ADVERTISEMENT

ബ്രസീലിയ ∙ ജനാധിപത്യ ലോകത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയ യുഎസ് ക്യാപ്പിറ്റൽ ആക്രമണത്തിന്റെ ചുവട് പിടിച്ച് ബ്രസീലും. ഫുട്ബോൾ ഗ്രൗണ്ടിലും ഗാലറിയും നിറഞ്ഞുകാണാറുള്ള മഞ്ഞയും പച്ചയും വേഷധാരികളായവരുടെ പടയെ പക്ഷെ ഇത്തവണ കണ്ടത് അക്രമകാരികളായാണ്. ബ്രസീൽ ദേശീയപതാകയിലെ പച്ചയും മഞ്ഞയും നിറമണിഞ്ഞാണ് മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുയായികൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് പരാജയത്തിന്റെ ദേഷ്യം തീർത്തത്.

അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ചു പറയുന്നതിൽ കുപ്രസിദ്ധി നേടിയ മുൻ പ്രസിഡന്റാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ രാജ്യം വിട്ട് ബൊൽസൊനാരോ യുഎസിലെ ഫ്ലോറിഡയിലേക്ക് പോയിരുന്നു. അതിനാൽ താനല്ല ആക്രമണത്തിന് പിന്നിലെന്നാണ് ബൊൽസൊനാരോയുടെ വാദം. പാർലമെന്റിനും സുപ്രീം കോടതിയ്ക്കും സമീപത്തായി തമ്പടിച്ച പ്രവർത്തകർ ഞായറാഴ്ചയാണ് അഴിഞ്ഞാട്ടം നടത്തിയത്.

∙ ആക്രമണം ഗവർണറുടെ ഒത്താശയോടെ ?

ക്യാപ്പിറ്റൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നീതിന്യായ മന്ത്രി ഫ്ലാവിയോ ഡിനോയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നു. സുപ്രധാന ഓഫിസുകൾക്ക് സമീപം തമ്പടിച്ചിരുന്ന പ്രതിഷേധക്കാരെ നീക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ഡിനോ പറഞ്ഞത്. സുരക്ഷാ നിർദേശങ്ങൾ എന്തുകൊണ്ട് അട്ടിമറിക്കപ്പെട്ടുവെന്ന് അന്വേഷണം നടത്തും.

ബ്രസീലിൽ പ്രക്ഷോഭം നടത്തുന്ന ബൊൽസൊനാരോ അനുയായി. യുഎസിൽ ക്യാപ്പിറ്റൽ ആക്രമണത്തിനിടെ ട്രംപ് അനുയായി (twitter.com/hodgetwins)
ബ്രസീലിൽ പ്രക്ഷോഭം നടത്തുന്ന ബൊൽസൊനാരോ അനുയായി. യുഎസിൽ ക്യാപ്പിറ്റൽ ആക്രമണത്തിനിടെ ട്രംപ് അനുയായി (twitter.com/hodgetwins)

ബ്രസീലിയ ഗവർണർ ഇബിനിസ് റോചയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് അട്ടിമറിച്ചതെന്നാണ് വിലയിരുത്തൽ. ആക്രമണത്തിന് പിന്നാലെ ഗവർണറെ പുറത്താക്കുകയും ചെയ്തു. ഗവർണറുടെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് റോചയെ പുറത്താക്കിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറെസ് പറഞ്ഞു. ക്യാപ്പിറ്റൽ ബ്രസീലിയ ആക്രമിച്ചത് ‘പ്രാകൃതം’ എന്നാണ് പ്രസിഡന്റ് ലുല വിശേഷിപ്പിച്ചത്. സുരക്ഷാ പാളിച്ചയുണ്ടായി. അതുകൊണ്ടാണ് ബൊൽസൊനാരോയുടെ ഫാഷിസ്റ്റ് അനുകൂലികൾക്ക് ആക്രമണം നടത്താൻ സാധിച്ചത്. രാഷ്ട്രീയത്തിൽ വെറുക്കപ്പെട്ടവരാണ് ആക്രമണങ്ങൾക്ക് പിന്നിൽ. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീൽ ക്യാപ്പിറ്റൽ ആക്രമണത്തിനിടെ പ്രക്ഷോഭകർ (ചിത്രം. റോയിട്ടേഴ്സ് )
ബ്രസീൽ ക്യാപ്പിറ്റൽ ആക്രമണത്തിനിടെ പ്രക്ഷോഭകർ (ചിത്രം. റോയിട്ടേഴ്സ് )

