കൊച്ചി∙ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിച്ച് ഹൈക്കോടതി. മൂന്നു മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്. നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിച്ചു തീരുമാനിക്കണം. 2018ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുനഃപരിശോധിക്കേണ്ടത്.
Read also: എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം
വ്യാപക സമരങ്ങൾക്കു പ്രതിഷേധങ്ങൾക്കും ശേഷമാണ് 2018ൽ നഴ്സുമാരുടെ മിനിമം വേതനം സർക്കാർ നിശ്ചയിച്ചത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയുമായാണ് അന്ന് സർക്കാർ നിശ്ചയിച്ചിരുന്നത്. മാനേജ്മെന്റിനും നഴ്സുമാര്‍ക്കും ഈ തുക സമ്മതമായിരുന്നില്ല. ഇതിനെതിരെ മാനേജ്മെന്റും നഴ്സുമാരും വ്യത്യസ്ത ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു.
നിലവിൽ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി നഴ്സുമാർ വീണ്ടും സമരവുമായി മുന്നോട്ടു വന്നു. സർക്കാർ സർവീസിൽ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയർത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. തങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചതെന്നാണ് മാനേജ്മെന്റുകൾ നൽകിയിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുളളത്. ഈ പശ്ചാത്തലത്തിലാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്നു മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ കോടതി ഉത്തരവിട്ടത്.
English Summary: Kerala High Court on Nurses's Salary Hike