ADVERTISEMENT

ഝാർസുഗുഡ∙ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിനെ (61) വെടിവെച്ചുകൊന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഗോപാൽ ദാസ്, ബൈപോളാർ ഡിസോർഡറിന് ചികിത്സയിലായിരുന്നുവെന്ന് ബെർഹാംപുരിലെ എംകെസിജി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. ചന്ദ്രശേഖർ ത്രിപാഠി. മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നിട്ടും ഗോപാൽ ദാസിന് എങ്ങനെയാണ് സർവീസ് റിവോൾവർ നൽകിയതെന്നും ഗാന്ധി ചക്കിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലക്കാരനായി നിയമിച്ചതെന്നും വ്യക്തമല്ല.

‘‘എട്ടോ പത്തോ വർഷങ്ങൾക്ക് മുൻപാണ് ഗോപാൽ ദാസ് ആദ്യമായി എന്റെ ക്ലിനിക്ക് സന്ദർശിച്ചത്. അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടായിരുന്നു. ഇതിനു ചികിത്സയിലായിരുന്നു. അദ്ദേഹം സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. സ്ഥിരമായി മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടും. അദ്ദേഹം എന്നെ അവസാനമായി സന്ദർശിച്ചിട്ട് ഒരു വർഷമായി’’– ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. വിഷാദം പോലുള്ള തീവ്രമായ മാനസികാവസ്ഥയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. കൗൺസിലിങ് ഉൾപ്പെടെയുള്ള ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനാകും.

ഗോപാൽ ദാസ് 7 വർഷമായി മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് ഭാര്യ ജയന്തിയും സ്ഥിരീകരിച്ചിരുന്നു. വീട്ടിൽനിന്ന് 400 കിലോമീറ്റർ മാറി താമസിക്കുന്നതിനാൽ, സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടോ എന്ന് അറിയില്ലെന്നും അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സാധാരണ മാനസിക നിലയിലായിരുന്നുവെന്നും ഇന്നലെ രാവിലെ മകളെ വിഡിയോ കോളിൽ വിളിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഗോപാൽ ദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവധി ലഭിക്കാത്തതിനാൽ പ്രത്യേക അപേക്ഷ നൽകിയിരുന്നെന്നും മകൻ പറഞ്ഞു. 

ഗഞ്ചം ജില്ലയിലെ ജലേശ്വർഖണ്ഡി സ്വദേശിയാണ് ഗോപാൽ ദാസ്. ബെർഹാംപുരിൽ കോൺസ്റ്റബിളായിട്ടാണ് തുടക്കം. 12 വർഷം മുൻപാണ് ഝാർസുഗുഡ ജില്ലയിലേക്ക് മാറിയെത്തിയത്. ബ്രജ‌രാജ്‌നഗറിലെ ഗാന്ധി ചക്കിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതല ഏൽപ്പിച്ചതിന് ശേഷമാണ് എഎസ്‌ഐക്ക് ലൈസൻസുള്ള റിവോൾവർ നൽകിയതെന്ന് ജാർസുഗ്ദ എസ്ഡിപിഒ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്രമസമാധാന ക്രമീകരണങ്ങൾക്കായി ഗോപാൽ  ദാസിനെ ചുമതലപ്പെടുത്തിയിരുന്നു. 

ഇന്നലെ ഝാർസുഗുഡയിലെ ബ്രജ‌രാജ്‌നഗറിലെ പൊതുപരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ എഎസ്ഐ വെടിവച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്തുനിന്ന ഗോപാൽ ദാസ് ഇടതു നെഞ്ചിൽ നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണ വെടിയുതിർത്തെങ്കിലും ഒരെണ്ണം മാത്രമാണ് നെഞ്ചിൽ കൊണ്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ, ആകാശത്തേക്ക് വെടിയുതിർത്ത് ഗോപാൽ ദാസ് സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. 

English Summary: Cop Who Killed Odisha Minister Was Being Treated For Mental Illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com