വാഷിങ്ടൻ∙ യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. വാഷിങ്ടനിലെ സിയാറ്റിലിലാണ് സംഭവം. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർഥിനിയായ ജാൻവി കൻഡൂല (23) ആണ് മരിച്ചത്.
ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയായ ജാൻവി, ഡിസംബറിലാണ് യൂണിവേഴ്സിറ്റിയിൽ ചേർന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചു പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പട്രോളിങ് വാഹനം ജാൻവിയെ ഇടിക്കുകയായിരുന്നു.
ജാൻവി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. പ്രഥമശുശ്രൂഷകൾ നൽകിയശേഷം ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
English Summary: Indian-Origin Woman Hit By Police Vehicle In US Dies: Report