ADVERTISEMENT

തിരുവനന്തപുരം∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ഇൻഷുറൻസ് വിഹിതമായി സർക്കാർ ആശുപത്രികൾക്ക് ലഭിക്കുന്ന തുകയുടെ 20% ശതമാനം മേൽനോട്ടക്കാരായ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്എച്ച്എ) നൽകാനുള്ള ഉത്തരവ് വിവാദമായതിനെ തുടർന്ന് മരവിപ്പിച്ചു. ഇൻഷുറൻസ് വിഹിതത്തിന്റെ 15% ആശുപത്രി ജീവനക്കാർക്ക് ഇൻസെന്റീവായി നൽകാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതുവരെ പഴയ ഉത്തരവിൽ തീരുമാനമെടുക്കരുതെന്നാണ് നിർദേശം. ഈ മാസം 10ന് ഇറങ്ങിയ ഉത്തരവ് 11നാണ് മരവിപ്പിച്ചത്. നിലവിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കാരുണ്യ പദ്ധതിയിൽ സർക്കാർ ആശുപത്രികൾക്ക് 500 കോടിയിൽ അധികം തുക കുടിശികയായി നൽകാനുണ്ട്.

Read also: രാജകുടുംബ ബന്ധം പറഞ്ഞ് മുറിയെടുത്തു; 23 ലക്ഷം അടയ്ക്കാതെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് മുങ്ങി

ഇൻഷുറന്‍സ് വിഹിതത്തിന്റെ 20% ഹെൽത്ത് ഏജൻസിക്ക് നൽകുന്നതോടെ ആശുപത്രികളുടെ ഫണ്ട് കുത്തനെ കുറയുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇൻഷുറൻസ് തുക കൈകാര്യം ചെയ്യുന്ന ആശുപത്രി വികസന സമിതികൾ ദൈനംദിന പ്രവർത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താൻ കഴിയാതെ പ്രതിസന്ധിയിലാകുമെന്നതും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് വ്യത്യസ്ത ഇൻസെന്റീവ് പ്രഖ്യാപിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. ആരോഗ്യപ്രവർത്തകരുടെ സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് ഉത്തരവ് ഇറക്കിയത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, ആരോഗ്യവകുപ്പുമായി ചർച്ച ചെയ്യാതെ കൺസൽട്ടൻസികൾ നൽകുന്ന നിർദേശം നടപ്പിലാക്കുന്നു എന്നാണ് ആക്ഷേപം.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട രോഗി ഇൻഷുറന്‍സിന് അപേക്ഷിച്ചാൽ ചികിത്സയ്ക്കുശേഷം ആ തുക ആശുപത്രി വികസന സമിതിക്കാണ് സർക്കാർ കൈമാറുന്നത്. ഈ തുക ഉപയോഗിച്ചാണ് ആശുപത്രികൾ ദൈനംദിനപ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്തുന്നത്. ഇന്‍ഷുറൻസ് വിഹിതത്തിൽ 20% നഷ്ടമായാൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകും. ഇൻഷുറൻസ് വിഹിതം ചെലവഴിക്കേണ്ടതിനെ സംബന്ധിച്ച് ഉത്തരവിലുള്ളത് ഇങ്ങനെ: സ്റ്റാഫ് ഇൻ‌സെന്റീവ്–15%, താൽക്കാലിക നിയമനങ്ങൾക്ക്–20%, മരുന്നുകൾ–ടെസ്റ്റുകൾ–40%, ആശുപത്രി വികസനം–20%, ഭരണപരമായ ചെലവുകൾ–5%.

Read also: ചീറിപ്പാഞ്ഞെത്തിയ കാറിടിച്ച് അമ്മയും മക്കളും മരിച്ച സംഭവം: യുവാവിന് 5 വർഷം തടവ്

മുൻപ് തർക്കങ്ങളെ തുടർന്ന് നിർത്തിവച്ച ഇൻസെന്റീവ് സ്കീമാണ് ആലോചനകളില്ലാതെ വീണ്ടും നടത്താൻ തീരുമാനിച്ചത്. ആശുപത്രി സൂപ്രണ്ട് അധ്യക്ഷനായ കമ്മിറ്റിക്കാണ് ഇൻസെന്റീന് വിതരണത്തിനുള്ള പൂർണ അധികാരമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ ആശുപത്രികളിലെ ജോലി ഭാരത്തെക്കുറിച്ച് കണക്കാക്കാതെ വ്യത്യസ്ത ഇൻസെന്റീവുകൾ നിശ്ചയിച്ചത് തർക്കത്തിന് ഇടയാക്കുമെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

മെഡിക്കൽ കോളജിലെ ഇൻസെന്റീവ്: വകുപ്പ് മേധാവി–2%, പ്രഫസർ–4%, അസോ.പ്രഫസർ–8%, അസി.പ്രഫസർ–12%, സീനിയർ റജിസ്ട്രാർ, സീനിയര്‍ റസിഡന്റ്–14%, ജൂനിയർ റജിസ്ട്രാർ, ജൂനിയർ റസിഡന്റ്–8%, നഴ്സിങ് സ്റ്റാഫ്, പാരാമെഡിക്കൽ ടെക്നീഷ്യൻ–30%, കാരുണ്യ നോഡൽ ഓഫിസർ–2%, പിആർഒ–2%, ക്ലാർക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ–3%, ക്ലാസ് ഫോർ ജീവനക്കാർ–15%.

മറ്റു സർക്കാർ ആശുപത്രികൾ: സർജൻ, മെയിൻ ഫിസിഷ്യൻ, രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ–30%, സർജറിയിൽ സഹായിക്കുന്ന അസി.സർജൻ, മറ്റു ഡോക്ടർമാർ–10%, അനസ്തീഷ്യ വിദഗ്ധൻ, മറ്റു വകുപ്പുകളിൽനിന്ന് സഹായിക്കാനെത്തുന്ന ഡോക്ടർമാർ–20%, സ്റ്റാഫ് നഴ്സ്–10%,ലാബ് ടെക്നീഷ്യൻ–2%, പിആർഒ–1%.

Content Highlights: Karunya Arogya Suraksha Padhathi, SHA, Kerala Health Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com