ADVERTISEMENT

കറാച്ചി∙ സാമ്പത്തിക–ഭക്ഷ്യ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനവിലയും കുത്തനെ ഉയരുന്നു. ഫെബ്രുവരി 1 മുതൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 80 രൂപ വരെ വർധിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ മുൻകൂട്ടി ഇന്ധനം വാങ്ങാനായി പെട്രോൾ പമ്പിൽ തമ്പടിച്ചിരിക്കുകയാണ്. ഗുജ്രൻവാലയിലെ 20% പെട്രോൾ പമ്പിൽ മാത്രമാണ് നിലവിൽ ഇന്ധനമുള്ളൂവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു. രണ്ടാഴ്ചത്തേക്ക് ഇന്ധനവിലയിൽ മാറ്റമുണ്ടാകില്ലെന്ന് പാകിസ്ഥാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അതേസമയം, പാക്കിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ചയും രാജ്യാന്തര എണ്ണവിലയിലുണ്ടാകുന്ന മാറ്റവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

2022 ൽ വിലക്കയറ്റം 25% വരെ വർധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികൾക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61% ആണ് വർധിച്ചത്. രാജ്യത്ത് ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രക്കുകൾക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 

Read Also:  കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

അതിനിടെ, ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപ കൂപ്പുകുത്തി. ഒരു യുഎസ് ഡോളർ ലഭിക്കണമെങ്കിൽ 255.43 പാക്കിസ്ഥാനി രൂപ നൽകണം. ഒരു ദിവസം കൊണ്ട് 24.54 രൂപയാണ് ഇടിഞ്ഞത്. 1999നു ശേഷം ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവുണ്ടാകുന്നത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കാൻ വിനിമയനിരക്കിൽ അയവു വരുത്തിയതോടെയാണ് പാക്ക് രൂ‌പയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.

English Summary: Long queues at petrol pumps across Pakistan amid price hike fears: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com