ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാൻ സന്ദർശിക്കാൻ വീസ നൽകണമെങ്കിൽ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്ന് പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. പഞ്ചാബിലെ ഒരു സർവകലാശാലയിലെ സീനിയർ വനിതാ പ്രഫസറാണ് വെളിപ്പെടുത്തൽ നടത്തിയത്. പാക്കിസ്ഥാനിലെ ഒരു വാഴ്സിറ്റിയിൽ ക്ലാസിനായി ക്ഷണിച്ചതിനെത്തുടർന്നാണ് അവർ വീസയ്ക്കായി എത്തിയത്.

ഒരു പാക്ക് സർവകലാശാലയില്‍ ക്ലാസ് എടുക്കാൻ ക്ഷണം ലഭിച്ചതിനെത്തുടർന്ന് 2022 മാർച്ചിൽ ഡൽഹിയിലെ ഹൈക്കമ്മിഷനിൽ ചെന്നപ്പോഴായിരുന്നു ദുരനുഭവം. ‘‘ഗുരുദ്വാര സാഹിബ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കാണണമെന്നും ഉണ്ടായിരുന്നു. ഡൽഹിയിലെ ഹൈക്കമ്മിഷനിൽ ചെന്നപ്പോൾ ഇമ്രാൻ ഖാൻ സർക്കാർ എപ്പോൾ വേണമെങ്കിലും താഴെപ്പോകും അതുകൊണ്ട് ഈദിനുശേഷം മേയിൽ എത്താൻ ആവശ്യപ്പെട്ടു. ഗേറ്റിനടുത്ത് സെക്യൂരിറ്റി ചെക്ക്പോയിന്റിൽ നിന്നപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ അടുത്തത്തെത്തി വീസ കിട്ടാൻ എളുപ്പമാർഗമുണ്ടെന്നു പറഞ്ഞു.

Read also: കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി - വിഡിയോ

അരമണിക്കൂർ കാത്തുനിന്നശേഷം മറ്റൊരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി. വീസ അപേക്ഷയെക്കുറിച്ചു പൊതുവായ കാര്യങ്ങൾ ചോദിച്ചു. ഞാനൊരു സർക്കാർ ജീവനക്കാരിയാണ്. പോകുന്നതിൽ എൻഒസി എടുത്തിട്ടുമുണ്ട്. വീസ ഓഫിസർക്കായി കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഈ ഉദ്യോഗസ്ഥൻ ചോദ്യങ്ങൾ തുടർന്നു. ഞാൻ വിവാഹിതയാണോ എന്ന് അയാൾ ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ എന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചാണ് അയാൾ ചോദിച്ചത്. അസ്വസ്ഥത തോന്നിയതോടെ അയാളൊരു ലൈംഗിക വൈകൃത്യം ഉള്ളയാളാണെന്നു കരുതി ചോദ്യങ്ങളെ അവഗണിച്ചു. ഉടനെ അയാളെന്റെ കയ്യിൽ കയറിപ്പിടിച്ചു. പെട്ടെന്നു ഞാൻ എഴുന്നേറ്റ് കൈവിടാൻ ആവശ്യപ്പെട്ടു’’ – അവർ ദേശീയമാധ്യമത്തോടു പ്രതികരിച്ചു.

Read also: ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞു താഴും: ഐഎസ്ആര്‍ഒ മുന്നറിയിപ്പ്‌

അയാൾ പറയുന്നത് അവഗണിക്കുന്നുണ്ടായിരുന്നെങ്കിലും പിന്നെയും അയാൾ സംസാരിച്ചുകൊണ്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ‘‘എന്റെ വീസ ശരിയായി കിട്ടാൻവേണ്ടി മാത്രമാണ് അവിടെ കാത്തിരുന്നത്. പിന്നെയും അയാൾ കൈയിൽ കയറിപ്പിടിച്ചു. ഞാൻ വീണ്ടുമെഴുന്നേറ്റ് പോകാൻ തുടങ്ങി. ഉടനെ അയാൾ ഖലിസ്ഥാനെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ‘ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും’ പറഞ്ഞു. ആസിഫ് എന്നാണ് ഈ ഉദ്യോഗസ്ഥന്റെ പേര്. പിന്നീട് താഹിർ അബ്ബാസ് എന്ന ഉദ്യോഗസ്ഥൻ എത്തി. ആൺതുണയില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്നത് ശരിയല്ലെന്ന് അയാളും പറഞ്ഞു. വീസയ്ക്കായി എന്നെ സ്പോൺസർ ചെയ്തിരുന്നത് പാക്കിസ്ഥാനിലെ സർവകലാശാലയാണ്. എന്നാൽ ഉദ്യോഗസ്ഥർ തന്നെ എന്നെ സ്പോൺസർ ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ഞാനതു തള്ളി. പാക്ക് നയതന്ത്രജ്ഞരുടെ പേരിന്റെ കൂടെ എന്നെ ബന്ധപ്പെടുത്തുന്നതിനു താൽപര്യമില്ലെന്നു പറഞ്ഞ് ഞാനവിടുന്ന് ഇറങ്ങി. ഹൈക്കമ്മിഷന് ഉള്ളിലേക്കു ഫോൺ കയറ്റാനാകില്ലാത്തതിനാൽ യാതൊരു തെളിവും ശേഖരിക്കാനായില്ല’’ – പ്രഫസർ പറഞ്ഞു.

