R DAY Parade

ദേശീയ പതാക ഉയർത്തി രാഷ്ട്രപതി; സൈനിക ശക്‌തി വിളംബരം ചെയ്‌ത് പരേഡ് - വിഡിയോ

SHARE

ന്യൂഡൽഹി ∙ രാജ്യത്തിന്റെ സൈനിക കരുത്തും സംസ്കാരിക ചരിത്രവും വിളംബരം ചെയ്ത വർണാഭമായ ചടങ്ങുകളോടെ രാജ്യം 74–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയാണ് മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്ത് രാഷ്ട്രത്തലവൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.

പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും കർത്തവ്യപഥിലൂടെയുള്ള പരേഡിൽ അണിനിരന്നു. ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളും പരേഡിൽ അണിനിരന്നു. വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത–നൃത്ത വിരുന്നും പരേഡിന്റെ ഭാഗമായി. ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതലത്തിൽ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. സേനാവിഭാഗങ്ങളുടെ വിമാനങ്ങൾ അണിനിരന്ന ഫ്ലൈപാസ്റ്റായിരുന്നു പരേഡിലെ മറ്റൊരു പ്രധാന ആകർഷണം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്‌മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവരും സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ വിസ്ത, കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം എന്നിവയുടെ നിര്‍മാണത്തൊഴിലാളികള്‍, പാല്‍, പച്ചക്കറി, പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്കു പരേഡ് വീക്ഷിക്കാന്‍ മുൻനിരയിൽ അവസരമൊരുക്കിയിരുന്നു.

കനത്ത സുരക്ഷയിലാണു റിപ്പബ്ലിക് ദിന ചടങ്ങുകൾ നടന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ഈ പാതയിൽ 150 ലേറെ സിസിടിവി കാമറകൾ ക്രമീകരിച്ചിരുന്നു. റിപ്പബ്ലിക് ദിനാഘേഷത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക.

Republic Day Live Updates

English Summary: India celebrates 74th Republic Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS