതുപേക്ഷിച്ച്, വാർധയിൽ മഹാത്മജി സ്‌ഥാപിച്ച സേവാഗ്രാം ആശ്രമത്തിലെത്തി. ഗാന്ധിയന്മാരുടെ കേന്ദ്ര സംഘടനയായ സർവോദയ സമാജം രൂപീകരിക്കുന്നതിൽ പങ്കു വഹിച്ചു. വിനോബഭാവെ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം കൈത്തറി, ഭൂദാൻ, ഹരിജനോദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുകി. പിന്നീട് സർവസേവാ സംഘത്തിന്റെ ദേശീയ അധ്യക്ഷനായി. 

സിഖ് കൂട്ടക്കൊലയും സംഘർഷങ്ങളും ശമിപ്പിക്കുന്നതിനുള്ള ഗാന്ധിയൻ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. സംഘം നൽകിയ റിപ്പോർട്ടാണ് പിന്നീടു പഞ്ചാബ് കരാറിന് അടിത്തറയായത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളി സംഘർഷത്തിന് അറുതി വരുത്താൻ ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കും നേതൃത്വം നൽകി. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനും മുന്നിലുണ്ടായിരുന്നു. സമാധാന ദൗത്യങ്ങൾക്ക് എന്നും ചുക്കാൻ പിടിച്ച ഗോപിനാഥൻ നായർ, ബംഗ്ലദേശ് കലാപകാലത്ത് ഇന്ത്യയിലേക്കു പ്രവഹിച്ച അഭയാർഥികളുടെ ക്യാംപുകളിലെത്തി സന്ദേശം നൽകി. 

2003ൽ മാറാട് കലാപമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഗോപിനാഥൻ നായരുടെ സഹായം തേടി. ആ ഫലപ്രദമായ ഇടപെടലിനെത്തുടർന്നാണ് മാറാട് ശാന്തമായത്. 2016ൽ പത്മശ്രീ ലഭിച്ചു. സ്റ്റാലിയൻസ് ഇന്റർനാഷനൽ പുരസ്കാരം, ജമ്നലാൽ ബജാജ് അവാർഡ് എന്നിവ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഗാന്ധിയൻ ചിന്തകളുമായി ബന്ധപ്പെട്ട് അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കേരള ഗാന്ധി സ്‌മാരക നിധി ചെയർമാനും അഖിലേന്ത്യാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആജീവനാംഗവും കേന്ദ്ര നിർവാഹക സമിതി അംഗവുമായിരുന്നു.

prathap-pothenn
പ്രതാപ് പോത്തൻ.

∙ പ്രതാപ് പോത്തൻ

മലയാളികൾക്കു പ്രിയങ്കരനായ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) ജൂലൈ 15 നാണ് വിടപറഞ്ഞത്. ചെന്നൈ കിൽപ്പോക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ 12 സിനിമകൾ സംവിധാനം ചെയ്തു. 1985 ൽ തമിഴിൽ സംവിധാനം ചെയ്ത ആദ്യ സിനിമ ‘മീണ്ടും ഒരു കാതൽ കതൈ’യിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നിവയാണ് സംവിധാനം ചെയ്ത മലയാള സിനിമകൾ. സ്വന്തം കമ്പനിയായ ‘ഗ്രീൻ ആപ്പിൾ’ വഴി പരസ്യചിത്രകലാ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി.

ചങ്ങനാശേരി സ്വദേശിയായ വ്യവസായി കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മയുടെയും മകനായി 1952 ഫെബ്രുവരി 15നാണ് ജനനം. ഊട്ടി ലോറൻസ് സ്കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം. മദ്രാസ് പ്ലേയേഴ്സ് എന്ന നാടകസംഘത്തിലെ അഭിനയമികവ് സിനിമയിലേക്കു വഴിയൊരുക്കി. 1978 ൽ ഭരതന്റെ ‘ആരവ’ത്തിലൂടെ അരങ്ങേറ്റം. തകര, ചാമരം, ലോറി എന്നീ ചിത്രങ്ങൾ പ്രതാപ് പോത്തനെ യുവതലമുറയുടെ പ്രണയനായകനാക്കി. സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലെ നായിക രാധികയെ 1985ൽ വിവാഹം ചെയ്തെങ്കിലും വൈകാതെ വിവാഹമോചിതരായി. 1992ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. 2012 മുതൽ ഇരുവരും വേർപിരിഞ്ഞാണു താമസം. ഗായിക കേയ പോത്തനാണു മകൾ. ദീർഘകാലം സിനിമയിൽനിന്നു മാറിനിന്ന പ്രതാപ്, ആഷിക് അബുവിന്റെ ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സജീവമായത്.

John Paul | Photo: JOSEKUTTY PANACKAL / Manorama
ജോൺ പോൾ (Photo: JOSEKUTTY PANACKAL / Manorama)

∙ ജോൺ പോൾ

മലയാള ചലച്ചിത്ര, സാംസ്കാരിക രംഗത്തു പ്രതിഭയുടെ ചാമരം വീശിയ തിരക്കഥാകൃത്ത് ജോൺ പോള്‍ (71) ഏപ്രിൻ 23ന് അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവിയായി വിരമിച്ച ചെറായി പുതുശ്ശേരി പി.വി.പൗലോസിന്റെയും റബേക്കയുടെയും 5 മക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് ആയിരുന്നു ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടിയശേഷം ബാങ്കിൽ ഉദ്യോഗസ്ഥനായി. ഭാര്യ: തിരുവാങ്കുളം ഞാളിയേത്ത് ഐഷ എലിസബത്ത്. മകൾ: ജിഷ. മരുമകൻ: പിറവം അഞ്ചൽപെട്ടി നടുവിലേടത്ത് ജിബി എൻ.ഏബ്രഹാം.

