ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വ്യാജ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

‘‘റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം കേരളമാണ്. വ്യവസായ യൂണിറ്റുകളില്‍ തമിഴ്‌നാട്ടില്‍ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 0.76 ലക്ഷം കോടി രൂപയുടേതാണ്. വിവിധ വ്യവസായ യൂണിറ്റുകളില്‍ തമിഴ്‌നാട് 26 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിടിച്ചപ്പോള്‍ കേരളത്തില്‍ 3.34 ലക്ഷമായി ചുരുങ്ങി. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കേരളമാണ്’’ – അദ്ദേഹം പറഞ്ഞു.

‘‘ബാങ്കുകളില്‍നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയില്‍ തുടങ്ങുന്ന സംരംഭങ്ങളും സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തി മേനി നടിക്കാനാണു വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കയ്യുംകെട്ടി ഇരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അടിസ്ഥാനരഹിതമായ കണക്കുകള്‍ നിരത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ നടന്ന സംരംഭക സംഗമത്തില്‍നിന്നും പ്രതിപക്ഷം വിട്ടു നിന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

∙ കെ.സി.വേണുഗോപാലിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം

ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍നിന്ന് കെ.സി.വേണുഗോപാല്‍ എംപിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2013 ലാണ് പദ്ധതി ആരംഭിച്ചത്. 173 കോടി രൂപയുടെ പദ്ധതിയില്‍ 120 കോടി രൂപ കേന്ദ്ര സഹായമായി അനുവദിച്ചത് ആലപ്പുഴ എംപിയായിരുന്ന കെ.സി.വേണുഗോപാലിന്റെ ഇടപെടലിലാണ്. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്റെ വാക്കുകളാണ് ഇതിന് ഏറ്റവും വലിയ തെളിവ്. കെ.സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസുമാണ് ഇടപെട്ടത്. സര്‍ക്കാരിന്റെ ഈ ഇടുങ്ങിയ മനസ്ഥിതി കേരളത്തിന്റെ സമഗ്ര വികസനത്ത് ഒട്ടും യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു.

English Summary: Industrial enterprises: VD Satheesan against Government 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com