‘ഒരു കൗണ്ടർ അറ്റാക്ക് പ്രതീക്ഷിക്കുന്നു; ഊട്ടുപുരയിൽ പതിവില്ലാത്ത നിയന്ത്രണങ്ങൾ ഭയപ്പെടുത്തി’

pazhayodom-mohanan-namboothiri5
പഴയിടം മോഹനൻ നമ്പൂതിരി. Image. Manorama News
SHARE

കോട്ടയം∙ കലോത്സവ ഊട്ടുപുരയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം നടക്കുന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേള പാചകത്തിൽനിന്നും ഒഴിയുന്നതായി പഴയിടം മോഹനൻ നമ്പൂതിരി. ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ നടക്കുന്ന ദക്ഷിണേഷ്യൻ ശാസ്ത്രമേളയുടെ ഭക്ഷണത്തിന്റെ ചുമതല ഏറ്റിരുന്നതാണ്. എന്നാൽ ഈ വിവാദത്തിന്റെ പേരിൽ അത് വേണ്ടെന്നു വച്ചു. ഇനി ടെൻഡർ എടുത്തുള്ള പരിപാടികളിൽനിന്ന് മാറി നിൽക്കുകയാണ്. തൃശൂരില്‍ നടക്കുന്ന മേളയുടെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് കലോത്സവങ്ങളിലൂടെ ഭക്ഷണം വിളമ്പി. പരാതിയൊന്നുമില്ലാതെ വയറും മനസ്സും നിറച്ചാണ് കുട്ടികള്‍ മടങ്ങുന്നത്. ഇത്തവണത്തെ വിവാദം വലിയ വേദനയുണ്ടാക്കി. ജാതി തിരിച്ച് വിവാദമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയി. നോണ്‍വെജ് ഭക്ഷണം വിളമ്പണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും പഴയിടം പറഞ്ഞു.

16 വർഷമായി കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ ഒരാളെ ലക്ഷ്യംവച്ച് ഒരു കൂട്ടം ആളുകൾ ഇറങ്ങി തിരിക്കുമ്പോൾ അവിടെ എന്തും സംഭവിക്കാം. അടുത്തിടെ കേരളത്തിൽ ഭക്ഷണം കഴിച്ചുണ്ടായ മരണങ്ങളെടുത്താൽ അതെല്ലാം ‌നോൺ വെജ് കഴിച്ചുള്ളതാണ്. അതിനെതിരെ ഒരു കൗണ്ടർ അറ്റാക്ക് ഞാനും അടുക്കളയിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഈ വർഷത്തെ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഇതുവരെയില്ലാത്ത രീതിയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരെയും അകത്തേക്ക് കടത്തിയിരുന്നില്ല. ഇങ്ങനെ മുൻപ് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഭയം ഉണ്ട്. അതുകൊണ്ടാണ് ഇതുമായി മുന്നോട്ടു പോകുന്നില്ലെന്നു പറഞ്ഞത്. അതിനാലാണ് ഇനി ടെൻഡറുകൾ എടുക്കാനില്ലെന്നും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം അറിയിച്ചിരുന്നു. ഇതുവരെയില്ലാത്ത ഭയം അടുക്കളയില്‍ തോന്നിത്തുടങ്ങി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. അതിനാൽ ഇനി കലോത്സവ വേദികളിൽ പാചകത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പഴയിടം മോഹനൻ നമ്പൂതിരി എന്നത് വെജിറ്ററിയൻ ബ്രാൻഡ് ആണ്. സംസ്ഥാന കായികമേളയ്ക്കു മാത്രമാണ് സസ്യേതര ഭക്ഷണം വിളമ്പിയത്. വെജിറ്റേറിയന്‍ ബ്രാന്‍ഡ് നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Pazhayidom Mohanan Namboothiri says he is calling off from South zone science festival cooking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS