ADVERTISEMENT

ഇന്ത്യയുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാനത്തിന്റെ ഒലീവ് ഇല നീട്ടുകയാണോ പാക്കിസ്ഥാൻ? കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചയ്ക്കു തയാറാണെന്നു പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയപ്പോൾ മിക്കവരും കരുതിയത് അങ്ങനെയാണ്. എന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകിയാൽ‍ മാത്രമേ ചർച്ച നടക്കൂവെന്ന ഉപാധി പിന്നീടു കൊണ്ടുവന്ന് പാക്കിസ്ഥാൻ ‘തനിനിറം’ കാണിച്ചു. ഷഹബാസ് ഷെരീഫിനും അദ്ദേഹത്തിന്റെ ഓഫിസിനും വ്യത്യസ്ത നിലപാടുകളാണോ? ഇന്ത്യയുമായി പെട്ടെന്നു പാക്കിസ്ഥാൻ നല്ല ബന്ധം ആഗ്രഹിക്കുന്നതിനു പിന്നിൽ എന്താകും കാരണം?

‘‘ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളും കൂടുതൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണു നൽകിയത്. ഞങ്ങൾ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ താൽപര്യപ്പെടുന്നു’’– കഴിഞ്ഞദിവസം യുഎഇയിലെ അൽ അറേബ്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പാക്ക് പ്രധാനമന്ത്രി പറഞ്ഞതാണു പിന്നീട് വലിയ ചർച്ചകൾക്കു തുടക്കമിട്ടത്.

‘‘ചർച്ചയ്ക്കു വഴിയൊരുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരം കശ്മീരികൾക്ക് അവശേഷിച്ചിരുന്ന സ്വയംഭരണാവകാശമാണ് 2019 ഓഗസ്റ്റിൽ പിൻവലിച്ചത്. ആ സ്ഥിതി മാറിയാൽ ഇന്ത്യ ചർച്ചയ്ക്കു താൽപര്യപ്പെടുന്നുവെന്ന് ആഗോളതലത്തിൽ സന്ദേശം പോകും; ഞങ്ങളും ചർച്ചയ്ക്കു തയാറാകും. ഇരുരാജ്യങ്ങൾക്കും എൻജിനീയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഈ ആസ്തികൾ അഭിവൃദ്ധിക്കും സമാധാനത്തിനും ഉപയോഗിച്ചാൽ രണ്ടു രാജ്യങ്ങളും വളരും. ബോംബുകൾക്കും മറ്റും പണം പാഴാക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നില്ല. ഞങ്ങൾ ആണവശക്തിയാണ്. യുദ്ധമുണ്ടായാൽ, എന്തു സംഭവിച്ചെന്നു പറയാൻ ആരാണ് അവശേഷിക്കുക?’’– ഷഹബാസ് ഷെരീഫിന്റെ ഈ വാക്കുകൾ വാർത്തയായപ്പോഴാണു പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) വിശദീകരണവുമായി വന്നത്. ജമ്മു കശ്മീരിനു പ്രത്യേക പദവി തിരികെ നൽകാതെ ചർച്ച സാധ്യമല്ലെന്നും ഇക്കാര്യം നേരത്തേ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും പാക്ക് പിഎംഒ അറിയിച്ചു.

ഷെഹബാസ് ഷെരീഫ്. Photo: Asif HASSAN / AFP
ഷെഹബാസ് ഷെരീഫ്. Photo: Asif HASSAN / AFP

