ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ഗുസ്തി ഫെഡറേഷൻ. വ്യക്തി താൽപര്യങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് ഫെഡറേഷൻ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചത്. രാജ്യത്ത് ഗുസ്തിയുടെ വളർച്ചയ്ക്ക് പ്രതിഷേധം ഉപകരിക്കില്ലെന്നും കത്തിൽ പറയുന്നു.
Also Read: ബിബിസി ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കി
ഗുസ്തി താരങ്ങളുടെ മൂന്നു ദിവസത്തെ സമരം ഒത്തുതീർപ്പായത് കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായുള്ള ചർച്ചയ്ക്കൊടുവിലാണ്. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.
ഇക്കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ക്കും സമിതി മേൽനോട്ടം വഹിക്കും. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗുസ്തി താരങ്ങളായ ബജ്‌രങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവരുൾപ്പെടെയാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
English Summary: WFI rejects wrestlers’ allegations against president