ADVERTISEMENT

ജയ്പുർ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് പത്തു മാസം മാത്രം ശേഷിക്കെ, രാജസ്ഥാനിലുടനീളം ‘ഒറ്റയ്ക്ക്’ റാലികൾ നടത്താനുള്ള കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ തീരുമാനത്തെച്ചൊല്ലി പാർട്ടിയിൽ വീണ്ടും തർക്കം. അടുത്തയാഴ്ച മുതൽ കർഷകരെയും യുവാക്കളെയും സച്ചിൻ പൈലറ്റ് പൊതുയോഗങ്ങളിൽ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തിയപ്പോഴും നേതൃതർക്കങ്ങൾക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ, സമ്മർദ്ദതന്ത്രമെന്ന നിലയിലാണ് സച്ചിന്റെ ഒറ്റയാൾ പ്രചാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം, സച്ചിന്റെ അനുയായികൾ ഈ റിപ്പോർട്ടുകൾ നിഷേധിച്ചു. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ലഭിച്ച ഊർജം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിർത്താനും യുവാക്കളിലേക്കും കർഷകരിലേക്കും ഇത് എത്തിക്കുന്നതിനുമാണ് സച്ചിന്റെ ശ്രമമെന്നാണ് അവരുടെ വാദം. തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന രാജസ്ഥാൻ രാഷ്ട്രീയത്തിൽ, തന്റെ പ്രസക്തി നിലനിർത്തണമെന്ന സച്ചിന്റെ താൽപര്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2003ലും 2013ലും സംഭവിച്ചതുപോലെ പാർട്ടി തുടച്ചുനീക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളിലേക്കാണ് മുൻ ഉപമുഖ്യമന്ത്രിയായ സച്ചിന്റെ പര്യടനമെന്നാണ് സൂചന.

സച്ചിൻ പൈലറ്റിന്റെ പ്രചാരണത്തിന് രാഹുൽ ഗാന്ധിയുടെ അംഗീകാരമുണ്ടെന്ന് അനുയായികൾ പറഞ്ഞെങ്കിലും എഐസിസിയുടെ ഔദ്യോഗിക അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിൻ പൈലറ്റിനെ രാജ്യദ്രോഹി എന്നു പരസ്യമായി വിളിച്ചതിന്റെ ആഘാതത്തിൽനിന്നു കോൺഗ്രസ് കരകയറിയിട്ടില്ല.

‘‘ഒരു രാജ്യദ്രോഹിയെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. പത്ത് എംഎൽഎമാർ പോലും ഒപ്പമില്ലാത്ത സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിന് കഴിയില്ല.’’– ഇതായിരുന്നു ഗെലോട്ടിന്റെ വാക്കുകൾ.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇരുവരും മത്സരിച്ചതോടെയാണ് ഗെലോട്ട്-പൈലറ്റ് തർക്കം ആരംഭിച്ചത്, 2020ൽ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന 20 എംഎൽഎമാർക്കൊപ്പം വിമതനായി, ആഴ്ചകളോളം ഡൽഹിയിൽ ക്യാംപ് ചെയ്‌തതോടെ തർക്കം രൂക്ഷമായി. ഇതോടെ സച്ചിൻ പൈലറ്റിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം തെറിച്ചു. രാഹുലും പ്രിയങ്കയും ചേർന്ന് ചില ഉറപ്പുകൾ നൽകിയതോടെ തൽക്കാലത്തേയ്ക്ക് വിമതനീക്കം സച്ചിൻ അവസാനിപ്പിച്ചെങ്കിലും, തർക്കം ഇതുവരെയും പൂർണമായും പരിഹരിച്ചിട്ടില്ല.

പുതിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പാർട്ടിക്കു കൂടി ഗുണം ചെയ്യുന്ന തരത്തിൽ, പ്രശ്ന പരിഹാരം തേടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ‘‘സംഘടനയാണ് പ്രധാനം. നേതാക്കൾ വരുകയും പോകുകയും ചെയ്യുന്നു, എന്നാൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പാർട്ടിക്കു മുതൽക്കൂട്ടാണെന്നു രാഹുൽജി പോലും പറഞ്ഞിട്ടുണ്ട്.’’– ജയറാം രമേശ് ചൂണ്ടിക്കാട്ടി.

English Summary: Sachin Pilot's Solo Campaign Worries Congress Ahead Of Rajasthan Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com