∙ തമ്പടിച്ചു; പാർലമെന്റ് അടിച്ചുതകർത്തു

തിരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത തീവ്രവലതുപക്ഷ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ ആയിരക്കണക്കിന് അനുയായികളാണ് പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചത്. ഇവർ സുരക്ഷാ ബാരിക്കേ‍ഡുകൾ മറികടന്നു 3 സമുച്ചയങ്ങളിലും കടന്നുകയറി ഓഫിസുകൾ അലങ്കോലമാക്കി. ജനാലകൾ അടിച്ചുതകർത്തു. ഈ സമയം പ്രസിഡന്റ് ലുല ഔദ്യോഗിക സന്ദർശനത്തിന് സാവോ പോളോയിലായിരുന്നു. ഞായറാഴ്ചയായതിനാൽ സർക്കാർ മന്ദിരങ്ങളിൽ ജീവനക്കാരുണ്ടായിരുന്നില്ല. അക്രമികൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ച സുരക്ഷാസേന മണിക്കൂറുകൾക്കകം എല്ലാവരെയും ഒഴിപ്പിച്ചു. 1500 ലധികം അറസ്റ്റിലായി. നഗരത്തിൽ കൂടാരം കെട്ടി തമ്പടിച്ച ബൊൽസൊനാരോ അനുയായികളെ ഒഴിപ്പിച്ചു. 

ജൈർ ബൊൽസൊനാരോ
ജൈർ ബൊൽസൊനാരോ

ഇടതുപക്ഷ നേതാവ് ലുല ഡസിൽവ പ്രസിഡന്റായി അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണു 2021 ജനുവരി 6നു ട്രംപ് അനുയായികൾ നടത്തിയ യുഎസ് ക്യാപ്പിറ്റൽ ആക്രമണ മാതൃകയിൽ ബൊൻസൊനാരോയുടെ അനുയായികൾ അഴിഞ്ഞാടിയത്. അനുയായികളെ കലാപത്തിനു പ്രേരിപ്പിക്കുകയാണു ബൊൽസൊനാരോ ചെയ്യുന്നതെന്നു ലുല സാവോ പോളോയിൽ പറഞ്ഞു. ലുല അധികാരമേൽക്കുന്നതിനു തലേന്നു തന്നെ യുഎസിലെ ഫ്ലോറിഡയിലേക്കു സ്ഥലം വിട്ട ബൊൽസൊനാരോ ആരോപണം നിഷേധിച്ചു. 

Lula da Silva AFP
ലുല ഡ സിൽവ

∙ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ബൊൽസൊനാരോ അനുയായികൾ‌

കഴിഞ്ഞ ഒക്ടോബർ 30 നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല വിജയിച്ചതിനു പിന്നാലെ ആരംഭിച്ചതാണു ബൊൽസൊനാരോയുടെ അനുയായികളുടെ പ്രതിഷേധം. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്നും ഫലം റദ്ദാക്കണമെന്നുമുള്ള ബൊൽസൊനാരോയുടെ കക്ഷിയുടെ ആവശ്യം തിര‍ഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. സമ്പന്നരും മാധ്യമങ്ങളും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഇവർ ആരോപിച്ചു. റോഡുകൾ ഉപരോധിച്ചും വാഹനങ്ങൾക്കു തീയിട്ടും പ്രതിഷേധം തുടർന്നു.

