ADVERTISEMENT

കൊച്ചി ∙ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി. നടപടി നേരിട്ടവര്‍ക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജപ്തി ചെയ്ത വ്യക്തികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും, അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം കൂടി വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ഇതുകൂടി വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഇനി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.

2022 സെപ്റ്റംബർ 23 ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. സ്വത്തുക്കൾ കണ്ടുകെട്ടി റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ചു വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.

അതേസമയം, തന്റെ വസ്തുവകകള്‍ അന്യായമായി ജപ്തി ചെയ്തെന്നു കാട്ടി കേസില്‍ കക്ഷി ചേരാന്‍ മലപ്പുറം സ്വദേശി ടി.പി.യൂസഫ് അപേക്ഷ നല്‍കി. താന്‍ പോപ്പുലർ ഫ്രണ്ട് ആശയങ്ങളെ എതിര്‍ക്കുന്നയാളാണെന്നും യൂസഫ് പറയുന്നു. കേരള ചേംബർ ഓഫ് കൊമേഴ്‌സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ വൈകിയതിനെത്തുടർന്നു കോടതി സർക്കാരിനു താക്കീതും നൽകിയിരുന്നു.

നേരത്തെ, പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ ഉണ്ടായ നാശനഷ്ടം ഈടാക്കാൻ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുക്കളാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഹർത്താൽ അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലർ ഫ്രണ്ടിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും ഭാരവാഹികളുടെയും ഭൂമിയും സ്വത്തുമാണു കണ്ടുകെട്ടിയത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിയുള്ള ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി.സരിതയുടെ നടപടി റിപ്പോർട്ടാണു സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ ഹൈക്കോടതിക്കു െകെമാറിയത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി പരിഗണിച്ചത്.

English Summary: Kerala High Court Seeks Report From Police On Popular Front Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com