തിരുവനന്തപുരം∙ സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം.
ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നു ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചു.
English Summary: WhatsApp Number to send Dangerous KSRTC Driving videos