BRAZIL-POLITICS-VIOLENCE
ഫയൽ ചിത്രം

സൈന്യം ഇടപെടണമെന്നാവശ്യപ്പെട്ടു ബാരക്കുകൾക്കു പുറത്തു കൂടാരം കെട്ടി ആഴ്ചകളായി ലുല വിരുദ്ധർ പ്രതിഷേധം തുടരുകയായിരുന്നു. ഡിസംബറിൽ ഫെഡറൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ പ്രതിഷേധക്കാർ തീവച്ചു. ജനുവരി ഒന്നിന് ലുലയുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ബോംബ് വയ്ക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഏറെനാളായി തുടരുന്ന പ്രതിഷേധമാണ് പാർലമെന്റ് ആക്രമണത്തിൽ കലാശിച്ചത്. 

∙ യുഎസ് മാതൃക 

യുഎസ് ക്യാപ്പിറ്റൽ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ബ്രസീലിലും അരങ്ങേറിയത്. തോറ്റ പ്രസിഡന്റിന്റെ ആൾക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാൻ കൂട്ടാക്കാതെ പാർലമെന്റിലേക്ക് അതിക്രമിച്ചു കയറി നാശമുണ്ടാക്കിയത്. യുഎസിൽ ഡോണൾഡ് ട്രംപ് തോൽവി അംഗീകരിക്കാൻ കൂട്ടാക്കാതെ പ്രതിഷേധം സംഘടിപ്പിക്കാൻ അനുയായികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ബ്രസീലിൽ തോൽവി ഉറപ്പിച്ചതോടെ ബൊൽസൊനാരോ രാജ്യം വിട്ടു. ഇരു സ്ഥലങ്ങളും നടന്ന അക്രമസംഭവങ്ങൾക്ക് സമാന സ്വഭാവമാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്തവർ ഭരണസിരാ കേന്ദ്രത്തിൽ കടന്നുകയറി എല്ലാം അടിച്ചുതകർത്തു. വൻസുരക്ഷാ പാളിച്ച ഇരുരാജ്യങ്ങളിലുമുണ്ടായി. 

BRAZIL-POLITICS-VIOLENCE
ഫയൽ ചിത്രം

തിങ്കളാഴ്ച അസുഖബാധിതനായതോടെ ബൊൽസൊനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഭാര്യ അറിയിച്ചു. ഉടൻ തന്നെ ബ്രസീലിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതിക്രമത്തെ അപലപിച്ചുകൊണ്ട് ബൊൽസൊനാരോ രംഗത്തെത്തിയിരുന്നു. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. സാഹസികത ആർക്കും ആവശ്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

∙ മഞ്ഞ ജഴ്സി സ്വന്തമാക്കി, നെയ്മാറെയും കൂട്ടുപിടിച്ചു; എന്നിട്ടും തോറ്റ് ബൊൽസനാരോ

ലുല ഡസിൽവയ്ക്കെതിരെ ബൊൽസൊനാരോയുടെ വജ്രായുധങ്ങളിലൊന്നായിരുന്നു ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞ ജഴ്സി. ‘എല്ലാവരും മഞ്ഞ ജഴ്സിയണിഞ്ഞ് വോട്ടു ചെയ്യാൻ വരിക’– വോട്ടെടുപ്പിനു മുൻപ് ബൊൽസൊനാരോ അണികളോടു പറഞ്ഞതിങ്ങനെ. മാത്രമല്ല, സൂപ്പർ താരം നെയ്മാറെക്കൊണ്ട് തനിക്കു വോട്ട് ചെയ്യണമെന്ന് പറയിപ്പിക്കുക കൂടി ചെയ്തു ബൊൽസൊനാരോ.

പ്രസിഡന്റിന്റെ ലൈവ് ഷോയിൽ അതിഥിയായി പങ്കെടുത്ത നെയ്മാറോടുള്ള ചോദ്യമിതായിരുന്നു: ‘‘ലോകകപ്പിൽ ആദ്യ ഗോൾ നേടുമ്പോൾ എങ്ങനെ ആഘോഷിക്കും?.’’ അത് പ്രസിഡന്റ് ബൊൽസൊനാരോയ്ക്ക് സമർപ്പിക്കും എന്നു പറഞ്ഞ നെയ്മാർ അതു കൊണ്ടും നിർത്തിയില്ല. ‘‘കപ്പ് നേടിയതിനു ശേഷം ഞങ്ങൾ പ്രസിഡന്റിനെ കാണാൻ വരു’’മെന്നു വരെ പറഞ്ഞു. നിർഭാഗ്യവശാൽ ഇതു രണ്ടും നടന്നില്ല. തോറ്റ ബൊൽസൊനാരോയ്ക്ക് രാജ്യം വിടേണ്ടിവരികയും ക്യാപ്പിറ്റൽ ആക്രമണത്തിന്റെ ചീത്തപ്പേര് തലയില‍ാകുകയും ചെയ്തു.

