ജമ്മു∙ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി രാജ്യത്തിന് അകത്തും പുറത്തും വിവാദമായ പശ്ചാത്തലത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം തിളക്കമുള്ളതാണ്, എപ്പോഴായാലും അതു പുറത്തുവരും എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു രാഹുലിന്റെ മറുപടി.
‘‘നമ്മുടെ വേദങ്ങൾ വായിച്ചാൽ, ഭഗവത് ഗീതയോ ഉപനിഷത്തുക്കളോ വായിച്ചാൽ ഒരുകാര്യം നിരീക്ഷിക്കാനാകും. സത്യം എപ്പോഴും പുറത്തുവരും എന്നതാണത്. നിങ്ങൾക്കു നിരോധിക്കാം, മാധ്യമങ്ങളെ അടിച്ചമർത്താം, സ്ഥാപനങ്ങളെ നിയന്ത്രിക്കാം, സിബിഐ, ഇഡി തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. എന്നാലും സത്യം, സത്യം തന്നെയാണ്’’– രാഹുൽ വ്യക്തമാക്കി.
Read Also: ഫ്ലൈഓവറിൽനിന്ന് നോട്ടുകൾ വീശിയെറിഞ്ഞ് യുവാവ്; ബെംഗളൂരുവിൽ ബ്ലോക്ക്– വിഡിയോ...
സത്യം തിളക്കമുള്ളതാണ്, പുറത്തുവരാനുള്ള അപ്രിയശീലവും അതിനുണ്ട്. നിരോധനമോ അടിച്ചമർത്തലോ ആളുകളെ ഭയപ്പെടുത്തുകയോ ചെയ്തതു കൊണ്ടൊന്നും സത്യത്തിന്റെ വെളിപ്പെടലിനെ തടയാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഡോക്യുമെന്ററിയുടെ ലിങ്കുകൾ ട്വിറ്ററിലും യുട്യൂബിലും പങ്കുവച്ചതു നീക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന നിലപാടിലാണു പ്രതിപക്ഷ പാർട്ടികൾ.
English Summary: 'Truth has a nasty habit of coming out': Rahul Gandhi on BBC documentary on PM