യുഎസിൽ വിമാനസർവീസുകൾ പുനരാരംഭിച്ചു തുടങ്ങി; സൈബർ ആക്രമണത്തിന് തെളിവില്ല

Mail This Article
വാഷിങ്ടൻ∙ യുഎസിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി. ഇന്നലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെയാണ് യുഎസിലെ വ്യോമയാന മേഖല സ്തംഭിച്ചത്.
സാങ്കേതിക തകരാറിനെത്തുടർന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ അറിയിച്ചു. ഈ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിവരം. സെപ്റ്റംബർ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
Read more at: ‘സ്ട്രോങ്’ അല്ലെന്നു റാണ അറിഞ്ഞു; ‘സേഫ്’ ആയി കോടികൾ പിൻവലിച്ചു
യുഎസ് സമയം ബുധനാഴ്ച പുലർച്ചെ 2നു ശേഷമാണു പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടിരുന്നു.
∙ എന്താണ് തകരാർ?
വിമാനഗതാഗതവുമായി ബന്ധപ്പെട്ട ‘നോട്ടിസ് ടു എയർ മിഷൻസ്’ (NOTAM) സംവിധാനമാണു തകരാറിലായത്. യാത്രാപാതയിലെ പക്ഷിശല്യം, അടഞ്ഞ റൺവേ, പ്രതികൂല കാലാവസ്ഥ, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളിൽ പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ കോഡുകളായി നൽകുന്ന സംവിധാനമാണിത്. ഈ വിവരങ്ങൾ യഥാസമയം പുതുക്കിനൽകുന്നതിൽ സംവിധാനം പരാജയപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. ഈ സംവിധാനം പ്രവർത്തനക്ഷമമല്ലെങ്കിൽ വിമാനം പറപ്പിക്കാൻ പാടില്ലെന്നാണു ചട്ടം.
Read more at: കൊട്ടാരത്തിൽനിന്ന് ‘കുടിലിൽ’; ‘റാണ’ എന്നെ ഞാൻ തന്നെ വിളിക്കുന്ന പേര്!
∙ സൈബർ ആക്രമണം അല്ലെന്ന് നിഗമനം
പുതിയ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ വ്യാഴാഴ്ചതന്നെ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, സൈബർ ആക്രമണം ആണിതെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയെറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ സാങ്കേതിക തകരാറിന്റെ കാരണം ഈ ഘട്ടത്തിൽ വ്യക്തമല്ല.
English Summary: Airlines hope for a return to normal Thursday after FAA outage snarls U.S. travel