ഭരതൻ സംവിധാനം ചെയ്ത ‘ചാമരം’ (1980) ആണു ജോൺ പോളിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. യാത്ര, വിടപറയും മുൻപേ, കാതോടു കാതോരം, അതിരാത്രം, ഓർമയ്ക്കായ്, രചന, ഇണ, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങൾ ആ തൂലികയിൽ പിറന്നു. സിനിമയിൽ സജീവമായപ്പോൾ ജോലി രാജിവച്ചു. കമൽ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടൽ’ ആണ് ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം. എം.ടി.വാസുദേവൻനായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’യുടെ നിർമാതാവായിരുന്നു. ‘ഗ്യാങ്സ്റ്റർ’, ‘കെയർഓഫ് സൈറാബാനു’ എന്നീ സിനിമകളിൽ അഭിനയിച്ചു. സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ചലച്ചിത്ര സംഘടന ‘മാക്ട’യുടെ സ്ഥാപക ജനറൽ സെക്രട്ടറിയായ ജോൺ പോൾ കഴിഞ്ഞ 2 പതിറ്റാണ്ടുകാലം പ്രഭാഷകൻ, ചലച്ചിത്ര അധ്യാപകൻ, ടിവി അവതാരകൻ തുടങ്ങിയ നിലകളിലും മലയാളിയുടെ ജീവിതത്തിൽ നിറഞ്ഞുനിന്നു. 

Pandit Birju Maharaj | PTI PHOTO
ബിർജു മഹാരാജ് (ചിത്രം പിടിഐ)

∙ ബിർജു മഹാരാജ്

ഭാവസുന്ദരമായ ചുവടുകളും കഥാസാന്ദ്രമായ മുദ്രകളുമായി ക്ലാസിക്കൽ നൃത്തരൂപമായ കഥക്കിനെ ആഗോളവേദികളിലെത്തിച്ച ആചാര്യൻ ബിർജു മഹാരാജ് (83) ജനുവരി 17ന് അന്തരിച്ചു. അഛൻ മഹാരാജ്, ശംഭു മഹാരാജ്, ലച്ചു മഹാരാജ് തുടങ്ങി ഒട്ടേറെ കഥക് നർത്തകരെ സംഭാവന ചെയ്തിട്ടുള്ള മഹാരാജ് കുടുംബത്തിലാണു ബ്രിജ്മോഹൻ നാഥ് മിശ്ര എന്ന ബിർജുവിന്റെ ജനനം. പിതാവ് അഛൻ മഹാരാജി (ജഗന്നാഥ മഹാരാജ്) ന്റെ പരിശീലനത്തിൽ ഏഴാം വയസ്സിൽ നൃത്തവേദിയിലെത്തി. പിതാവിന്റെ മരണത്തിനു ശേഷം ഡൽഹിയിലേക്കു താമസം മാറി. 13–ാം വയസ്സിൽ സംഗീത ഭാരതിയിലെ കഥക് ഗുരുവായി. സംഗീത നാടക അക്കാദമിയുടെ കഥക് കേന്ദ്രം ഡയറക്ടറായി 1998ൽ വിരമിച്ചു. ഡൽഹിയിൽ കലാശ്രം എന്ന നൃത്ത സ്കൂളും സ്ഥാപിച്ചു. മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ കഥക് ഗുരുവുമാണ്. സത്യജിത് റേയുടെ വിഖ്യാത ചിത്രമായ ശത്‌രഞ്ച് കെ ഖിലാഡി (1977) ക്കുവേണ്ടി കഥക് നൃത്തം ചിട്ടപ്പെടുത്തി ഗാനം ആലപിച്ചിട്ടുണ്ട്. പത്മവിഭൂഷൺ ബഹുമതി കൂടാതെ സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘വിശ്വരൂപം’ സിനിമയുടെ കൊറിയോഗ്രഫിക്കു ദേശീയ പുരസ്കാരം നേടി.

MC Josephine | Photo: James Arpookara / Manorama
എം.സി.ജോസഫൈൻ (Photo: James Arpookara / Manorama)

∙ എം.സി.ജോസഫൈൻ 

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ (74) ഏപ്രിൽ 10ന് അന്തരിച്ചു. വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ ജോസഫൈൻ പൊതുരംഗത്ത് എത്തിയത്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്, ‍സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ അധ്യക്ഷ, ജിസിഡിഎ അധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി.എ.മത്തായി ആണു ഭർത്താവ്‌.

1948 ഓഗസ്റ്റ് 3നു വൈപ്പിൻ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്ദലന ദമ്പതികളുടെ മകളായി ജനിച്ച ജോസഫൈൻ മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ ആണ് രാഷ്ട്രീയത്തിലെത്തുന്നത്. 1978ൽ സിപിഎം അംഗമായി. 84ൽ ജില്ലാ കമ്മിറ്റിയിലും 87ൽ സംസ്ഥാന കമ്മിറ്റിയിലും എത്തി. 2002 മുതൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അങ്കമാലി, മട്ടാഞ്ചേരി, കൊച്ചി മണ്ഡലങ്ങളിൽ നിന്നു നിയമസഭയിലേക്കും ഇടുക്കി മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായി.

English Summary: Queen Elizabeth II, Lata Mangeshkar some most notable people who died in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS