ADVERTISEMENT

ശ്രീനഗർ∙ സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു പുനഃരാരംഭിക്കും. അവന്തിപുരയിൽനിന്ന് പാംപോറിലേക്ക് 20 കിലോമീറ്റർ യാത്ര നടത്തും. പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും. 

ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കു വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കശ്മീർ പൊലീസിന്റെ വിന്യാസം ഉണ്ടാകും. രാഹുൽ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിക്കും. ജമ്മു കശ്മീർ പൊലീസാകും വടം നിയന്ത്രിക്കുക. ഇതിനായി കൂടുതൽ െപാലീസിനെ നിയോഗിച്ചു. വടത്തിനുള്ളിലാകും സിആർപിഎഫിന്റെ സുരക്ഷയുണ്ടാകുക. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിൽ നിന്നാരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ, സുരക്ഷാവലയം ഭേദിച്ചു ജനക്കൂട്ടം രാഹുൽ ഗാന്ധിക്കടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. രാഹുലിനു ചുറ്റും വടംകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കശ്മീർ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് േകാൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. സമ്മേളനത്തിലേക്കു വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

English Summary: Bharat Jodo Yatra Kashmir - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com