പൊതുമേഖലാ വിൽപന തുടരുമോ? ബജറ്റിൽ കണ്ണുനട്ട് വിപണി; സ്വർണവില കുതിച്ചേക്കും

INDIA-ECONOMY-STOCKS-RECORD
ബോംബെ സ്റ്റോക് എക്സ്‍ചേഞ്ചിലെ (ബിഎസ്‌ഇ) ആഘോഷം. File Photo by INDRANIL MUKHERJEE / AFP
SHARE

ഈ വർഷത്തെ ആദ്യ ആഴ്ചയിലെ ആദ്യ രണ്ടു ദിനങ്ങൾ നേട്ടത്തോടെയാണ് ഇന്ത്യൻ വിപണി വ്യാപാരമവസാനിപ്പിച്ചത്. എന്നാൽ, വിദേശ ഫണ്ടുകളുടെ വിൽപന സമ്മർദത്തിലും തൊഴിൽ ഡേറ്റകളിൽ തകർന്ന അമേരിക്കൻ വിപണിയുടെ സ്വാധീനത്തിലും അവസാന മൂന്ന് ദിവസങ്ങളും നഷ്ടത്തിൽ കലാശിക്കുകയായിരുന്നു. ക്രിസ്മസ്, പുതുവത്സര അവധി കഴിഞ്ഞു തിരിച്ചെത്തിയ വിദേശ ഫണ്ട് മാനേജർമാർ മുൻനിര ടെക് ബാങ്കിങ് ഓഹരികളിൽ വിൽപന നടത്തി വിപണിയൊരുക്കം നടത്തിയത് പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ ഇന്ത്യൻ റീറ്റെയ്ൽ നിക്ഷേപകർക്ക് നഷ്ടം നൽകി. 

മൂന്ന് ദിവസം കൊണ്ട് 1,400 പോയിന്റിലേറെ നഷ്‌ടമായ സെൻസെക്സ് വീണ്ടും 60,000 പോയിന്റിൽ താഴെ വ്യാപാരമവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 400 പോയിന്റിനടുത്ത് വീണ് 17,859 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. വെള്ളിയാഴ്ച സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ ഫാർമ, ഓട്ടോ സെക്ടറുകൾ മാത്രമാണ് മുന്നേറ്റം സ്വന്തമാക്കിയത്. വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്സിങ് പോർട്‍‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ വിദേശ ഫണ്ടുകളുടെ വിൽപന

വെള്ളിയാഴ്ചയിലെ 2,902 കോടിയടക്കം പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ വിദേശ ഫണ്ടുകൾ 7,813 കോടി രൂപയുടെ വിൽപന നടത്തി. വിദേശ ഫണ്ടുകളുടെ വാങ്ങൽ 2,756 കോടി രൂപയിൽ താഴെ ഒതുങ്ങിയതും വിപണിക്ക് നിർണായകമായി. മറ്റ് ഏഷ്യൻ വിപണികളെല്ലാം നഷ്ടം കുറിച്ച 2022ൽ നേട്ടത്തോടെ അവസാനിപ്പിച്ച ഇന്ത്യൻ വിപണിയിൽനിന്നും വിദേശഫണ്ടുകൾ വീണ്ടും വിൽപന തുടർന്നാൽ സമ്മർദം വീണ്ടും കനത്തേക്കാം.  

jap-stock-market

അമേരിക്കൻ വിപണി വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചത് ഇന്ത്യൻ വിപണിക്ക് അടുത്ത ആഴ്ചയിലും നല്ല തുടക്കം നൽകിയേക്കും. എങ്കിലും ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്  റിസൾട്ടുകളും, വ്യാഴാഴ്ച പുത്തുവരുന്ന ഇന്ത്യയുടെയും അമേരിക്കയുടെയും പണപ്പെരുപ്പ കണക്കുകളും അടുത്ത ആഴ്ചത്തെ ഇന്ത്യൻ വിപണിയെ നിയന്ത്രിക്കും. വ്യവസായികോൽപാദന കണക്കുകളും വ്യാഴാഴ്ച പുറത്തുവരും. ബജറ്റ് പ്രതീക്ഷകൾ അടുത്ത ആഴ്ചകളിലും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ബജറ്റിന് മുന്നോടിയായി പൊതുമേഖല വിൽപന പ്രഖ്യാപനങ്ങളും വിപണി പ്രതീക്ഷിക്കുന്നു.   

∙ വീണ് അമേരിക്കൻ വിപണി

ഫെഡ് മിനുട്സിനൊപ്പം ഡിസംബറിലെ മികച്ച തൊഴിൽലഭ്യത കണക്കുകളും, പിന്നീട് വന്ന മികച്ച ജോബ് ഡേറ്റയും ഫെഡ് ഇനിയും നിരക്കുയർത്തിയേക്കുമെന്ന ഭയം ജനിപ്പിച്ചത് കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ അമേരിക്കൻ വിപണിയെ വീഴ്ത്തിക്കളഞ്ഞു. വെള്ളിയാഴ്ച പുറത്തുവന്ന നോൺ ഫാം പേ റോൾ കണക്കുകൾ വിപണി പ്രതീക്ഷിച്ച നിലയിലേക്ക് വീണില്ലെങ്കിലും മുൻമാസത്തിലേതിനേക്കാൾ കുറഞ്ഞതു വെള്ളിയാഴ്ച ആശ്വാസ മുന്നേറ്റം നൽകി.

