ജെനിൻ∙ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ 9 പലസ്തീൻകാർ കൊല്ലപ്പെട്ടു. അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രയേൽ അറിയിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് സംഘത്തിൽപ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേൽ അറിയിച്ചു.
ജെനിനിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു. സാധാരണക്കാരായ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കുട്ടികളുടെ ആശുപത്രി കണ്ണീർവാതകം ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യാന്തര നിശബ്ദതയുടെ പിന്തുണയോടെയാണ് കൂട്ടക്കൊല നടക്കുന്നതെന്ന് പലസ്തീൻ പ്രസിഡന്റിന്റെ വക്താവ് നബീൽ അബു റുദെയ്നെ പറഞ്ഞു. വെസ്റ്റ് ബാങ്കിൽ സാധാരണക്കാരുൾപ്പെടെ 29 പേരാണ് ഈ വർഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Nine Palestinians killed in Israeli raid in Jenin