Read also: 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങി; ദമ്പതികളെ തിരഞ്ഞ് പൊലീസ്

പക്ഷേ, ഒരു മാസത്തിനുശേഷം പ്രഫസർക്ക് ഈ ഉദ്യോഗസ്ഥരിൽനിന്ന് വാട്‌സാപ്പ് സന്ദേശങ്ങൾ ലഭിക്കാൻതുടങ്ങി. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഴുതണമെന്നും പണം നൽകാമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈ സന്ദേശങ്ങൾ വായിച്ചുകഴിയുമ്പോൾ ഡിലീറ്റ് ചെയ്യപ്പെടുമായിരുന്നു. അതുകൊണ്ട് ഞാൻ സ്ക്രീൻഷോട്ടുകൾ എടുത്തു. ഭാഷ വച്ച് ഈ രണ്ടു ഉദ്യോഗസ്ഥരുമാണ് സന്ദേശങ്ങള്‍ അയച്ചതെന്നു കരുതുന്നു’’ – അവർ കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് പാക്ക് ഹൈക്കമ്മിഷന്റെ പരാതി പരിഹാര പോർട്ടൽ വഴി പരാതിനൽകി. പിന്നീട് താഹിർ അബ്ബാസ് വിളിച്ച് പാക്കിസ്ഥാനിലേക്കു വരാൻ പ്രഫസറോട് ആവശ്യപ്പെട്ടു. അത്താഴത്തിനു കൊണ്ടുപോകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ വീസ അപേക്ഷയെക്കുറിച്ചാണ് അവർ തിരിച്ചുചോദിച്ചത്. പക്ഷേ, താഹിറിനുമാത്രമേ പ്രഫസറുടെ സന്ദർശനത്തെ സ്പോൺസർ ചെയ്യാനാകൂയെന്നും ഒരു രാത്രി അയാൾക്കൊപ്പം കഴിഞ്ഞാൻ വീസ പെട്ടെന്ന് ശരിയാക്കിത്തരാമെന്നുമാണ് അയാൾ പറഞ്ഞത്.

Read also: യൂസഫലിയെ തോൽപിച്ചെന്ന് ‘നമ്പർ’; റാണ പുതിയ ‘മോൻസൻ’, തട്ടിപ്പുരീതികളുമായി ഏറെ സ‍ാമ്യം

ഇതോടെ വീണ്ടും പാക്ക് ഹൈക്കമ്മിഷനിലെ പോർട്ടൽ വഴി മാനസിക പീഡനത്തിന് പരാതി നൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല. പാക്ക് വിദേശകാര്യ സെക്രട്ടറിക്ക് വിവരങ്ങൾ അയച്ചുകൊടുത്തു. ട്വിറ്ററിൽ പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ടാഗ് ചെയ്തും പരാതിപ്പെട്ടു. പിന്നാലെ ഇന്ത്യൻ സർക്കാരിലെ ബന്ധപ്പെട്ട വൃത്തങ്ങളെയും ഇക്കാര്യം അറിയിച്ചു. നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച അവർ വിശദാംശങ്ങള്‍ അറിയിക്കാൻ ആവശ്യപ്പെട്ടു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഈ ഉദ്യോഗസ്ഥർ രക്ഷപ്പെടുമെന്ന് അറിയാം. അതുകൊണ്ട് പൊലീസിൽ പരാതി നൽകിയില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഹൈക്കമ്മിഷൻ ആസ്ഥാനം സന്ദർശിക്കുന്നവരോടുള്ള ഇത്തരം സമീപനം വച്ചുപൊറുപ്പിക്കില്ലെന്ന് പാക്ക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലൂച് പ്രസ്താവനയിൽ പറഞ്ഞു. ‘‘വിഷയം പരിശോധിച്ചുവരികയാണ്. പ്രഫഷനലായി ഇടപെടണമെന്ന് എല്ലാ നയതന്ത്രജ്ഞര്‍ക്കും കർശന നിർദേശം നൽകിയിട്ടുള്ളതാണ്. വിഷയം ഇപ്പോൾ ഉയര്‍ന്നുവന്നിരിക്കുന്ന സമയവും കാലവും അദ്ഭുതപ്പെടുത്തുന്നു’’ – അവർ കൂട്ടിച്ചേർത്തു.

English Summary: 'Write-ups against PM Modi, Sexual Favours for Visa': Punjab Professor's Horrific Run-in with Pak Diplomats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com