കോവിഡ് പ്രതിസന്ധിക്കുശേഷം വാതിലുകൾ മെല്ലെ തുറന്ന് ലോകം സാധാരണനിലയിലേക്കു മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുക്രെയ്നിനെ റഷ്യ ആക്രമിച്ചത്. 2022ലെ ലോകക്രമത്തെയും സാമ്പത്തികരംഗത്തെയും മാറ്റിമറിച്ച ഈ സംഭവം ആഗോള നയതന്ത്രത്തിലും കാര്യമായ വ്യതിയാനങ്ങളുണ്ടാക്കി. രണ്ടാഴ്ചകൊണ്ട് അവസാനിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കണക്കുകൂട്ടിയ യുദ്ധം റഷ്യൻ സൈനികരുടെ കൂട്ടമരണങ്ങളിലൂടെ കടന്ന് ഫെബ്രുവരിയിൽ ഒരു വർഷമാകും. പടിഞ്ഞാറൻ അധിനിവേശത്തിൽനിന്ന് സ്വന്തം അതിർത്തി സംരക്ഷിക്കാനായി ആരംഭിച്ച പ്രത്യേക സൈനിക നടപടി എന്നാണു പുട്ടിൻ ആക്രമണത്തെ വിശേഷിപ്പിച്ചത്. യുദ്ധം രൂക്ഷമായതോടെ ലക്ഷക്കണക്കിനു വരുന്ന ജനം വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും സ്വദേശങ്ങളിലേക്കു മടങ്ങേണ്ടിവന്നു. യുഎസും യൂറോപ്യൻ വൻശക്തികളും ചേർന്ന് വാരിക്കോരി നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ തിരിച്ചടിച്ചതോടെ വൻ ആൾനാശമാണു റഷ്യൻ സേന നേരിട്ടത്. യുക്രെയ്നിലെ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ റഷ്യൻ വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞു. യുക്രെയ്നിലെ ആണവനിലയങ്ങളും യുദ്ധഭൂമിയിലായതോടെ ആണവചോർച്ചാഭീതിയും ഉയർന്നു. റഷ്യയ്ക്കെതിരെ കനത്ത ഉപരോധങ്ങൾ വന്നതോടെ, യൂറോപ്പിലേക്കുള്ള റഷ്യൻ ഇന്ധനവിതരണം ഭാഗികമായി തടസ്സപ്പെട്ടു. യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി മാസങ്ങളോളം മുടങ്ങിയതു കഴിഞ്ഞ വർഷം ഏഷ്യൻ ആഫ്രിക്കൻ നാടുകളിൽ ഭക്ഷ്യ, ഇന്ധന ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ചു.
HIGHLIGHTS
- 2022ൽ ലോകം കണ്ട പ്രതിസന്ധികൾ, പ്രളയങ്ങൾ, പ്രയാണങ്ങൾ...
- 2023ല്‍ നാം ഓർക്കേണ്ട സന്തോഷങ്ങള്‍, മറക്കേണ്ട ദുരിതങ്ങൾ– ഒരു തിരിഞ്ഞുനോട്ടം