തിരുവനന്തപുരം∙ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പറ്റിച്ച് ഭൂമിയും സ്വർണവും പണവും തട്ടിയെന്ന കേസില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ സുജിനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറാണ് സുജിന്‍. മരുത്തൂർ മുടുവീട്ടു വിളാകം ബേബി നിവാസിൽ ബേബി (78) എന്ന വയോധികയ്‌ക്കൊപ്പം താമസിച്ച് സുജിനും ഭാര്യ ഗീതുവും ചേർന്ന് 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന പരാതിയിലാണ് സുജിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
കോവിഡ് കാലത്താണ് സംഭവം. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തെ തുടർന്ന് നെയ്യാറ്റിൻകര തവരവിളയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു അവിവാഹിതയായ ബേബി. സുജിൻ പ്രതിനിധീകരിക്കുന്ന വാർഡിലെ അംഗമായ ബേബിക്ക്, ലോക്ഡൗൺ സമയത്ത് സുജിൻ ഭക്ഷണം എത്തിച്ചിരുന്നു. പെട്ടെന്ന് അവരുമായി അടുക്കുകയും കൗൺസിലറും കുടുംബവും ബേബിയുടെ വീട്ടിൽ 2021 ഫെബ്രുവരി മുതൽ താമസമാക്കുകയും ചെയ്തു. ആ കാലയളവിലാണ് 17 പവൻ സ്വർണം കവർന്നതെന്നു പൊലീസ് അറിയിച്ചു.
സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എട്ടു മാസത്തിനു ശേഷം സുജിനും കുടുംബവും താമസം മതിയാക്കി. ബേബിയുടെ വീട്ടിൽ താമസിച്ചിരുന്ന കാലയളവിലാണ് ഭൂമി ഭാര്യയുടെ പേരിൽ എഴുതി വാങ്ങിയത്. സബ് റജിസ്ട്രാർ ഓഫിസിൽ ഭൂമിയുടെ റജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വിലയാധാരമായിട്ടാണ്. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സുജിനും ഭാര്യ ഗീതവും ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.
English Summary: Suspension for CPM Councillor in Fraud Case