അതേസമയം, പാക്കിസ്ഥാൻ‍ ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
പാക്ക് പ്രധാനമന്ത്രി ഒരു കാര്യം പറയുകയും പിന്നാലെ അദ്ദേഹത്തിന്റെ ഓഫിസ് വിശദീകരണമിറക്കുകയും ചെയ്തതുതന്നെ പാക്കിസ്ഥാന്റെ ആശയക്കുഴപ്പത്തിനു തെളിവാണെന്നും അതു പ്രതികരണം അർഹിക്കുന്നില്ലെന്നുമാണു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഷഹബാസ് ഷെരീഫിന്റെ വാക്കുകൾ യാഥാർഥ്യബോധമുള്ള സമാധാനപ്രേമിയുടേതാണെന്നു തോന്നാമെങ്കിലും എടുത്തുചാടി പ്രതികരിക്കാൻ ഇന്ത്യ തയാറായില്ല. പാക്കിസ്ഥാൻ തരംപോലെ നിറംമാറുമെന്ന മുന്നനുഭവങ്ങൾ ഉള്ളതുതന്നെ കാരണം. പാക്ക് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് സമാധാന ചർച്ചയല്ലെന്നും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമാണെന്നും വിവിധ കോണുകളിൽനിന്നു പരിഹാസവുമുയർന്നു.

ഇതാദ്യമായല്ല പാക്ക് പ്രധാനമന്ത്രി സ്ഥാനത്തുള്ളവർ ഇന്ത്യയുടെ നേർക്കു സൗഹൃദഹസ്തം നീട്ടുന്നത്. ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നെന്നും യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്നും പാക്ക് രാഷ്ട്രീയ നേതാക്കളും സൈനിക ജനറൽമാരും ആവർത്തിക്കാറുണ്ട്. ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം പ്രസ്താവനകൾക്കു പിന്നാലെ ‘ദീർഘകാലമായുള്ള കശ്മീർ പ്രശ്നം’ തീർക്കണമെന്ന വാചകവും ഉറപ്പായും ഉണ്ടാകും. സമാധാന പ്രസ്താവനകൾക്കൊപ്പം, ചുട്ടമറുപടി നൽകാൻ സൈന്യം തയാറാണെന്നും പാക്ക് സേനാ മേധാവിമാർ അനുബന്ധമായി ചേർക്കാറുണ്ട്!

∙ ഷഹബാസിനെ ‘തിരുത്തി’ ഹിന

ചർച്ചയ്ക്ക് ഒരുക്കമാണെന്ന സൂചന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പങ്കുവയ്ക്കുമ്പോൾ, മോദിയുമായി സംഭാഷണം സാധ്യമല്ലെന്നാണു പാക്ക് മന്ത്രി ഹിന റബ്ബാനി ഖറിന്റെ നിലപാട്. നരേന്ദ്ര മോദിയിൽ ഒരു ‘പങ്കാളി’യെ കാണാനാവുന്നില്ലെന്നും ഹിന റബ്ബാനി പറയുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, അടൽ ബിഹാരി വാജ്പേയി എന്നിവരിൽ പങ്കാളിത്ത മനോഭാവമുള്ളതായി പാക്കിസ്ഥാനു തോന്നിയിരുന്നെന്നും ഹിന പറഞ്ഞു. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലെ ദക്ഷിണേഷ്യ സെഷനിൽ സംസാരിക്കുകയായിരുന്നു ഹിന.

‘‘വിദേശകാര്യ മന്ത്രിയായി ഞാൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, മികച്ച സഹകരണത്തിനായി പരമാവധി ശ്രമിച്ചു. 2023 നെ അപേക്ഷിച്ച് അന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം നല്ല നിലയിലുമായിരുന്നു. ഈ വർഷങ്ങളിൽ വിദ്വേഷം കൂട്ടുകയാണ് നമ്മൾ ചെയ്തത്. ഭൂമിശാസ്ത്രം മാറ്റാൻ നമുക്കാവില്ല. ഇത് ദക്ഷിണേഷ്യയുടെ പ്രശ്നമല്ല, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാണ്. രാജ്യതന്ത്രജ്ഞത ഇല്ലെന്നത് ഇന്ത്യയുടെ ഭാഗത്തെ കുറവാണ്. തിരഞ്ഞെടുപ്പിന് അപ്പുറം ചിന്തിക്കാനും സമാധാന ശ്രമത്തിനും ആവശ്യമുയരണം. മോദിയിൽ ഒരു പങ്കാളിയെ കാണാനാവുന്നില്ല. ചിലപ്പോൾ അദ്ദേഹത്തിന്റെ രാജ്യത്തിനതു നല്ലതായിരിക്കാം. മൻമോഹൻ സിങ്, വാജ്പേയി എന്നിവരിൽ പങ്കാളിത്ത മനോഭാവം ഉണ്ടായിരുന്നു.’’– ഹിന വിശദീകരിച്ചു.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വസതിക്കു സമീപം അടുത്തിടെ നടന്ന ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്നു ഹിന റബ്ബാനി നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭീകരതയെക്കുറിച്ച് ചോദ്യം ഉന്നയിച്ച പാക്ക് മാധ്യമപ്രവർത്തകനോട്, ഇതു ചോദിക്കേണ്ടത് പാക്കിസ്ഥാനിലെ മന്ത്രിയോടാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ തിരിച്ചടിച്ചത് വ്യാപകമായി പ്രചരിച്ചിരുന്നു.

∙ കടക്കെണി മറികടക്കണം

ശാന്തിദൂതനെപ്പോലെ പാക്കിസ്ഥാൻ പെട്ടെന്നു രംഗത്തെത്തിയതിനു പിന്നിലുള്ള കാരണമെന്താണ്? കടംകയറി പാപ്പരായ രാജ്യത്തിനുള്ള കച്ചിത്തുരുമ്പാണു ‘സമാധാന’തന്ത്രം എന്നാണു നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായം ലഭിക്കുന്നതിനു രാജ്യാന്തര നാണ്യനിധിയുമായി (ഐഎംഎഫ്) പാക്കിസ്ഥാൻ ചർച്ചയിലാണ്. സമാധാനകാംക്ഷികളെന്ന പ്രതീതി സൃഷ്ടിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് പാക്കിസ്ഥാനു നന്നായി അറിയാം. ഇതേ സമയത്താണ്, ലഷ്കറെ തയിബയുടെ ഉപമേധാവി അബ്ദുറഹ്മാൻ മക്കിയെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനു ചൈന തടസ്സം നിൽക്കാതിരുന്നത് എന്നതും ശ്രദ്ധേയമാണ്.

abdul-rehman-makki
അബ്ദുറഹ്മാൻ മക്കി

ഭീകരതയ്ക്കെതിരെയുള്ള പാക്ക് നിലപാടിനുള്ള അംഗീകാരമാണ് യുഎൻ നടപടിയെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധമെങ്കിലും പുനഃസ്ഥാപിച്ചു കിട്ടാൻ ഇപ്പോഴത്തെ പ്രതിസന്ധിയിൽ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നുണ്ട്. അതിന് ഇന്ത്യ പാക്കിസ്ഥാനോട് വ്യക്തമായ ഉപാധിയാണു വച്ചിട്ടുള്ളത്: ‘ഭീകരപ്രവർത്തനം അവസാനിപ്പിക്കണം, ചർച്ചയും ഭീകരവാദവും ഒരുമിച്ചു സാധ്യമല്ല.’ 2018 മേയിൽ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞത് ഇങ്ങനെ: ‘‘സമഗ്രചർച്ചയ്ക്കായി 4 കാര്യങ്ങൾ മുന്നോട്ടുവയ്ക്കാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് താൽപര്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു; ഒരു സംഗതി മതി, പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കുക’’.

മക്കിയെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ–യുഎസ് സംയുക്ത പ്രമേയത്തിനു മേലുള്ള തടസ്സം ഏഴു മാസത്തിനു ശേഷം ചൈന പിൻവലിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. ഭീകരപട്ടികയിലായതോടെ മക്കിയുടെ വിദേശ സമ്പാദ്യങ്ങൾ മരവിപ്പിക്കും. രാജ്യാന്തര യാത്രാവിലക്കുണ്ടാകും. ലഷ്കർ മേധാവി ഹാഫിസ് സയീദിന്റെ സഹോദരീഭർത്താവായ മക്കിയാണു സംഘടനയ്ക്കു പണം കണ്ടെത്തുന്നത്. കഴിഞ്ഞവർഷം ജൂൺ 16നു മക്കിക്കെതിരെ രക്ഷാസമിതിയിൽ അവതരിപ്പിച്ച ഇന്ത്യ–യുഎസ് പ്രമേയം ചൈന തടഞ്ഞിരുന്നു. മേഖലയിൽ ഭീകരതയുടെ ഭീഷണി ശക്തമാണെന്നും ചെറുക്കാൻ യുഎൻ നടപടി ഫലപ്രദമാകുമെന്നും ഇന്ത്യ പ്രതികരിച്ചു.

പാക്കിസ്ഥാനുമായി ഇന്ത്യ സമഗ്ര ചർച്ചയുടെ പാതയിലേക്കു നീങ്ങുമ്പോഴായിരുന്നു പഠാൻകോട്ട് ഭീകരാക്രമണമുണ്ടായത്. അതിന്റെ നിഴൽ‍ വീഴാതെ ചർച്ചയ്ക്കു ശ്രമിക്കാൻ ഇന്ത്യ പിന്നീടു താൽപര്യപ്പെട്ടതാണ്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ 2016 ജനുവരിയിൽ ചർച്ചയ്ക്കു തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ഇരുരാജ്യങ്ങളുമായും നല്ല ബന്ധമുള്ള യുഎഇയെ ചർച്ചയിൽ ഉൾപ്പെടുത്താനുള്ള താൽപര്യത്തെക്കുറിച്ച് പാക്ക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകി. ഇന്ത്യ – പാക്ക് ബന്ധം മെച്ചപ്പെടുത്താൻ മധ്യസ്ഥത വഹിക്കാമെന്നു യുഎസിലെ യുഎഇ സ്ഥാനപതി യൂസുഫ് അൽ ഒട്ടെയ്ബ 2021 ഏപ്രിലിൽ പറഞ്ഞിരുന്നു. എന്നാൽ, മൂന്നാം കക്ഷിയുടെ ഇടപെടലിൽ താൽപര്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

∙ സേനാ തലപ്പത്ത് അസിം മുനീർ

രാഷ്ട്രീയ നേതാക്കളാണ് പാക്ക് ഭരണകൂടത്തിന്റെ മുഖമെങ്കിലും എല്ലാക്കാലത്തും രണചക്രം തിരിക്കുന്നത് സൈന്യമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകൾ സൈന്യത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമാകാറുമില്ല. പാക്കിസ്ഥാനിലെ ഏറ്റവും കരുത്തേറിയ പദവിയായ കരസേനാ മേധാവി സ്ഥാനത്ത് പുതിയതായി നിയമിതനായത് ലഫ്. ജനറൽ അസിം മുനീറാണ്. ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നീ രണ്ടു ചാരസംഘടനകളുടെയും മേധാവിയായിരുന്ന ആദ്യ പട്ടാള മേധാവിയാണ് മുനീർ. പുതിയ നിയമനം ഇന്ത്യയോടുള്ള പാക്ക് സൈന്യത്തിന്റെ സമീപനത്തിൽ പ്രത്യേകിച്ചു മാറ്റങ്ങളൊന്നും ഉണ്ടാക്കാനിടയില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ലഫ്. ജനറൽ അസിം മുനീർ
ലഫ്. ജനറൽ അസിം മുനീർ

അസിം ഐഎസ്ഐ മേധാവിയായിരുന്നപ്പോഴായിരുന്നു പുൽവാമ ഭീകരാക്രമണം. കശ്മീർ തർക്കത്തിലും പരമ്പരാഗത നിലപാടാണ് അസിമിന്. ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ പിൻഗാമിയായാണ് അസിമിന്റെ നിയമനം. ബജ്‌വയുടെ കുടുംബം കഴിഞ്ഞ 6 വർഷം കൊണ്ട് ശതകോടീശ്വരന്മാരായെന്ന ആരോപണത്തിന്റെ നിഴലിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2019 ൽ, അന്നു പാക്ക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ ഭാര്യയുടെ അഴിമതി പുറത്തു കൊണ്ടുവന്നത് അസിം നേതൃത്വം നൽകിയ അന്വേഷണമാണ്. അത് അസിമിന്റെ സ്ഥാനം തെറിക്കാൻ ഇടയാക്കി. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ തിരിച്ചുവരുമെന്നാണു സൂചന. അങ്ങനെയെങ്കിൽ കരസേനാ മേധാവിയും പ്രധാനമന്ത്രിയും ഒത്തുപോകാൻ ഇടയില്ലെന്നതും ഇന്ത്യാ ബന്ധത്തിൽ നിർണായകമാകും.

∙ ആണവകേന്ദ്ര പട്ടിക കൈമാറി

സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും യുദ്ധസാഹചര്യം ഇല്ലാതാവുമെന്ന് പാക്കിസ്ഥാൻ കരുതുന്നില്ല. ആണവസംഘർഷമുണ്ടായാൽ ആക്രമിക്കാൻ പാടില്ലാത്ത ഇരുരാജ്യങ്ങളിലെയും ആണവകേന്ദ്രങ്ങളുടെ പട്ടിക പാക്കിസ്ഥാനും ഇന്ത്യയും കഴിഞ്ഞ ദിവസം പരസ്പരം കൈമാറി. 1988 ഡിസംബർ 31ന് ഒപ്പുവച്ച് 1991 ജനുവരി 27നു നിലവിൽവന്ന ഉടമ്പടി അനുസരിച്ച് 3 പതിറ്റാണ്ടായി തുടരുന്ന വാർഷിക നടപടിക്രമത്തിന്റെ ഭാഗമായാണിത്. പാക്കിസ്ഥാനിലെ ആണവകേന്ദ്രങ്ങളുടെ പട്ടിക ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രതിനിധിക്കും ഇന്ത്യയിലെ പട്ടിക ന്യൂഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ പ്രതിനിധിക്കുമാണു കൈമാറിയത്.

nuclear-plant
ആണവകേന്ദ്രം (പ്രതീകാത്മക ചിത്രം)

ഇന്ത്യയിൽ തടവിലുള്ള 339 പാക്ക് സിവിലിയൻ തടവുകാരുടെയും 95 മീൻപിടിത്തക്കാരുടെയും പട്ടിക വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനു കൈമാറി. പാക്ക് ജയിലിലുള്ള ഇന്ത്യക്കാരായ 51 സിവിലിയൻ തടവുകാരുടെയും 654 മീൻപിടിത്തക്കാരുടെയും പട്ടിക ഇന്ത്യയ്ക്കും കൈമാറി. പാക്കിസ്ഥാനിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാരായ 631 മീൻപിടിത്തക്കാരെയും മറ്റു 2 തടവുകാരെയും ഉടൻ വിട്ടയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കസ്റ്റഡിയിലുള്ള മറ്റു 30 മീൻപിടിത്തക്കാരെയും 22 സിവിലിയൻ തടവുകാരെയും സന്ദർശിക്കാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

∙ വൈറലായി മോദിയുടെ വാക്കുകൾ

ഐക്യരാഷ്ട്ര സംഘടനയിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമർശം നടത്തിയ പാക്കിസ്ഥാനാണ് ഇപ്പോൾ മലക്കംമറിഞ്ഞത്. ലോകം പാക്കിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിച്ഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞിരുന്നു. ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ യോഗ്യതയില്ലെന്നും ജയ്ശങ്കർ വ്യക്തമാക്കി. ഇതിനോടാണു പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പരിധിവിട്ട പരാമർശം നടത്തിയത്.

നഗരാവേശം... ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
നഗരാവേശം... ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

‘‘ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ വാക്കുകൾ. ‘‘പാക്കിസ്ഥാൻ പിന്നെയും തരംതാഴുകയാണ്. 1971ലെ ദിവസങ്ങൾ പാക്ക് മന്ത്രി തീർച്ചയായും മറന്നിരിക്കും. സ്വയം യോഗ്യത നഷ്ടപ്പെടുത്തിയാണ് അവർ ഇന്ത്യയ്ക്കെതിരെ അധിക്ഷേപം ചൊരിയുന്നത്. ന്യൂയോർക്ക്, മുംബൈ, പുൽവാമ, പഠാൻകോട്ട്, ലണ്ടൻ തുടങ്ങിയവ പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ ഭീകരത മൂലം മുറിവേറ്റ നഗരങ്ങളാണ്. ‘മെയ്ക്ക് ഇൻ പാക്കിസ്ഥാൻ’ ഭീകരത അവസാനിപ്പിക്കണം.’’– ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.

രാജ്യത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ, മോദിയുടെ പഴയ പ്രസംഗം പാക്കിസ്ഥാനിൽ വൈറലാണ്. ഷഹബാസ് ഷെരീഫ് സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷ പാർട്ടികളാണു മോദിയുടെ പാക്ക് വിരുദ്ധ പ്രസംഗം പ്രചരിപ്പിക്കുന്നത്. ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ അംഗമായിരുന്ന അസം ഖാൻ ഉൾപ്പെടെ നിരവധി പിടിഐ നേതാക്കൾ ട്വിറ്ററിൽ വിഡിയോ പങ്കുവച്ചു. ‘‘പാക്കിസ്ഥാനെപ്പറ്റി മോദി എന്താണു പറയുന്നതെന്നു കേൾക്കൂ. നിങ്ങൾക്കു സ്വയം മതിപ്പില്ലെങ്കിൽ നാണം കെടും. പാക്ക് ജനതയ്ക്കു രാജ്യം രക്ഷിക്കാനുള്ള ഒരേയൊരു മാർഗം ഇമ്രാനെ തിരഞ്ഞെടുക്കുകയാണ്’’– അസം ഖാൻ കുറിച്ചു.

പാക്ക് സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന മോദിയെയാണു വിഡിയോയിൽ കാണുന്നത്. ‘‘പാക്കിസ്ഥാന്റെ അഹങ്കാരം നമ്മൾ ഇല്ലാതാക്കി. പാക്കിസ്ഥാന്റെ ഭീഷണികളെ അവസാനിപ്പിച്ചു. ഇന്ത്യയ്ക്കെതിരെ ബോംബ് ഭീഷണി മുഴക്കിയിരുന്നവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയുമായി ലോകമാകെ നടക്കുന്നു. കടക്കെണിയില്‍നിന്നു കരകയറാന്‍ അവർ സഖ്യരാജ്യങ്ങളില്‍നിന്ന് ധനസഹായം തേടുകയാണ്.’’ എന്നായിരുന്നു മോദിയുടെ വാക്കുകൾ. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന രാജസ്ഥാനിലെ പ്രചാരണ റാലിയിലേതാണു മോദിയുടെ വാക്കുകൾ. അപ്പോൾ ഇമ്രാൻ ഖാൻ ആയിരുന്നു പാക്ക് പ്രധാനമന്ത്രി. ഇക്കാര്യം മറച്ചുവച്ചാണ് ഇമ്രാൻ അനുകൂലികൾ വിഡിയോ പങ്കിടുന്നത്.

English Summary: Pak PM Shehbaz Sharif is aiming for peace prize not peace talk; leaders share PM Narendra Modi's old video slamming pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com