ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘പരീക്ഷ പേ ചർച്ച’യുടെ ആറാം പതിപ്പില്‍ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർക്കിന്റെ പേരിൽ കുട്ടികളിൽ അനാവശ്യ സമ്മർദം ചെലുത്തരുതെന്ന് അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

‘‘കുട്ടികളെ സമ്മർദത്തിലാക്കരുതെന്ന് രക്ഷിതാക്കളോട് അഭ്യർഥിക്കുന്നു. വിദ്യാർഥികളും അവരുടെ കഴിവുകളെ വിലകുറച്ച് കാണരുത്. കുടുംബാംഗങ്ങൾക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ, അന്തസ്സിന്റെ പേരിൽ പ്രതീക്ഷകൾ വയ്ക്കുന്നുണ്ടെങ്കിൽ അത് ആശങ്കാജനകമാണ്’’– അദ്ദേഹം പറഞ്ഞു.

സംവാദത്തിനിടെ ‘ഫോക്കസി’ന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ‘‘ക്രിക്കറ്റിലെന്നപോലെ, കാണികളുടെ ആർപ്പുവിളികൾ അവഗണിച്ച്, ഒരു ബാറ്റർ തന്റെ നേരെ വരുന്ന പന്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബൗണ്ടറികളും സിക്സറുകളും പറത്തുന്നതുപോലെ, വിദ്യാർഥികൾ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സമ്മർദങ്ങളിൽ വീണുപോകരുത്’’– അദ്ദേഹം പറഞ്ഞു. 

ടൈം മാനേജ്മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അമ്മമാരിൽ നിന്ന് ഈ കഴിവ് പഠിക്കാൻ വിദ്യാർഥികളെ ഉപദേശിച്ചു. ‘‘നിങ്ങളുടെ അമ്മയുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ നിങ്ങൾ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ?. അമ്മയ്ക്ക് അവർ ചെയ്യുന്ന ജോലികൾ ഒരിക്കലും ഭാരമായി തോന്നില്ല. നിങ്ങൾ നിങ്ങളുടെ അമ്മയെ നിരീക്ഷിച്ചാൽ, നിങ്ങളുടെ സമയം എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്ന് മനസ്സിലാകും’’– പ്രധാനമന്ത്രി പറഞ്ഞു.

പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനെ വിമർശിച്ച പ്രധാനമന്ത്രി, കുറുക്കുവഴി ഒരിക്കലും സ്വീകരിക്കരുതെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന വിദ്യാർഥികളുടെ ചോദ്യത്തിന് ‘ഇത് സിലബസിന് പുറത്തുള്ള ചോദ്യമാണ്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ജനാധിപത്യത്തിന് വിമർശനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: PM Modi interacts with students in sixth edition of Pariksha Pe Charcha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com