US-STOCKS-CONTINUE-TO-FALL-OVER-INVESTOR-WORRIES-OVER-FEDERAL-RE
(Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

മുൻ ദിവസങ്ങളിൽ മുന്നേറ്റം നടത്തിയ അമേരിക്കൻ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 3.56 ശതമാനത്തിലേക്ക് വീണതാണ് വിപണി മുന്നേറ്റത്തിന് ആധാരമായത്. മികച്ച പിഎംഐ ഡേറ്റകളുടെയും തൊഴിൽ- പണപ്പെരുപ്പ കണക്കുകളുടെയും പിൻബലത്തിൽ യൂറോപ്യൻ വിപണികൾ പുതുവർഷത്തിലെ ആദ്യ ആഴ്ച ഗംഭീരമാക്കി. കഴിഞ്ഞ അഞ്ചു സെഷനുകളിലായി  ജർമനിയുടെ ഡാക്‌സ് 4.4%, ഫ്രാൻസിന്റെ കാക് സൂചിക 5.2% മുന്നേറ്റം നടത്തി. ഇന്ത്യ ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും കഴിഞ്ഞ ആഴ്ച മുന്നേറ്റം കുറിച്ചു.   

നോൺ ഫാം പേ റോൾ കണക്കുകൾക്കൊപ്പം അമേരിക്കൻ ശമ്പളവളർച്ചയിലും കുറവ് വന്നത് ഫെഡ് പരിഗണിച്ചേക്കാമെങ്കിലും വ്യാഴാഴ്ചത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ തന്നെയാകും കൂടുതൽ സ്വാധീനിക്കുക. അമേരിക്കൻ വിപണിയിൽ വരുംദിവസങ്ങളിൽ ‘പണപ്പെരുപ്പ പനി’ പ്രതീക്ഷിക്കാം. അടുത്തദിവസം അറ്റ്ലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റികും ചൊവ്വാഴ്ച ഫെഡ് ചെയർമാൻ ജെറോം പവലും സംസാരിക്കുന്നതും, വ്യാഴാഴ്ച ജെയിംസ് ബല്ലാർഡ് വീണ്ടും വരുന്നതും അമേരിക്കൻ വിപണിക്ക് നിർണായകം. ഫെബ്രുവരി ഒന്നിനാണ് ഫെഡ് റിസർവിന്റെ അടുത്ത നിരക്കുയർത്തൽ പ്രഖ്യാപനം. 

∙ ഓഹരികളും സെക്ടറുകളും 

ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ഇൻഫ്രാ സെക്ടറിന് മുന്നേറ്റം നൽകിയേക്കാം. എൽ ആൻഡ് ടിക്കൊപ്പം എച്ച്ജി ഇൻഫ്രാ, ഐആർബി ഇൻഫ്രാ, ജെകുമാർ ഇൻഫ്രാ മുതലായ ഓഹരികളും മുന്നേറ്റം നേടിയേക്കാം. വരും ആഴ്ചകളിൽ പൊതുമേഖല ഓഹരി വിൽപനകളും അനുബന്ധ പ്രഖ്യാപനങ്ങളും പൊതുമേഖല ഓഹരികൾക്കും അനുകൂലമാണ്. പൊതുമേഖല ബാങ്കിങ്, ഇൻഷുറൻസ്, പവർ, ലോജിസ്റ്റിക് ഓഹരികൾ ശ്രദ്ധിക്കുക. 

global-share

ക്യാപിറ്റൽ ഗുഡ്‌സ് സെക്ടറും ബജറ്റ് ആനുകൂല്യത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എൽ ആൻഡ് ടി, സീമെൻസ്, എബിബി, കമ്മിൻസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. യൂണിയൻ ബജറ്റ് ഇൻഫ്രാ പ്രഖ്യാപനങ്ങൾ സിമന്റ്, മെറ്റൽ ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കാം. മുൻനിര ടെക് കമ്പനികളുടെ റിസൾട്ട് പ്രഖ്യാപനങ്ങൾ അടുത്ത ആഴ്ചയിൽ ടെക് സെക്ടറിന് നിർണായകം. മിഡ് ആൻഡ് സ്‌മോൾ ടെക്ക് ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

സാമ്പത്തികമാന്ദ്യ ഭീതിയിലും ചൈനയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിലും ക്രൂഡ് ഓയിൽ വിലയും കഴിഞ്ഞ ആഴ്ചയിൽ തിരുത്തൽ നേരിട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിലും അമേരിക്കൻ ക്രൂഡ് വില 73 ഡോളറിലും പിന്തുണ നേടി. ക്രൂഡ് ഓയിൽ അടുത്ത ആഴ്ചയിലും റിക്കവറി പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി കണക്കുകളും ക്രൂഡിനും പ്രധാനമാണ്. 

share-market-trading

അമേരിക്കൻ ബോണ്ട് യീൽഡിനെതിരെ ചാഞ്ചാട്ടം നടത്തിയ സ്വർണം വെള്ളിയാഴ്ച ബോണ്ട് യീൽഡ് വീണതിനെ തുടർന്ന് 1875 ഡോളറിലേക്ക് കയറി. 3.56 ശതമാനത്തിലേക്ക് വീണ ബോണ്ട് യീൽഡ് റിക്കവറി നടത്തിയാൽ 1850 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ബോണ്ട് യീൽഡിനെ സ്വാധീനിക്കുന്നത് സ്വർണത്തിനും നിർണായകമാണ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ് - 8606666722.

English Summary: Indian stock-share market forecast- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS