തിരുവനന്തപുരം ∙ കവി സച്ചിദാനന്ദനെ നിശിതമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഹിന്ദു കോണ്‍ക്ലേവിനെയും അതില്‍ പങ്കെടുക്കുന്നവരെയും ബഹിഷ്കരിക്കണമെന്ന് സച്ചിദാനന്ദൻ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ആര് ആരെ ബഹിഷ്കരിക്കണം എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മറുചോദ്യം.
സനാതന ധര്‍മം അന്ധവിശ്വാസമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയിലെ ഹിന്ദു സംഘടനയുടെ കോണ്‍ക്ലേവ് വേദിയിലായിരുന്നു സച്ചിദാനന്ദന്‍റെ നിലപാടുകളെ ശ്രീകുമാരന്‍ തമ്പി കടുത്തഭാഷയില്‍ വിമര്‍ശിച്ചത്.
ഇവിടെ ജനിക്കുന്ന എല്ലാവരും സ്വയം ഹിന്ദുക്കളെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമാണെന്ന് സര്‍ സയിദിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അതേസമയം, തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടില്ലെന്നു രാജ്‌ഭവൻ പിന്നീട് വിശദീകരിച്ചു.
കോൺക്ലേവിനെ എതിര്‍ക്കുന്നവര്‍ മുസ്‌ലിം തീവ്രവാദികളില്‍നിന്ന് അച്ചാരം വാങ്ങുന്നവരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. വി.മധുസൂദനന്‍ നായര്‍, കൈതപ്രം എന്നിവരും പങ്കെടുത്തു. ആര്‍ഷദര്‍ശന പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ സമര്‍പ്പിച്ചു. പ്രഭാവര്‍മയും കെ.ജയകുമാറും ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്.
English Summary: Sreekumaran Thampi severely criticized poet Satchidanandan