കൊച്ചി∙ എറണാകുളത്ത് പൊതുയിടങ്ങളിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസില്‍ പുനരന്വേഷണം. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ. ബിജുവിനെ പ്രതിയാക്കി അയ്യമ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പുനരന്വേഷിക്കുന്നത്. ആലുവ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവിനാണ് അന്വേഷണ ചുമതല. സൈബര്‍ സെല്ലിന്‍റെയും അയ്യമ്പുഴ പൊലീസിന്‍റെയും അന്വേഷണത്തിലെ വീഴ്ച പ്രകടമായതോടെയാണ് കേസ് വീണ്ടും അന്വേഷിക്കാനുള്ള തീരുമാനം.
Read Also: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
അശ്ലീല വാട്സപ്പ് ഗ്രൂപ്പില്‍ ചിത്രം പ്രചരിച്ചതറിഞ്ഞ് വീട്ടമ്മ ആദ്യം സൈബര്‍ പൊലീസിനെ സമീപിച്ചെങ്കിലും കുറ്റാരോപിതനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കേസ് ഒതുക്കാനായിരുന്നു ശ്രമം. അയ്യമ്പുഴ പൊലീസ് കേസെടുത്തെങ്കിലും പൊതുസ്ഥലത്ത് അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. കൂടുതല്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തി പ്രചരിച്ചുവെന്ന് ബിജു തന്നെ വ്യക്തമാക്കിയിട്ടും അന്വേഷണം ആ ദിശയില്‍ നീങ്ങിയില്ല. സമാനപരാതികള്‍ വേറെയും ഉയര്‍ന്നിട്ടും ഗ്രൂപ്പിനെക്കുറിച്ചോ മറ്റ് അംഗങ്ങളെക്കുറിച്ചോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. ലോക്കല്‍ പൊലീസും സൈബര്‍ പൊലീസും അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ഡിസിആര്‍ബി ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
English Summary: Pictures of women in Whatsapp obscene group follow up