നെയ്മാറെ കൂട്ടുപിടിച്ചതുകൊണ്ട് ജനം തനിക്ക് വോട്ടുചെയ്യുമെന്ന് ബൊൽസൊനാരോ കരുതിയെങ്കിലും എല്ലാം പിഴച്ചു. ഫുട്ബോൾ കോച്ച് ടിറ്റെ ഇതിനെതിരായിരുന്നു. കപ്പ് നേടിയാലും ഇല്ലെങ്കിലും അങ്ങനത്തെ ആചാരങ്ങൾക്കൊന്നും എന്നെ കിട്ടില്ല എന്ന് ടിറ്റെ തുറന്നടിച്ചു. ഇതേ മനോഭാവം തന്നെയായിരുന്നു ബ്രസീലിലെ ജനങ്ങൾക്കും. ഫുട്ബോളിനൊപ്പം തിരഞ്ഞെടുപ്പും കൂട്ടിക്കുഴയ്ക്കാൻ നോക്കിയെങ്കിലും ബൊൽസൊനാരോയുടെ തന്ത്രം വിലപ്പോയില്ല. 

ബ്രസീലിൽ ലുല അനുയായികൾ പ്രകടനം നടത്തിയപ്പോൾ (ട്വിറ്റർ ചിത്രം)
ബ്രസീലിൽ ലുല അനുയായികൾ പ്രകടനം നടത്തിയപ്പോൾ (ട്വിറ്റർ ചിത്രം)

∙ ജനാധിപത്യം സംരക്ഷിക്കണം; കൂറ്റൻ റാലി

ക്യാപ്പിറ്റൽ ആക്രമണത്തിന് പിന്നാലെ ജനാധിപത്യം സംരക്ഷിക്കണമെന്നും ബൊൽസൊനാരോയെ ജയിലിലടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് സാവോ പോളോയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത്. സമാനമായ രീതിയിൽ തിങ്കളാഴ്ച പല നഗരങ്ങളിലും റാലികൾ സംഘടിപ്പിക്കപ്പെട്ടു. പ്രസിഡന്റ് ലൂണയുടെ വർക്കേഴ്സ് പാർട്ടിയുടെ നിറമായ ചുവപ്പ് ധരിച്ചാണ് പലരും പ്രകടനത്തിനെത്തിയത്.

അട്ടിമറിക്ക് നേതൃത്വം നൽകിയവരോട് ദയ കാണിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‌നടപടികൾ നേരിടുന്നതിന് ബൊൽസൊനാരോയെ ബ്രസീലിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന് യുഎസിന് മേൽ സമ്മർദം ഏറുകയാണ്. ബൊൽസൊനാരോയെ ബ്രസിലീലേയ്ക്ക് തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധികൃതരോട് ആരാഞ്ഞു. സ്വന്തം രാജ്യത്ത് തിരിച്ചെത്തിയാൽ യുഎസ് പ്രസിഡന്റ് ഡോൺഡ് ട്രംപിനേക്കാൾ മോശമായ അവസ്ഥയായിരിക്കും തന്നെ കാത്തിരിക്കുന്നതെന്ന് ബൊൽസൊനാരോയ്ക്ക് ഉറപ്പാണ്. അതിനാലാണ് ഉടനെയൊന്നും ബ്രസീലിലേയ്ക്ക് ഇല്ലെന്ന് അറിയിച്ചത്. 

English Summary: What do the Bolsonaro protesters in Brazil want?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com