ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഇപ്പോൾ പൊതുതിരഞ്ഞടുപ്പ് നടന്നാൽ ബിജെപി നയിക്കുന്ന എൻഡിഎ, കോൺഗ്രസ് നയിക്കുന്ന യുപിഎ എന്നിവരിൽ ആരാകും ജയിക്കുക? അടുത്ത വർഷം ‌ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ചോദ്യത്തിനുള്ള ജനങ്ങളുടെ ഉത്തരം എൻഡിഎയ്ക്ക് അനുകൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തുടർച്ച നേടുമെന്ന് ഇന്ത്യ ടുഡെ– സിവോട്ടർ മൂഡ് ഓഫ് ദ് നേഷൻ സർവേ പറയുന്നു.

ഇന്നു തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 284 സീറ്റ് നേടും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് 68 സീറ്റിൽ വിജയിക്കും. മറ്റു കക്ഷികൾ 191 സീറ്റ് നേടും. ജനപ്രീതിയിൽ നരേന്ദ്ര മോദി തന്നെയാണു മുന്നിൽ. മോദിയുടെ പ്രകടനത്തിൽ തൃപ്തരാണെന്നു 72 ശതമാനം പേരും, എൻഡിഎയുടെ പ്രകടനത്തിൽ തൃപ്തിയുണ്ടെന്ന് 67 ശതമാനവും വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം, പണപ്പെരുപ്പം, കോവിഡ് മഹാമാരി, ചൈനയിൽ നിന്നടക്കമുള്ള ബാഹ്യ വെല്ലുവിളികൾ എന്നിവയെല്ലാം സർക്കാർ മറികടക്കുമെന്നാണു ജനുവരിയിലെ സർവേയുടെ ആകെത്തുക.

Read Also: ‘അരമണിക്കൂറോളം രാഹുലിന് അനങ്ങാനായില്ല, ജീവൻവച്ച് കളിക്കുന്നു’: ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ്...

9 വർഷം തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിലുള്ള മോദി സർക്കാരിൽ തൃപ്തിയുള്ളവരുടെ എണ്ണം കൂടിയെന്നതും ശ്രദ്ധേയം. 2022 ഓഗസ്റ്റിലെ സർവേയിൽ 56 ശതമാനം ആളുകളാണു തൃപ്തി രേഖപ്പെടുത്തിയത്. 2023 ജനുവരിയിൽ ഇത് 67 ശതമാനമായി ഉയർന്നു. കേന്ദ്ര സർക്കാരിനോട് അസംതൃപ്തിയുള്ളവർ 2022 ഓഗസ്റ്റിൽ 32 ശതമാനമായിരുന്നു. ഇപ്പോഴതു 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

കോവിഡ് കൈകാര്യം ചെയ്തത് (20%), ആർട്ടിക്കിൾ 370 റദ്ദാക്കിയത് (14%), അയോധ്യയിലെ രാമക്ഷേത്ര നിർമാണം (12%) തുടങ്ങിയവയാണ് സർക്കാരിന്റെ വലിയ നേട്ടങ്ങളായി കണക്കാക്കുന്നത്. വിലക്കയറ്റം (25%), തൊഴിലില്ലായ്മ (17%), കോവിഡ് കൈകാര്യം ചെയ്ത രീതി (8%) എന്നിവയാണു സർക്കാരിന്റെ വലിയ പോരായ്മകളായി സർവേയിൽ പറയുന്നു. ആകെ 1,40,917 പേരാണു സർവേയുടെ ഭാഗമായത്.

English Summary: Mood of the Nation: Who will win if Lok Sabha polls were held today? India Today survey finds out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com