ADVERTISEMENT

തിരുവനന്തപുരം ∙ കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവങ്ങളിൽ സസ്യാഹാരമാണ് നല്ലതെന്നും ബിരിയാണി കഴിച്ച് ഡാൻസ് കളിക്കാനാകുമോ എന്നും ഷംസീർ ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘ഞാൻ പൂർണമായും നോൺ വെജിറ്റേറിയനാണ്. ആളുകൾ കൂട്ടമായി പങ്കെടുക്കുന്ന പരിപാടിയിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലത്. അതുമാത്രമല്ല കുട്ടികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഡാൻസിലും മറ്റു പരിപാടികളിലുമായിരിക്കും, ഭക്ഷണത്തിലായിരിക്കില്ല. ഏതെങ്കിലും സമയത്താകും വന്ന് ഭക്ഷണം കഴിക്കുക. അതിൽ ഏറ്റവും അഭികാമ്യം സസ്യാഹാരം ആകും’– ഷംസീർ പറഞ്ഞു.

Read also: 2 കിലോ സ്വര്‍ണം ദ്രാവക രൂപത്തിൽ കവറിൽ; കാലില്‍കെട്ടി കടത്തുന്നതിനിടെ അറസ്റ്റിൽ

പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണ്. ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും അഭിപ്രായമുണ്ട്. ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചതാണ്. അതു വീണ്ടും തുറക്കേണ്ട കാര്യമില്ല. കേരളത്തിലെ പൊതുസ്ഥിതി എല്ലാത്തിലും വിവാദമുണ്ടാക്കലല്ലേ എന്നും ഷംസീർ കുറ്റപ്പെടുത്തി.

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 25, ഫെബ്രുവരി 1, 2 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി 3ന് ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഫെബ്രുവരി 6 മുതല്‍ 8 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. ഫെബ്രുവരി 13 മുതല്‍ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകള്‍ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കും– സ്പീക്കർ വ്യക്തമാക്കി.

English Summary: Speaker AN Shamseer on school youth festival food controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com