കലിഫോർണിയ ∙ യുഎസിലെ കലിഫോർണിയയിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്നവരാണു മരിച്ചത്. പുറത്തുനിന്നിരുന്ന നാലു പേർക്ക് ഗുരുതര പരുക്കേറ്റു. ബ്രെവർലി ക്രെസ്റ്റ് എന്ന സ്ഥലത്താണ് വെടിവയ്പ് ഉണ്ടായതെന്നു ന്യൂസ് ഏജൻസി എപി റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം കലിഫോർണിയയിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിത്. ജനുവരി 21ന് രാത്രി മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ ഉണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. വെടിവയ്പ് നടത്തിയ ഹ്യു കാൻ ട്രാൻ (72) സ്വയം വെടിയുതിർത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്.
തോക്കുമായി ഡാൻസ് ക്ലബിൽ കയറിയ ഇയാൾ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനിൽ കടന്നുകളയുകയായിരുന്നു. ജനുവരി 24ന് സാൻഫ്രാൻസിസ്കോയിൽ ഹാഫ് മൂൺ ബേയിലെ കൂൺ ഫാമിലെ വെടിവയ്പിൽ 7 പേരാണു കൊല്ലപ്പെട്ടത്. അതേ ദിവസം യുഎസിലെ അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾക്കും ജീവൻ നഷ്ടമായി.
English Summary: 3 Killed In Upscale California Area, 4th Mass Shooting In State This Month