ADVERTISEMENT

കൊല്ലം ∙ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സി20 യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഭിന്നശേഷിക്കാരുടെയും ഗർഭിണികളുടെയും ക്ഷേമത്തിനായാണ് തുക ചെലവഴിക്കുക. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ സമിതിയായ സി 20യുടെ വെർച്വൽ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

നിയമനിർമാണത്തിലൂടെയോ ചർച്ചകളിലൂടെയോ  മാത്രം സുസ്ഥിരവികസനം സാധ്യമാകില്ലെന്നും അതിന് നമ്മുടെ നിലപാട് കൂടി മാറേണ്ടതുണ്ടെന്നും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവേ സി 20 സമിതി അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഭാരതത്തിന് ലഭിച്ച ചരിത്രപ്രധാനമായ അവസരമാണ്. സി 20യുടെ പ്രവർത്തനങ്ങൾ വിജയകരമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണു സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏൽപ്പിച്ചിരിക്കുന്നത്.

ലോകം മുഴുവൻ ഒരു കുടുംബമാണെന്നുള്ള ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം നൽകിയവരാണ് ഭാരതത്തിലെ ഋഷിവര്യൻമാർ. അതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനത്തിന്റെ ആശയം വളരെ അനുയോജ്യമാണ്. ഈ ആശയം പ്രാവർത്തികമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ. രാജ്യത്തിന്റെ വികസനത്തിനായുള്ള ശക്തികൾ വർധിപ്പിക്കുന്നതിനൊപ്പം തന്നെ  പ്രകൃതിയെന്ന ശക്തിയെയും ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണം കൂടാതെയുള്ള വികസനം അസന്തുലിതമായിരിക്കും.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ അവന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ദുഷിച്ച കാലാവസ്ഥയുടെ പ്രതിഫലനമാണ്. എന്റേത് എന്ന ചിന്തയിലേക്ക് നീങ്ങുന്നതോടെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യൻ തന്നെയായി മാറുകയാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

അതേസമയം, ഏത് പദ്ധതിയുടെയും വിജയത്തിന് സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും ജി 20 സമ്മേളനത്തിൽ സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സി20 പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നും തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി പറഞ്ഞു. ലോകം ഇന്ന് പലവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. ഇതിനെയെല്ലാം അതിജീവിക്കാൻ കൂട്ടായ ചിന്തകളും ആശയങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സി20 വർക്കിങ് ഗ്രൂപ്പുകളിൽനിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്കുൾപ്പെടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. അതേസമയം, സ്ത്രീയെന്നോ പുരുഷനെന്നോ ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള ജി20 യാണ് നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നതെന്നും സി 20 യിലൂടെയാണ് ഇത് സാധ്യമാകുകയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.   

വെല്ലുവിളികളെ നേരിടാൻ ലോകം കൈകോർക്കുന്ന വേദിയാണ് ജി 20യെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരാൻ കഴിയുന്ന ഫലപ്രദമായ സംവിധാനമാണ് സിവിൽ സൊസൈറ്റി സംഘങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരും കൂടിച്ചേർന്നുള്ള രാജ്യാന്തര കൂട്ടായ്മയാണ് ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയെന്ന് സമ്മേളനത്തിൽ സംസാരിച്ച നിതി ആയോഗ് മുൻ സിഇഒയും ജി 20 ഷെർപ്പയുമായ ( ഇന്ത്യയുടെ പ്രത്യേക പ്രതിനിധി)  അമിതാഭ് കാന്ത് പറഞ്ഞു. 

Read Also: ജോഷിമഠില്‍ സഹായം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

ശശി തരൂർ എംപി, സി 20 സമിതി സെക്രട്ടേറിയറ്റായ ‘രാംഭൗ മൽഗി പ്രബോധിനി’യുടെ വൈസ് ചെയർമാനും ഐസിസിആർ അധ്യക്ഷനുമായ വിനയ് പി. സഹസ്രബുദ്ധെ, സത്സങ് ഫൗണ്ടേഷൻ സ്ഥാപകനും സി20 സമിതി അംഗവുമായ എം. വിവേകാനന്ദ, കേന്ദ്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി20 കോർ ഗ്രൂപ്പ് അംഗവുമായ നിവേദിത ആർ.ഭിദേ, ജി 20 ഷെർപ്പ വിജയ് കെ.നമ്പ്യാർ, സാമൂഹ്യ പ്രവർത്തകനും സെയിൽസ്ഫോഴ്സ് സിഇഒയുമായ മാർക്ക് ബെനിയോഫ്, സാമൂഹ്യ പ്രവർത്തകനും സംരംഭകനുമായ ടി.ഡെന്നി സാൻഫോർഡ്, ഇന്തൊനീഷ്യ സി20 രാജ്യാന്തര അഡ്വൈസറി കമ്മിറ്റി അംഗവും ബ്രസീലിൽ നിന്നുള്ള ട്രോയ്ക്ക മെമ്പറുമായ അലസാന്ദ്ര നിലോ, ഫ്രാൻസ് റെഡ് ക്രോസ് ജനറൽ ലീഗൽ ഡയറക്ടർ എം. ലോറെന്റ് ബെസേഡെ, ട്രോയ്ക്ക അംഗവും സി20 ഇന്തൊനീഷ്യ ഷെർപ്പയുമായ അഹ് മഫ്തുചാൻ തുടങ്ങിയവർ സംസാരിച്ചു. സി 20 സമിതി സെക്രട്ടേറിയറ്റായ രാംഭൗ മൽഗി പ്രബോധിനിയുടെ പ്രതിനിധിയും ജി20യിൽ സോസ് ഷെർപ്പയുമായ സ്വദേശ് സിങ് നന്ദി പറഞ്ഞു.  

ജി 20  ഉച്ചകോടിയിൽ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജി-20ൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവിൽ സൊസൈറ്റികളും പ്രതിനിധികളും ചേർന്നുള്ള പ്രവർത്തനങ്ങളാണ് സി-20 നടത്തുന്നത്. ജി 20 അംഗ രാജ്യങ്ങൾക്കിടയിൽ സിഎസ്ഒ പ്രാതിനിധ്യം 2010 ലാണ് ആരംഭിച്ചത്. 2013 ൽ ഇത് ജി-20 യുടെ  ഔദ്യോഗിക സമിതിയായി. 

English Summary: 50 crore project, Mata Amritanandamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com