ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘‘മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വലിയൊരു പ്രവര്‍ത്തന പരിപാടിക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിക്കുന്നത്. 

എഫ്എസ്എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും റജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിങ്, മൈബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണു ലക്ഷ്യം’’ – മന്ത്രി വ്യക്തമാക്കി.

‘‘എഫ്എസ്എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നതു ക്രിമിനല്‍ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിക്കും. ഒരിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ കണ്ടു മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫിസില്‍ ഒരു പ്രത്യേക ഓഫിസറെ നിയോഗിക്കുന്നതാണ്.

ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ശക്തമായ പരിശോധനകളുണ്ടാകും. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ലൈസന്‍സ് എടുക്കണം. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. ഓരോ സ്ഥാപനവും ശുചിത്വ മേല്‍നോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റു ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ക്കു ഭക്ഷ്യ സുരക്ഷാ പരീശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹൈജീന്‍ റേറ്റിഗും സ്ട്രീറ്റ് ഫുഡ് ഹബും നടപ്പിലാക്കി വരുന്നു. 785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് നേടിയിട്ടുണ്ട്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ജനങ്ങളിലെത്തും. ഇതിലൂടെ തൊട്ടടുത്തുള്ള ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാനും പരാതിപ്പെടാനും സാധിക്കും.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിനു മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്’’ – മന്ത്രി കൂട്ടിച്ചേർത്തു.

English Summary: Minister Veena George requests everyone's cooperation in making Kerala a food safety destination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com