ADVERTISEMENT

അബുദബി∙ ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുദ്ധങ്ങൾ പാഠങ്ങൾ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മർദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് വഴിതുറക്കാൻ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരാമർശം.

‘‘ഇന്ത്യൻ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ സന്ദേശം, കശ്മീർ പോലുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഹരിക്കാൻ ആത്മാർഥമായ ചർച്ചകൾ നടത്താം എന്നതാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനു പകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുന്നു. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ ചെയ്തു. അവ കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങൾക്ക് നൽകിയത്. ഞങ്ങൾ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’– അദ്ദേഹം പറഞ്ഞു. 

Read Also: ‘ആഗോള മാന്ദ്യം വന്നേക്കും; ഇന്ത്യയടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടം ഉണ്ടാക്കും’ 

‘‘ഇന്ത്യ ഞങ്ങളുടെ അയൽരാജ്യമാണ്. ഞങ്ങൾ അയൽക്കാരാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി പ്രാപിക്കുകയുമാണ് വേണ്ടത്. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവിക്കുക?’’– അദ്ദേഹം ചോദിച്ചു.

അഭിമുഖത്തിനിടെ കശ്മീർ വിഷയം പരാമർശിച്ച ഷെഹ്ബാസ് ഷെരീഫ്, ‘പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ കശ്മീരിൽ നടക്കുന്നത് അവസാനിപ്പിക്കണം’ എന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ഐക്യരാഷ്ട്രസംഘടനയുടെ ചർച്ചയ്ക്കിടെ കശ്മീർ വിഷയം ഉയർത്തിക്കാട്ടിയതിന് പാക്കിസ്ഥാനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ‘അസത്യങ്ങൾ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമം’ എന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

Read Also: ‘മൂന്നു കുഞ്ഞാകാം’ ഇളവിലും ജനസംഖ്യ ഉയരാതെ ചൈന; 60 വർഷത്തിൽ ഇതാദ്യം

English Summary: "Pakistan Has Learnt Its Lesson...": Pak PM Shehbaz Sharif To India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com